
ന്യൂഡൽഹി: ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളെത്തുടർന്ന് ഡൽഹിയിൽ വ്യാപാരികൾ ഉന്നയിച്ച ആവശ്യങ്ങളോട് പ്രതികരിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗ്യാനേഷ് കുമാറിനെ പുറത്താക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വ്യാപാരികൾ ആവശ്യപ്പെടണമെന്ന് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. സർക്കാർ ഈ ആവശ്യത്തിൽ നടപടിയെടുത്താൽ 30 സെക്കൻഡിനുള്ളിൽ ഡൽഹിയിലെ പ്രതിഷേധങ്ങൾ അവസാനിക്കുമെന്നും രാഹുൽ എക്സിൽ കുറിച്ചു.
എസ്.ഐ.ആറിനെതിരേ രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ റോഡ് ഗതാഗതം തടസ്സപ്പെടുത്തിയും മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും കേന്ദ്രസർക്കാരാണ് വ്യാപാര പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതെന്ന് രാഹുൽ കൂട്ടിച്ചേർത്തു. വ്യാപാരികളെ തങ്ങൾ കേൾക്കുന്നുണ്ടെന്ന് എക്സിൽ കുറിച്ച രാഹുൽ ഗാന്ധി, വോട്ട് കൊള്ള, വ്യാപാരികളുടെ ബിസിനസിനെയും സമ്പാദ്യത്തെയും കുട്ടികളുടെ ഭാവിയെയും അപകടത്തിലാക്കിയേക്കാമെന്ന് മുന്നറിയിപ്പ് നൽകി. നാലാം പ്രതിയായ ഗ്യാനേഷ് കുമാറിനെ പുറത്താക്കിയാൽ മുപ്പത് സെക്കൻഡിനുള്ളിൽ പ്രതിഷേധം അവസാനിപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഡൽഹിയിലെ വ്യാപാരികളേ: ഞങ്ങൾ നിങ്ങളെ സ്നേഹിക്കുകയും കേൾക്കുകയും ചെയ്യുന്നു. സർക്കാർ മെട്രോ അടച്ചുപൂട്ടി, റോഡുകൾ സീൽ ചെയ്തു, തലസ്ഥാനത്തെ ലോക്ക്ഡൗണിലാക്കി. മോഷ്ടിക്കപ്പെട്ട ഒരു വോട്ട് കൊണ്ട് നിങ്ങളുടെ വ്യാപാരങ്ങളെയോ, സമ്പാദ്യങ്ങളെയോ, മക്കളുടെ ഭാവിയോ ഒന്നും തന്നെ സുരക്ഷിതമാക്കില്ല. നാലാം നമ്പർ പ്രതി ആയ ഗ്യാനേഷ് കുമാറിനെ പുറത്താക്കാൻ മോദിയോട് പറയൂ. 30 സെക്കൻഡിനുള്ളിൽ പ്രതിഷേധം അവസാനിപ്പിക്കാം"- രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
പ്രതിഷേധ പ്രകടനങ്ങൾ കാരണം ആഘോഷകാലത്ത് ഏർപ്പെടുത്തിയ ഗതാഗത ഉപരോധം വ്യാപാരത്തിനും ഷോപ്പിങ്ങിനും തടസ്സം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ചേമ്പർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രീസ് ഇന്ത്യാ മുന്നണിയെ സമീപിച്ചിരുന്നു. അതിനാൽ നവംബർ ഒന്നിന് രാം ലീല മൈതാനത്ത് നടക്കാനിരിക്കുന്ന പ്രതിഷേധ പ്രകടനം മാറ്റി വെക്കണമെന്നും നവംബർ 10 വരെ പ്രതിഷേധ പ്രകടനങ്ങൾ ഒന്നും നടത്തരുത് എന്നുമായിരുന്നു വ്യാപാരികളുടെ ആവശ്യം. കൊണാട്ട് പ്ലേസിലും മധ്യ ഡൽഹിയുടെ മറ്റ് ഭാഗങ്ങളിലും മുൻപ് നടന്ന റാലികളും മാർച്ചുകളും റോഡ് അടച്ചിടലുകളും മൂലം തങ്ങൾക്ക് നഷ്ടമുണ്ടായ കാര്യവും അവർ ചൂണ്ടിക്കാട്ടിയിരുന്നു.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി നടന്ന അപാകതകൾ ചൂണ്ടിക്കാട്ടിയും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുമാണ് കോൺഗ്രസ് തലസ്ഥാനത്ത് റാലി സംഘടിപ്പിക്കുന്നത്. എസ് ഐ ആറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പരാജയപ്പെട്ടു എന്നും തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനവും അധികാര സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വേണമെന്നും കോൺഗ്രസ് പറഞ്ഞു.
വോട്ടുകവർച്ചയെക്കുറിച്ച് എണ്ണമറ്റ
വെളിപ്പെടുത്തലുകളുണ്ടായിട്ടും ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ മോദി സർക്കാർ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർകെ രംഗത്തെത്തിയിരുന്നു. എസ്.ഐ.ആർ പ്രക്രിയയിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിനെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ വിസമ്മതിച്ചുവെന്നും, വിവരാവകാശ പ്രകാരമുള്ള വിവരങ്ങൾ ലഭ്യമാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Rahul Gandhi stated Delhi protests can end in 30 seconds if the government addresses traders' demands., Traders are facing huge losses due to road blockades and metro station closures amid SIR protests., Congress leaders accuse the Election Commission of irregularities in the voter list revision process.
Published: 26 Oct 2026, 09:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented