ന്യൂഡൽഹി: പൗരത്വം തെളിയിക്കുന്ന രേഖയല്ല പാസ്പോർട്ട് എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വൻതോതിൽ വിമർശനങ്ങളാണ് ഉയരുന്നത്. യാത്രാരേഖ മാത്രമാണ് പാസ്പോർട്ട് എന്നായിരുന്നു കേന്ദ്ര വിദേശകാര്യമന്ത്രാലയം പാസ്പോർട്ട് സേവാ ദിനത്തിൽ അറിയിച്ചത്. എന്നാൽ, വിമർശനങ്ങളുയർന്നതോടെ വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തുകയായിരുന്നു.

To advertise here,

'പാസ്പോർട്ട് പൗരത്വ രേഖയല്ല എന്നത് കാലങ്ങളായി നിലനിൽക്കുന്ന ഒന്നാണ്. ഈ നിലപാടിൽനിന്ന് സർക്കാർ മാറിയിട്ടില്ല', കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പാസ്പോർട്ട് സംബന്ധിച്ച വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട് പുതിയതല്ലെന്നും അവർ കൂട്ടിച്ചേർത്തു.

പാസ്പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ല എന്നത് കഴിഞ്ഞ ദിവസം തീരുമാനിച്ചതല്ലെന്നും പന്ത്രണ്ട് വർഷമായി ഇത് ഇങ്ങനെത്തന്നെ തുടരുന്ന ഒന്നാണെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. പാസ്പോർട്ട് നിയമത്തിൽ പറയുന്ന കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ വൃത്തങ്ങൾ വദേശകാര്യമന്ത്രാലയത്തിനെതിരേ ഉയരുന്ന വിമർശനങ്ങളെ ചെറുക്കുന്നത്. ചില പ്രത്യേക സാഹചര്യങ്ങളിൽ ഇന്ത്യൻ പൗരർ അല്ലാത്തവർക്കും പാസ്പോർട്ട് നൽകാം എന്ന് പാസ്പോർട്ട് ആക്ട് 1967-ൽ പറയുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

പാസ്പോർട്ട് പൗരത്വത്തിനുള്ള രേഖയല്ല എന്ന് 2013-ലെ ബോംബൈ ഹൈക്കോടതിയുടെ വിധിയിൽ പ്രത്യേകം പറയുന്നുണ്ട്. കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് പാസ്പോർട്ട് നൽകുന്നതെങ്കിലും നിയമപ്രകാരം അത് പൗരത്വത്തിനുള്ള രേഖയല്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യൻ പൗരന്മാർക്ക് നൽകുന്ന പാസ്പോർട്ട്, പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് പൊതുജനങ്ങളെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇന്ത്യൻ നിയമപ്രകാരം പാസ്‌പോർട്ട് എന്നത് പ്രധാനമായും ഒരു രാജ്യാന്തര യാത്രാരേഖ മാത്രമാണ്. അന്താരാഷ്ട്ര യാത്രകൾക്കായി സർക്കാർ നൽകുന്ന പ്രാഥമിക യാത്രാരേഖ. അത് പൗരത്വത്തെ സൂചിപ്പിക്കുന്നുണ്ടെങ്കിലും നിയമപരമായി പൗരത്വം തെളിയിക്കുന്ന സമ്പൂർണ രേഖയല്ലെന്നായിരുന്നു വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്.

വിദേശകാര്യമന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വൻതോതിൽ വിമർശനങ്ങളാണ് ഉയർന്നത്. വിദേശകാര്യമന്ത്രാലയ തീരുമാനത്തെ 'അസംബന്ധ'മെന്നായിരുന്നു ജാവേദ് അക്തർ എക്സിൽ കുറിച്ചത്. 'പാസ്പോർട്ട് പൗരത്വ രേഖയല്ലെങ്കിൽ പിന്നെ എന്താണ് ‌പൗരത്വത്തിനുള്ള രേഖ' എന്ന് കപിൽ സിബൽ എക്സിൽ കുറിച്ചു. 'വോട്ടർ ഐടിയുണ്ട്, ആധാർ ഉണ്ട്, പാൻ കാർഡ് ഉണ്ട്, പാസ്പോർട്ട് ഉണ്ട്- പക്ഷെ ഇതൊന്നും പൗരത്വത്തിനുള്ള തെളിവല്ല. പിന്നെ എനിക്ക് ആരാണ് പൗരത്വം തരിക' എന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ രജ്ദീപ് സർദേശായി എക്സിൽ കുറിച്ചു.