ന്യൂഡൽഹി: ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളുമായി മഷ്ഹദിൽനിന്നുള്ള ആദ്യ വിമാനം വെള്ളിയാഴ്ച രാത്രി ഡൽഹിയിലെത്തി. 290 ഇന്ത്യൻ വിദ്യാർഥികളാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരിൽ ഏറെയും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. അഷ്ഗാബത്തിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ശനിയാഴ്ച രാവിലെ ഏകദേശം 10 മണിയോടെയും മൂന്നാമത്തെ വിമാനം ശനിയാഴ്ച വൈകുന്നേരവും ഇന്ത്യയിലെത്തും. ആയിരത്തോളം ഇന്ത്യക്കാരെ മൂന്ന് പ്രത്യേക വിമാനങ്ങളിലാണ് തിരിച്ചെത്തിക്കുന്നത്. ഓപ്പറേഷൻ സിന്ധുവിന്റെ ഭാ​ഗമായി ഏകദേശം 1,000 ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി മഹാൻ എയറിന്റെ ചാർട്ടേഡ് വിമാനങ്ങൾ വഴിയാണ് ഇറാനിയൻ ന​ഗരമായ മഷ്ഹദിൽ നിന്നുള്ള രക്ഷാപ്രവർത്തനം നടത്തുന്നത്. 

To advertise here,

ഇറാൻ - ഇസ്രയേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലും ആയിരത്തോളം പേരെ ഒഴിപ്പിക്കുന്നതിനായി അടച്ച വ്യോമാതിർത്തി ഇന്ത്യക്കായി ഇറാൻ തുറന്ന് തന്നിരുന്നു. ഓപ്പറേഷൻ സിന്ധു ദൗത്യത്തിനായി വരുംദിവസങ്ങളിൽ ആവശ്യമെങ്കിൽ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുന്നതിന് സൗകര്യമൊരുക്കുമെന്ന് ഇറാൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ മുഹമ്മദ് ജവാദ് ഹൊസൈനി പറഞ്ഞു.