പ്രവാസികളുടെ ജീവിതത്തെ ഏറ്റവുമധികം വേദനിപ്പിക്കുന്ന ചില വിഷയങ്ങൾ ഒരിക്കലും ഗൗരവമായ ഔദ്യോഗിക ചർച്ചകളിലേക്ക് എത്താറില്ല. അതിലൊന്നാണ് ഉയർന്ന പാസ്‌പോർട്ട് ഫീസ്.
വിദേശത്തുനിന്ന് പാസ്‌പോർട്ട് പുതുക്കുമ്പോൾ നാട്ടിലേതിനേക്കാൾ പലമടങ്ങ് കൂടുതൽ അടിസ്ഥാന ഫീസ് നൽകേണ്ടിവരുന്നത് എന്തുകൊണ്ടെന്ന ചോദ്യം വർഷങ്ങൾക്കുമുമ്പേ ഉയരേണ്ടതായിരുന്നു. കേരളത്തിലെ രാഷ്ട്രീയ നേതാക്കളും ഗൾഫിലെ സംഘടനകളും പ്രവാസികളെക്കുറിച്ച് ധാരാളം സംസാരിക്കാറുണ്ടെങ്കിലും, ഈ വിഷയത്തിൽ വേണ്ടത്ര ഗൗരവമായ ഇടപെടൽ ഉണ്ടായിട്ടില്ല. വിദേശകാര്യ മന്ത്രാലയത്തിൽ ലഭ്യമായ രേഖകൾ പരിശോധിക്കുമ്പോൾ, ഈ വിഷയത്തിൽ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഗൗരവമായ നയചർച്ച നടന്നതായി കാണുന്നില്ല.
ഗൾഫിലെ തൊഴിലാളികൾക്കും താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്കും പാസ്‌പോർട്ട് ഒരു സാധാരണ രേഖയല്ല. തൊഴിലും താമസാവകാശവും യാത്രയും കുടുംബബന്ധങ്ങളും എല്ലാം അതിനോട് ബന്ധപ്പെട്ടിരിക്കുന്നു. മാസം ചെറിയ ശമ്പളം കിട്ടുന്ന ഒരാൾക്ക് പാസ്പോർട്ട് പുതുക്കൽ വലിയ സാമ്പത്തിക ഭാരമാണ്. അതുകൊണ്ടുതന്നെ ഇതൊരു ഫീസ് പ്രശ്‌നം മാത്രമല്ല; ജീവിതത്തിനും ഉപജീവനത്തിനും ആവശ്യമായ ഒരു അടിസ്ഥാന രേഖ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ്.
നമ്മുടെ പാസ്പോർട്ട് ഫീസ് അടുത്തിടെ വീണ്ടും വർധിച്ചു. 36 പേജ് സാധാരണ പാസ്പോർട്ടിന് ഇന്ത്യയിൽ ഉണ്ടായിരുന്ന 1,500 എന്ന ഫീസ് 2,500 ആയി. തത്കാൽ ഫീസ് 3,500ൽ നിന്ന് 5,000 ആയി. ഗൾഫിൽ, പ്രത്യേകിച്ച് യുഎഇയിൽ, സാധാരണ പാസ്പോർട്ടിനുള്ള അടിസ്ഥാന ഫീസ് 285 ദിർഹത്തിൽ നിന്ന് (ഏകദേശം 7,400) 450 ദിർഹമായി (ഏകദേശം 11,700) ഉയർന്നു. നഷ്ടപ്പെട്ടതോ കേടായതോ ആയ പാസ്പോർട്ടുകൾക്ക് ഇതിലും ഉയർന്ന നിരക്കുകളുണ്ട്. ഇതോടെ നാട്ടിലെയും വിദേശത്തെയും അടിസ്ഥാന ഫീസുകൾ തമ്മിലുള്ള അന്തരം കൂടുതൽ വർധിച്ചു.
ഇത് വെറും അക്കങ്ങളല്ല; ജീവിതത്തിലെ യാഥാർഥ്യമാണ്. നാട്ടിൽ പ്രതിദിനം ഏകദേശം 1,400 സമ്പാദിക്കുന്ന ഒരു തൊഴിലാളിക്ക് 2,500 ഫീസ് അടച്ച് പാസ്പോർട്ട് പുതുക്കാൻ രണ്ട് ദിവസത്തെ വേതനത്തിൽ താഴെ മതിയാകും. യാത്രാച്ചെലവും പാസ്പോർട്ട് പുതുക്കുന്നതിനായി നഷ്ടമാകുന്ന ഒരു ദിവസത്തെ വേതനവും കൂടി കണക്കാക്കിയാൽ, ആകെ ചെലവ് ഏകദേശം മൂന്നര ദിവസത്തെ വേതനത്തിന്, അതായത് 4,900-ഓളം വരും.
എന്നാൽ ഗൾഫിൽ പ്രതിമാസം 1,700 ദിർഹം (ഏകദേശം 44,200) മാത്രം ശമ്പളം ലഭിക്കുന്ന ഒരു തൊഴിലാളിക്ക്, ഔദ്യോഗിക അടിസ്ഥാന ഫീസ് മാത്രം ഏകദേശം എട്ട് ദിവസത്തെ വേതനത്തിന് തുല്യമാണ്. യാത്രാച്ചെലവും സേവനനിരക്കും പാസ്പോർട്ട് പുതുക്കുന്നതിനായി നഷ്ടമാകുന്ന ഒരു ദിവസത്തെ വേതനവും കൂടി ചേർത്താൽ മൊത്തം ചെലവ് ഏകദേശം 620 ദിർഹം (ഏകദേശം 16,100) വരെയെത്തും. അത് ഏകദേശം 11 ദിവസത്തെ വേതനത്തിന് തുല്യമാണ്.
ഈ വർധനയെ ഭരണച്ചെലവും സുരക്ഷയും സേവനനിലവാരവും ചൂണ്ടിക്കാട്ടി ന്യായീകരിക്കാം. വിദേശത്ത് കോൺസുലർ സേവനങ്ങൾക്കുള്ള അധിക ചെലവ് ഈടാക്കുന്നതിൽ അസ്വാഭാവികതയില്ല; പല രാജ്യങ്ങളും അങ്ങനെ ചെയ്യുന്നു. എന്നാൽ നമ്മുടെ കാര്യത്തിൽ പ്രശ്‌നം അതല്ല. നാട്ടിൽ 2,500 ആയ അടിസ്ഥാന പാസ്പോർട്ട് ഫീസ് വിദേശത്ത് ഏകദേശം 11,700 ആയി ഉയരുന്നു. അതിന് പുറമെ സേവന-കോൺസുലർ ചാർജുകളും വേറെ നൽകണം. നയപരമായി പുനഃപരിശോധിക്കേണ്ടത് ഈ അടിസ്ഥാന ഫീസ് വ്യത്യാസമാണ്.
ബംഗ്ലാദേശിന്റെ മാതൃക
ഇന്ത്യയെക്കാൾ ചെറിയ സമ്പദ്വ്യവസ്ഥയുള്ള ബംഗ്ലാദേശ് ശ്രദ്ധേയമായ ഒരു ഉദാഹരണമാണ്. അവിടെ സാധാരണ അപേക്ഷകരും തൊഴിലാളികളും വിദ്യാർഥികളും തമ്മിൽ ഫീസ് വ്യത്യാസമുണ്ട്. വിദേശ മിഷനുകളിൽ 48 പേജ്, അഞ്ച് വർഷത്തെ ഇ-പാസ്പോർട്ടിന് സാധാരണ അപേക്ഷകർ ഏകദേശം 9,500 അടയ്ക്കുമ്പോൾ, തൊഴിലാളികൾക്കും വിദ്യാർഥികൾക്കും അത് ഏകദേശം 2,850 മാത്രമാണ്. 10 വർഷത്തെ 48 പേജ് പാസ്പോർട്ടിന് സാധാരണ നിരക്ക് ഏകദേശം 11,875 ആണെങ്കിൽ, തൊഴിലാളികൾക്കും വിദ്യാർഥികൾക്കും ഏകദേശം 4,750 മതിയാകും.
ഗൾഫ് രാജ്യങ്ങളിലെ ബംഗ്ലാദേശ് മിഷനുകളിലും ഈ ഇളവ് ലഭ്യമാണ്. പ്രവാസി തൊഴിലാളികളുടെയും വിദ്യാർഥികളുടെയും സാമ്പത്തിക യാഥാർഥ്യം അംഗീകരിക്കുന്ന സമീപനമാണ് അവർ സ്വീകരിച്ചിരിക്കുന്നത്.
ഇത് ഇന്ത്യയ്ക്ക് പഠിക്കാവുന്ന ഒരു മാതൃകയാണ്. ഇന്ത്യയെക്കാൾ പല കാര്യങ്ങളിലും എത്രയോ പിന്നിലായ ചെറിയ ഒരു രാജ്യം പോലും താഴ്ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാളികളെ പരിഗണിച്ച് ഫീസ് ഘടന രൂപപ്പെടുത്തുമ്പോൾ, നമ്മുടെ നയരൂപവത്കരണവും അതേക്കുറിച്ച് ചിന്തിക്കേണ്ട സമയമായിട്ടില്ലേ
കേരളത്തിലെ രാഷ്ട്രീയ നേതൃത്വം ഈ വിഷയത്തിൽ വേണ്ടത്ര സജീവമായില്ലെന്നത് പറയേണ്ടതുണ്ട്. പ്രവാസികളെക്കുറിച്ചുള്ള വാചാലത ധാരാളമുണ്ടെങ്കിലും, അവരുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങളിലൊന്നായ ഈ വിഷയം കേന്ദ്ര സർക്കാരിന്റെ മുന്നിൽ പഠിച്ചു അവതരിപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവാസികളുടെ സംഭാവനയും അവരുടെ പ്രശ്‌നങ്ങളും മനസ്സിലാക്കാൻ ശ്രമിച്ച നേതാവാണ്. 2015 മുതൽ അദ്ദേഹം ഗൾഫ് രാജ്യങ്ങൾ പലതവണ സന്ദർശിക്കുകയും അബുദാബിയിലും റിയാദിലും തൊഴിലാളികളുടെ താമസക്യാമ്പുകൾ അടക്കം സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. പ്രവാസി സമൂഹത്തിന്റെ പ്രാധാന്യം അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നതിന്റെ സൂചനയാണത്. എന്നാൽ അതുകൊണ്ട് മാത്രം കാര്യം പൂർത്തിയാകുന്നില്ല. കേരളത്തിലെ രാഷ്ട്രീയ നേതൃത്വവും ഈ വിഷയം പഠനത്തിന്റെ അടിസ്ഥാനത്തിൽ, സ്ഥിരമായി, ഔദ്യോഗികമായി കേന്ദ്ര സർക്കാരിന്റെ മുന്നിൽ അവതരിപ്പിക്കേണ്ടതായിരുന്നു.
മറ്റ് രാജ്യങ്ങൾ എന്താണ് ചെയ്യുന്നത്?
പല രാജ്യങ്ങളും വിദേശത്തുള്ള തങ്ങളുടെ പൗരന്മാർക്കായി വ്യത്യസ്തമായ ഒരു സമീപനമാണ് സ്വീകരിക്കുന്നത്. അമേരിക്ക, യുകെ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർ വിദേശത്ത് നിന്ന് പാസ്പോർട്ട് പുതുക്കുമ്പോൾ അടിസ്ഥാന സർക്കാർ ഫീസ് പൊതുവെ ഒന്ന് തന്നെയായിരിക്കും. അതിന് പുറമെ കോൺസുലർ അല്ലെങ്കിൽ സേവനച്ചെലവുകൾ മാത്രം ഈടാക്കും. അതായത്, വിദേശത്ത് താമസിക്കുന്നതുകൊണ്ട് മാത്രം അടിസ്ഥാന പാസ്പോർട്ട് ഫീസ് പലമടങ്ങ് ഉയരുന്ന സാഹചര്യം അവിടങ്ങളിൽ സാധാരണമല്ല.എന്നാൽ നമ്മുടെ കാര്യത്തിൽ അടിസ്ഥാന ഫീസ് തന്നെ ഗണ്യമായി ഉയരുന്നു. അതിന് പുറമെ സേവനത്തിനുള്ള അധിക ചെലവും വേറെയുണ്ട്.
പ്രശ്നം ഉയർന്ന ഫീസ് ഈടാക്കുന്നതിലല്ല; ആരിൽ നിന്ന് എത്ര ഈടാക്കുന്നു എന്നതിലാണ്
വരുമാന വ്യത്യാസം, സാമ്പത്തിക ശേഷി, സേവനം ലഭിക്കുന്ന രാജ്യം എന്നിവയെല്ലാം പരിഗണിച്ചുള്ള ഫീസ് നയമാണ് വേണ്ടത്. പ്രതിമാസം 10,000 മുതൽ 50,000 ദിർഹം വരെ (ഏകദേശം ₹2.6 ലക്ഷം മുതൽ ₹13 ലക്ഷം വരെ) മാസ വരുമാനമുള്ള പ്രൊഫഷണലിനും, 800 മുതൽ 3,000 ദിർഹം വരെ (ഏകദേശം ₹20,800 മുതൽ ₹78,000 വരെ) അല്ലെങ്കിൽ 3,001 മുതൽ 9,999 ദിർഹം വരെ മാസ വരുമാനമുള്ള തൊഴിലാളിക്കും ഒരേ അടിസ്ഥാന ഫീസ് ഈടാക്കുന്നത് നീതിയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
പാസ്പോർട്ട് ഒരു ആഡംബര രേഖയല്ല; ഓരോ ഇന്ത്യൻ പൗരന്റെയും അടിസ്ഥാന അവകാശവുമായി ബന്ധപ്പെട്ട രേഖയാണ്. പ്രവാസികൾ ഓരോ വർഷവും രാജ്യത്തേക്ക് വൻതോതിൽ വിദേശനാണ്യം അയയ്ക്കുന്നു. ആ റെമിറ്റൻസിന് പിന്നിൽ ശമ്പളവർധനയില്ലാതെ, അധിക ചെലവുകൾ സഹിച്ച്, കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകുന്ന ലക്ഷക്കണക്കിന് സാധാരണ മനുഷ്യരുടെ ജീവിതമുണ്ട്. അവരുടെ പ്രശ്നങ്ങൾ കേൾക്കാതെ പോകരുത്.
ഏറ്റവും കുറഞ്ഞത്, പ്രവാസികളുടെ പാസ്പോർട്ട് ഫീസ് ഘടനയെക്കുറിച്ചെങ്കിലും ഒരു ഗൗരവമായ ദേശീയ നയചർച്ച ആരംഭിക്കണം. ഇനി വൈകിക്കൂടാ.
(ലേഖകൻ മൂന്ന് പതിറ്റാണ്ടിലേറെയായി ഗൾഫിൽ മാധ്യമ പ്രവർത്തകനാണ്)
Content Highlights: Disproportionate passport renewal fees for NRIs compared to domestic residents., Financial burden on low-income workers in the Gulf region., Comparison with the Bangladesh model of tiered passport pricing., Need for a policy shift to protect the rights of migrant workers., Call for urgent national-level discussion on consular fee structures.
Published: 08 Aug 2026, 11:06 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented