
ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി ആരംഭിച്ച ഓപ്പറേഷന്‍ സിന്ധുവിലൂടെ ഒട്ടേറെപ്പേരാണ് നാടണഞ്ഞത്. ശനിയാഴ്ച അര്‍ധരാത്രി വരെ തിരിച്ചെത്തിച്ചത് 1117 ഇന്ത്യക്കാരെയാണ്. നടുക്കുന്ന ഓര്‍മകളും കണ്ണ് നിറച്ച കാഴ്ച്ചകളുമായാണ് പലരും സ്വന്തം നാട്ടില്‍ വിമാനമിറങ്ങിയത്. പലരുടേയും കണ്ണുകളില്‍ അമ്പരപ്പുണ്ടായിരുന്നു. പലരും ആശങ്കയും ഭയവും കാരണം തളര്‍ന്നിരുന്നു.
'ഞങ്ങള്‍ മൃതദേഹങ്ങള്‍ കണ്ടു. സ്‌ഫോടനങ്ങള്‍ കേട്ടു. വ്യോമാക്രമണങ്ങള്‍ കണ്ടു'-കണ്ണുകളില്‍ നോക്കാതെ മിസ്ബാന്‍ സംസാരിച്ചു. 'സംഘര്‍ഷം രൂക്ഷമായതോടെ ഞങ്ങള്‍ നിരന്തരം യാത്രയിലായിരുന്നു. ടെഹ്‌റാനില്‍ നിന്ന് ഖോമിലേക്കും അവിടെ നിന്ന് മിഷാദിലേക്കും ഞങ്ങള്‍ യാത്ര ചെയ്തു. വീട്ടിലെത്തിയതില്‍ എല്ലാവരോടും നന്ദി പറയുന്നു. ഇനി യൂണിവേഴ്‌സിറ്റിയിലേക്കുള്ള തിരിച്ചുപോക്കില്‍ വളരെ ആലോചിച്ചശേഷമേ തീരുമാനമെടുക്കൂ'-മിസ്ബാന്‍ വ്യക്തമാക്കി.
ടെഹ്‌റാനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായ മകന്റെ മങ്ങിയ ചിത്രം കൈയ്യില്‍ പിടിച്ച് ശ്രീനഗറില്‍ നിന്നുള്ള സുബൈദ മിസ്ബാന് സമീപം നില്‍ക്കുന്നുണ്ടായിരുന്നു. 'ഈ പ്രതിസന്ധി ഘട്ടത്തില്‍ ഞാന്‍ അവനോട് ഒന്നോ രണ്ടോ തവണ മാത്രമേ സംസാരിച്ചുള്ളൂ. ഞാന്‍ പേടിക്കുമെന്ന് കരുതി അവന്‍ അവിടുത്തെ അവസ്ഥയെ കുറിച്ച് എന്നോട് പറഞ്ഞിട്ടില്ല. അവന്‍ ഡോക്ടറാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ അത് യുദ്ധത്തിലൂടെ കടന്നുപോയതിന്റെ വില നല്‍കിയാകരുത്'-വിമാനത്താവളത്തിലെ അറൈവല്‍ ഗേറ്റ് വഴി കടന്നുവരുന്ന ഓരോ മുഖവും സ്‌കാന്‍ ചെയ്തുകൊണ്ട് സുബൈദ പറയുന്നു.
അനിയത്തിയെ സ്വീകരിക്കാനാണ് ജുനൈദ് വിമാനത്താവളത്തിലെത്തിയത്. 'അവര്‍ രണ്ട് പേരും എന്നെ വിളിച്ചിരുന്നു. പല നമ്പറുകളില്‍ നിന്നുമായാണ് സഹോദരി വിളിച്ചത്. ഇന്റര്‍നെറ്റ് ഇല്ലാത്തതിനാല്‍ അവളുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. ഞങ്ങള്‍ ആകെ പേടിച്ചു. യൂണിവേഴ്‌സിറ്റി കെട്ടിടങ്ങള്‍ ഇസ്രയേല്‍ ബോംബിട്ട സ്ഥലങ്ങള്‍ക്ക് സമീപമാണ്. അനിയനും അവിടെ ഉണ്ടായിരുന്നു. അവന്‍ കഴിഞ്ഞ ദിവസം വീട്ടിലെത്തി. അനിയത്തി എത്തിയിട്ടില്ല. അവള്‍ കോളേജില്‍ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ്.'-ജുനൈദ് പറയുന്നു.
'രാത്രിയില്‍ ഉറങ്ങാനാകുമായിരുന്നില്ല. സൈറണുകളും സ്‌ഫോടനങ്ങളുംകൊണ്ട് ബഹളമായിരുന്നു. ഞങ്ങളാകെ ഭയന്നു. പക്ഷേ ഇപ്പോള്‍ വീട്ടിലാണ്. ദൈവം അനുഗ്രഹിച്ചാല്‍ യുദ്ധം അവസാനിച്ചശേഷം പഠനം പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ ഇറാനിലേക്ക് തിരികെപ്പോകും.-കശ്മീരി വിദ്യാര്‍ഥിനിയായ സുമറ റഹ്‌മാന്‍ പറഞ്ഞു.
'ഒരൊറ്റ രാത്രികൊണ്ട് ടെഹ്‌റാന്‍ ആകെ മാറി. വീട്ടില്‍ നിന്ന് വളരെ അകലെ വെച്ച് ജീവന്‍ നഷ്ടപ്പെടുമെന്ന് ഞങ്ങള്‍ പേടിച്ചു. പക്ഷേ നമ്മുടെ സര്‍ക്കാര്‍ ഞങ്ങളോടൊപ്പം നിന്നു. എല്ലാ കാര്യങ്ങളും നന്നായി കൈകാര്യം ചെയ്തു.'-ഷാഷെര്‍ഫ് ബിഷ്തി യൂണിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ അഹബാഷി പറയുന്നു.
അപകടകരമായ വഴികളിലൂടെ സഞ്ചരിച്ചാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത്. ആദ്യം ടെഹ്‌റാനില്‍നിന്ന് 150 കിലോമീറ്റര്‍ തെക്ക് ഖോമിലേക്ക് മാറ്റി. അതിനുശേഷം മിഷാദിലേക്ക് കൊണ്ടുപോയി. അവിടെ നിന്നാണ് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര തുടങ്ങിയത്. പലരും പല യൂണിവേഴ്‌സിറ്റികളിലായി ചിതറിക്കിടക്കുകയായിരുന്നു. അവരെയെല്ലാം ഏകോപിപ്പിച്ചാണ് വിമാനത്താവളത്തിലെത്തിച്ചത്. ഇസ്രായേലുമായുള്ള നിലവിലെ സംഘര്‍ഷം കാരണം ഇറാന്‍ വ്യോമാതിര്‍ത്തി അടച്ചിരുന്നെങ്കിലും ഇന്ത്യക്കായി ഇളവ് നല്‍കുകയായിരുന്നു. 'ഇറാന്‍ പ്രതിസന്ധി ഘട്ടത്തിലായിരുന്നിട്ടും അവര്‍ നമ്മളെ സഹായിച്ചു. അവരുടെ നല്ല മനസ്സാണ് ഇതിന് കാരണം.'-ടെഹ്‌റാനിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ മുഹമ്മദ് ജവാദ് ഹൊസ്സൈനി വ്യക്തമാക്കി.
ജൂണ്‍ 13-ന് ഇറാനും ഇസ്രായേലും തമ്മില്‍ മിസൈല്‍ ആക്രമണം ആരംഭിച്ചതിനുശേഷം ഇറാനില്‍ കുടുങ്ങിയ 256 ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി ശനിയാഴ്ച വൈകുന്നേരമാണ് മഹാന്‍ എയര്‍ഫ്‌ളൈറ്റ് IRM071A ഡല്‍ഹിയിലെത്തിയത്. അവരില്‍ ഭൂരിഭാഗവും കാശ്മീര്‍ താഴ്‌വരയില്‍ നിന്നുള്ളവരാണ്. ഇന്ത്യയിലെ അക്കാദമിക് തലത്തിലുള്ള കടുത്ത മത്സരം കാരണം കുറഞ്ഞ ചെലവില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നേടാന്‍ ഇറാനില്‍ പോയ വിദ്യാര്‍ഥികളാണ് തിരിച്ചുവന്നവരില്‍ ഭൂരിഭാഗവുമുള്ളത്. ഇവരുടെ ഭാവി ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്.
Content Highlights: operation sindhu rescues over 800 Indian students stranded in Iran amid israel iran conflict
Published: 22 Jun 2025, 09:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented