നാസിക്: നാസിക് ത്രയംബകേശ്വർ സിംഹസ്ഥ കുംഭമേളയ്ക്ക് തുടക്കംകുറിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു ശനിയാഴ്ച ധ്വജാരോഹണച്ചടങ്ങ് നടത്തി. ഗോദാവരി നദിയുടെ തീരത്തുള്ള രാംകുണ്ഡിൽ പൂജാകർമങ്ങൾക്കുശേഷമാണ് രാഷ്ട്രപതി പതാക ഉയർത്തിയത്.

മഹാരാഷ്ട്രാ ഗവർണർ ജിഷ്ണുദേവ് വർമ, ഉപമുഖ്യമന്ത്രിമാരായ ഏകനാഥ് ഷിന്ദേ, സുനേത്രാ പവാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പുരോഹിത് സംഘ് പ്രസിഡന്റ് ചന്ദ്രശേഖർ പഞ്ചാക്ഷരിയും സിംഹസ്ഥകമ്മിറ്റി മുഖ്യ ട്രസ്റ്റി സതീഷ് ശുക്ലയും ചേർന്നാണ് രാംകുണ്ഡിലെ പൂജാകർമങ്ങൾ നടത്തിയത്.ത്രയംബകേശ്വറിൽനടന്ന സമാന്തരച്ചടങ്ങിൽ മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ഉച്ചയ്ക്ക് 12.02-ന് പരമ്പരാഗത പതാക ഉയർത്തി. ശനിയാഴ്ച ആരംഭിച്ച കുംഭമേള 21 മാസത്തോളം നീളും. 2028 ജൂലായ് 24-നാണ് സമാപനം. കുംഭമേളയുടെ തുടക്കത്തോടനുബന്ധിച്ച് രാംകുണ്ഡിലെ പുരാതന ഗംഗാഗോദാവരി ക്ഷേത്രം 11 വർഷത്തിനുശേഷം ശനിയാഴ്ച തുറന്നു. രാഷ്ട്രപതി ത്രയംബകേശ്വറിലെത്തി പൂജാകർമങ്ങൾ നടത്തി. രാംകുണ്ഡിലെ ഗോദ ആരതിയിൽ പങ്കെടുത്തു. രാഷ്ട്രപതിയുടെ സാന്നിധ്യത്തിൽ 6657 ആദിവാസികൾ ഗോദാ ആരതി നടത്തി. ലോക റെക്കോഡ് ലക്ഷ്യമിട്ടാണ് ഇത്രയധികം പേർ ഒരുമിച്ച് ആരതിയിൽ പങ്കെടുക്കുന്നത്.

To advertise here,