ന്യൂഡൽഹി: ഒമാനിലെ ദുഖ്മ് തുറമുഖത്ത് നങ്കൂരമിട്ട കപ്പലിൽ ഒരു ഇന്ത്യക്കാരൻ ആരോഗ്യപരമായ സങ്കീർണതകളെ തുടർന്ന് മരിച്ചതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. എംടി സെലസ്റ്റിയൽ എന്ന കപ്പലിൽ സേവനമനുഷ്ഠിച്ചിരുന്ന തമിഴ്നാട് സ്വദേശിയായ 35 കാരൻ സെക്കൻഡ് ഓഫീസർ നിഷാന്ത് ഉയിർത്ഥനാഥൻ ആണ് മരിച്ചത്.

To advertise here,

'അദ്ദേഹത്തിന്റെ മൃതദേഹം എത്രയും പെട്ടെന്ന് കപ്പലിൽ നിന്ന് ഇറക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്' എന്നും ഇന്ത്യൻ എംബസിയുടെ പ്രസ്താവനയിൽ പറയുന്നു. എന്നാൽ നിഷാന്ത് ഉയിർത്ഥനാഥന്റെ മരണത്തിൽ ആരോപണങ്ങളുമായി നാവികരുടെ യൂണിയനായ ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. യഥാസമയം ചികിത്സ കിട്ടാത്തതിനെ തുടർന്നാണ് ഇന്ത്യക്കാരൻ മരിക്കാനിടയായതെന്നാണ് ഇവർ ആരോപിച്ചിരിക്കുന്നത്.

ഹോർമുസ് കടലിടുക്കിൽ യുഎസ് ഉപരോധം ലംഘിക്കാൻ ശ്രമിച്ചെന്ന സംശയത്തെത്തുടർന്ന് ഈ കപ്പൽ തടഞ്ഞതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരുന്നു. മെയ് 20നാണ് യുഎസ് സേന പ്രസ്താവന ഇറക്കിയത്. പരിശോധനയ്ക്ക് ശേഷം കപ്പൽ വിട്ടയച്ചെന്നും പ്രസ്താവനയിൽ പറഞ്ഞിരുന്നു. ജൂൺ 8 ന് അസുഖബാധിതനായ ഉയിർത്ഥനാഥൻ ജൂൺ 11 ന് മരണപ്പെട്ടുവെന്നാണ് യൂണിയൻ പറയുന്നത്. മതിയായ സമയത്ത് വൈദ്യസഹായം ലഭിച്ചിരുന്നെങ്കിൽ ഇയാളെ രക്ഷപ്പെടുത്താനാകുമായിരുന്നുവെന്നും ആരോപിക്കുന്നു. മരണപ്പെട്ട് രണ്ട് ദിവസത്തിന് ശേഷവും മൃതദേഹം കപ്പലിൽ തന്നെ കിടന്നതായും യൂണിയൻ അവകാശപ്പെട്ടു. മൃതദേഹം കൃത്യമായി ഫ്രീസ് ചെയ്യാൻ പോലുമാകാത്ത സാഹചര്യത്തിലൂടെയാണ് കപ്പലിലെ ജീവനക്കാർ കടന്നുപോകുന്നതെന്നും എഫ്‌സിയുഐ എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. തണുത്തവെള്ളം നിറച്ച കുപ്പികൾ അടുക്കിവച്ചാണ് ജീവനക്കാർ മൃതദേഹം ജീർണിച്ചുപോകാതെ സൂക്ഷിക്കുന്നതെന്നും ഇവരുടെ കുറിപ്പിൽ പറയുന്നു. പലവട്ടം ഡിസ്ട്രസ് കോളുകൾ നടത്തിയിട്ടും സമയത്തിന് മെഡിക്കൽ ഇവാക്വേഷൻ നടത്താനായില്ലെന്നും ഇവർ പറയുന്നു.

ഉയിർത്ഥനാഥൻ മരണത്തിലേക്ക് നയിച്ച മെഡിക്കൽ സാഹചര്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇന്ത്യൻ എംബസി നൽകിയിട്ടില്ല. മരിച്ചയാളുടെ കുടുംബത്തിന് എംബസി അനുശോചനം അറിയിക്കുകയും കപ്പൽ കമ്പനിയുമായി നിരന്തര സമ്പർക്കം പുലർത്തുന്നുണ്ടെന്നും അറിയിച്ചു.