ശ്രീനഗർ: മോസ്റ്റ് വാണ്ടഡ് ക്രിമിനൽ, കശ്മീരിൽ ഭീതി പരത്തിയ ലഷ്കറെ ത്വയ്ബ കമാൻഡർ ലതീഫ് ഭട്ടിനെ ബുധനാഴ്ച പുലർച്ചെയാണ് സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചത്. ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ ഒരു പള്ളിയിൽ ഒളിച്ചിരുന്ന ഇയാളെ ആരാധനാലയത്തിന് കേടുപാടുകൾ വരുത്താതെ വധിക്കുകയെന്ന ദൗത്യമാണ് സുരക്ഷാ സേന ഏറ്റെടുത്തത്.

To advertise here,

കുൽഗാം എസ്.എസ്.പി അനായാത് അലിയും രാഷ്ട്രീയ റൈഫിൾസ് (9 ആർആർ) കമാൻഡിങ് ഓഫീസറും ലതീഫ് ഭട്ടുമായി ദീർഘനേരം വീഡിയോ കോളിലൂടെ സംസാരിക്കുകയും കീഴടങ്ങാൻ തുടർച്ചയായി അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. "ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട്" എന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയെങ്കിലും, "അല്ലാഹുവല്ലാതെ മറ്റാരും എന്റെ കൂടെയില്ല" എന്ന് പറഞ്ഞ് കീഴടങ്ങാനുള്ള അവസാന അവസരവും ലതീഫ് ഭട്ട് നിരസിക്കുകയായിരുന്നു.

കീഴടങ്ങാനുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, പള്ളിക്കുള്ളിലേക്ക് കണ്ണീർവാതക ഷെല്ലുകൾ തൊടുത്തുവിട്ടാണ് സുരക്ഷാ സേന ഭീകരനെ പുറത്തെത്തിച്ചത്. കണ്ണീർവാതകം കാരണം പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഭട്ടിനെ സൈന്യം വെടിവെച്ചു. "സമയവും വെളിച്ചവും ഞങ്ങളുടെ ഭാഗത്തുണ്ടായിരുന്നു" എന്ന് ഏറ്റുമുട്ടലിന് ശേഷം കുൽഗാം എസ്.എസ്.പി അനായാത് അലി പ്രതികരിച്ചു. ഭട്ടിന്റെ വധത്തിന് പിന്നാലെ സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ സുരക്ഷാ സേനയെ അഭിനന്ദിച്ചു. "ചില വിഭവങ്ങൾ തണുത്ത കാലാവസ്ഥയിലും തണുപ്പിച്ചു തന്നെ വിളമ്പുന്നതാണ് ഉചിതം" എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിൽ ലതീഫ് ഭട്ടിന്റെ കൂട്ടാളിയായ ഉമർ നിസാർ ദാർ കൊല്ലപ്പെട്ടത് മുതൽ സുരക്ഷാ ഏജൻസികൾ ഭട്ടിനെ നിരീക്ഷിച്ചു വരികയായിരുന്നു. അന്ന് രക്ഷപ്പെട്ട ഭട്ടിന്റെ പുതിയ സ്ഥാനം കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്തുകയും തുടർന്ന് ജമ്മു കശ്മീർ പോലീസും മറ്റ് സുരക്ഷാ സേനകളും ചേർന്ന് പ്രദേശം വളയുകയുമായിരുന്നു. നവംബർ 11-ന് കുൽഗാമിലെ അഖ്‌റാനിലുള്ള സി.ആർ.പി.എഫ് പോസ്റ്റിന് നേരെ നടന്ന ആക്രമണത്തിൽ മൂന്ന് സേനാംഗങ്ങൾക്ക് പരിക്കേറ്റിരുന്നു. ഇതിൽ ഭട്ടിനും ദാറിനും പങ്കുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഭട്ടിന് കഴിഞ്ഞ ആറുമാസമായി താമസസൗകര്യവും അനുബന്ധ സഹായങ്ങളും നൽകിയിരുന്നത് മുൻപ് ബേക്കറി തൊഴിലാളിയായിരുന്ന ഉമർ നിസാർ ദാറായിരുന്നു

2025ലാണ് ലതീഫ് ഭട്ട് ലഷ്കറെ ത്വയ്ബയിൽ ചേർന്നതെന്ന് കുൽഗാം എസ്.എസ്.പി അനായാത് അലി വ്യക്തമാക്കി. തീവ്രമായ വർഗീയ ചിന്താഗതി വെച്ചുപുലർത്തിയിരുന്ന ഭട്ടിന് കശ്മീരിലെ സമാധാനവും ടൂറിസവും സാമ്പത്തിക പ്രവർത്തനങ്ങളും തകർക്കാൻ അതിർത്തിക്കപ്പുറത്തു നിന്ന് നിർദ്ദേശങ്ങൾ ലഭിച്ചിരുന്നു. നവംബർ 11-ലെ ആക്രമണത്തിന് മുമ്പ് മിർ ബസാർ, അഖ്‌റാൻ, ഹബ്ലിഷ്, കിലാം എന്നിവിടങ്ങളിൽ ഭട്ടും ദാറും നിരീക്ഷണം നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടിരുന്നു.

കുൽഗാമിലെ ആക്രമണത്തിന് പുറമെ താഴ്‌വരയിൽ നടന്ന മറ്റു പല ഭീകരാക്രമണങ്ങളിലും ഭട്ടിന് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ജൂലായ് 22-ന് അനന്ത്നാഗിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ട ഭീകരാക്രമണത്തിൽ ഭട്ടിന് നേരിട്ട് പങ്കുണ്ടായിരുന്നു. കൂടാതെ ഓഗസ്റ്റ് ഒന്നിന് കുൽഗാമിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിലും ലതീഫ് ഭട്ടാണെന്ന് തെളിഞ്ഞിട്ടുണ്ട്.