ന്യൂഡല്‍ഹി: ഇന്റലിജന്‍സ് ബ്യൂറോ മേധാവി തപന്‍ കുമാര്‍ ദേകയുടെ സേവന കാലാവധി ഒരു വര്‍ഷം കൂടി നീട്ടി. ഇത് രണ്ടാംതവണയാണ് തപന്‍ കുമാര്‍ ദേകയുടെ കാലവധി നീട്ടുന്നത്. 2026 ജൂണ്‍ വരെ അദ്ദേഹത്തിന് പദവിയില്‍ തുടരാം. പഹല്‍ഗാം ഭീകാരാക്രമണവും അതിനെത്തുടര്‍ന്ന് പാകിസ്താനെതിരായ സൈനിക നടപടികള്‍ക്കും പിന്നാലെയാണ് ഐബി ഡയറക്ടറുടെ കാലാവധി നീട്ടിയിരിക്കുന്നത്.

To advertise here,

ഹിമാചല്‍ പ്രദേശ് കേഡറിലുള്ള 1988 ബാച്ചിലെ ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐപിഎസ്) ഉദ്യോഗസ്ഥനായ ദേകയെ 2022 ജൂണിലാണ് രണ്ട് വര്‍ഷത്തേക്ക് ഐബി മേധാവിയായി നിയമിച്ചത്. അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞ വര്‍ഷം ജൂണില്‍ ഒരു വര്‍ഷത്തേക്ക് നീട്ടിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ മന്ത്രിമസഭാ നിയമന സമിതി വര്‍ഷത്തേക്ക് കൂടി ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടറായി തപന്‍ കുമാര്‍ ദേകയുടെ കാലാവധി നീട്ടാന്‍ അംഗീകാരം നല്‍കിയതായി പേഴ്‌സണല്‍ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ജമ്മു കശ്മീരിലും രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലും നടത്തുന്ന 'ഓപ്പറേഷനുകളില്‍' ഒരു വിദഗ്ദ്ധനായി അറിയപ്പെടുന്നയാളാണ് തപന്‍ കുമാര്‍ ദേക. ഐബി മേധാവിയാകും മുമ്പ് രണ്ട് പതിറ്റാണ്ടിലേറെയായി ഐബിയുടെ ഓപ്പറേഷന്‍സ് വിഭാഗത്തിന്റെ തലവനായി സേവനമനുഷ്ഠിച്ചിരുന്നു. 2008-ലെ 26/11 മുംബൈ ഭീകരാക്രമണ സമയത്ത് ഭീകരവാദികളെ നേരിടുന്നതിനുള്ള ചുമതലയും ദേക വഹിച്ചിരുന്നു.