ന്യൂഡൽഹി: ബംഗ്ലാദേശ് അതിർത്തിക്കുള്ളിലേക്ക് അബദ്ധത്തിൽ കടന്ന ജവാനെ ബംഗ്ലാദേശ് സേന കസ്റ്റഡിയിലെടുത്തു. അതിർത്തിയിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഇന്ത്യൻ സൈനികൻ അതിർത്തിരേഖ മറികടന്നത്. ഉടനെ ബോർഡർ ഗാർഡ് ബംഗ്ലാദേശ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്വാഭാവിക അതിർത്തി അടയാളങ്ങൾ വ്യക്തമല്ലാതിരുന്ന മേഖലയിലൂടെ സഞ്ചരിക്കുന്നതിനിടെ വഴിതെറ്റിയാണ് സൈനികൻ അതിർത്തിയിൽ പ്രവേശിച്ചത് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി.

To advertise here,

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ബംഗ്ലാദേശ് സൈനിക ഉദ്യോഗസ്ഥർ ജവാനെ തടഞ്ഞുവെക്കുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടർന്ന് വിവരം ഉയർന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ജവാന്റെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.

അതിർത്തി പ്രദേശങ്ങളിൽ പതിവുനിരീക്ഷണങ്ങൾക്കിടയിൽ ഇത്തരത്തിൽ അബദ്ധത്തിൽ വഴിതെറ്റി അതിർത്തി കടക്കുന്ന സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും ഇത്തരം ഘട്ടങ്ങളിൽ പരസ്പര ധാരണയോടെയാണ് ഇരു സേനകളും പ്രവർത്തിക്കാറുള്ളതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

കസ്റ്റഡിയിലുള്ള ജവാനെ സുരക്ഷിതമായി തിരികെ ഇന്ത്യയിലെത്തിക്കുന്നതിനായി ബി.എസ്.എഫും ബി.ജി.ബിയും തമ്മിൽ ഉന്നതതല ഫ്‌ലാഗ് മീറ്റിംഗ് ഉൾപ്പെടെയുള്ള നയതന്ത്ര-സേനതല ചർച്ചകൾ പുരോഗമിക്കുകയാണ്. ജവാന്റെ കയ്യിലുണ്ടായിരുന്ന ആയുധങ്ങളും മറ്റ് ഉപകരണങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം നടപടിക്രമങ്ങൾ വേഗത്തിലാക്കി അദ്ദേഹത്തെ മാതൃരാജ്യത്തേക്ക് കൈമാറാനാണ് ശ്രമം.

ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന അതിർത്തി സുരക്ഷാ സഹകരണ കരാറുകളുടെയും പ്രോട്ടോക്കോളുകളുടെയും അടിസ്ഥാനത്തിലാണ് പ്രശ്‌നപരിഹാരത്തിനുള്ള നീക്കങ്ങൾ നടക്കുന്നത്. സൈനികതല ചർച്ചകൾ പൂർത്തിയാകുന്നതോടെ ബി.ജി.ബി ജവാനെ ഔദ്യോഗികമായി ബി.എസ്.എഫിന് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.