ന്യൂഡൽഹി: ഐഎസ്ആർഒയിലെ വിദഗ്ധരായ ശാസ്ത്രജ്ഞർ കൂട്ടത്തോടെ രാജിവെക്കുന്നത് കേവലം ശമ്പളത്തിന്റെ കുറവ് കൊണ്ടല്ലെന്നും സ്ഥാപനത്തിൽ വർദ്ധിച്ചുവരുന്ന ഉദ്യോഗസ്ഥാധിപത്യം മൂലമാണെന്നും മുൻ ചെയർമാൻ ജി. മാധവൻ നായർ. ഗഗൻയാൻ പോലുള്ള നിർണ്ണായക പദ്ധതികളിൽ നിന്നടക്കം ശാസ്ത്രജ്ഞർ വിട്ടുപോകുന്നത് ഐഎസ്ആർഒ നേരിടുന്ന ആഴത്തിലുള്ള പ്രതിസന്ധിയുടെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടൈംസ് ഓഫ് ഇന്ത്യയുമായി സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മാധവൻ നായരുടെ പ്രസ്താവന വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

To advertise here,

ഗഗൻയാൻ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ ദൗത്യങ്ങളിൽ പ്രവർത്തിക്കുന്ന വിദഗ്ധരായ ശാസ്ത്രജ്ഞർ ഐഎസ്ആർഒ വിട്ടുപോകുന്നത് ഗൗരവകരമായ സാഹചര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെ വെറുമൊരു എച്ച്ആർ പ്രശ്‌നമായി കാണാനാവില്ലെന്നും ഇത് ഭരണപരമായ ഒരു മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് പതിറ്റാണ്ടിലെ സ്വയംഭരണാധികാരത്തിലൂടെയാണ് ഐഎസ്ആർഒ ലോകോത്തര റോക്കറ്റ്, സാറ്റലൈറ്റ് സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുത്തത്. എന്നാൽ, ഡൽഹിയിൽനിന്നുള്ള ഉദ്യോഗസ്ഥ ഇടപെടലുകൾ ഇപ്പോൾ ഈ സ്വതന്ത്ര്യത്തെ ദുർബലപ്പെടുത്തുകയാണ്. ഇൻ-സ്‌പേസ്, ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ പുതിയ സംഘടനകളുടെ രൂപീകരണം ഐഎസ്ആർഒയുടെ കമാൻഡ് സംവിധാനത്തെ വിഘടിപ്പിച്ചു.

പരിശീലനം സിദ്ധിച്ച മനുഷ്യവിഭവശേഷി മറ്റ് ഏജൻസികൾ കൊണ്ടുപോകുന്നതും ഐഎസ്ആർഒയ്ക്ക് തിരിച്ചടിയാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുൻപ് ഐഎസ്ആർഒ ചെയർമാനും സെക്രട്ടറിക്കുമായിരുന്നു എല്ലാ ബഹിരാകാശ പ്രവർത്തനങ്ങളിലും പൂർണ്ണ ഉത്തരവാദിത്തമെന്നും അത് പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാങ്കേതികമോ സാമ്പത്തികമോ ഭരണപരമോ ആയ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് ബഹിരാകാശ കമ്മീഷനായിരിക്കണം. ഡൽഹിയിലെ ഉദ്യോഗസ്ഥരല്ല ഇത്തരം കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

വിക്രം സാരാഭായിയുടെ സ്വപ്നത്തിൽനിന്ന്, ഒന്നുമില്ലായ്മയിൽ നിന്നാണ് ഐഎസ്ആർഒ വളർന്നത്. ലോകത്ത് മറ്റൊരു രാജ്യവും സിവിലിയൻ മേഖലയിൽ ഇത്തരമൊരു നേട്ടം കൈവരിച്ചിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഐഎസ്ആർഒയുടെ അധികാരം തിരികെ നൽകുകയും ശാസ്ത്രജ്ഞർക്ക് അർഹമായ അംഗീകാരം നൽകുകയും ചെയ്താൽ മാത്രമേ ഇന്ത്യയുടെ അടുത്ത ബഹിരാകാശ കുതിപ്പ് സാധ്യമാകൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.