ന്യൂഡല്‍ഹി: നടുക്കടലില്‍ അടിയന്തര മെഡിക്കല്‍ സാഹചര്യം നേരിട്ട ഇറാനിയന്‍ മത്സ്യബന്ധനബോട്ടിന് രക്ഷകരായി ഇന്ത്യന്‍ നാവികസേന. ഏദന്‍ കടലിടുക്കില്‍ വിന്യസിച്ച ഇന്ത്യന്‍ നാവികസേനയുടെ ഐ.എന്‍.എസ്. ശിവാലിക്‌ എന്ന കപ്പലാണ് സന്ദേശം ലഭിച്ച ഉടന്‍ സഹായഹസ്തവുമായി കുതിച്ചത്. ഇറാനിയന്‍ ബോട്ടായ അല്‍ അരിഫിയിലെ 18 പാകിസ്താനി മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ വൈദ്യസഹായവും അവശ്യ മരുന്നുകളും ഇന്ത്യന്‍ നാവികസേന ലഭ്യമാക്കി. 

To advertise here,

ഇന്ത്യന്‍ നാവികസേനയുടെ വക്താവാണ് എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്. സമുദ്ര സുരക്ഷയ്ക്കായി രൂപവത്കരിച്ച 'സാഗര്‍' (സെക്യൂരിറ്റി ആന്‍ഡ് ഗ്രോത്ത് ഫോര്‍ ഓള്‍ ഇന്‍ ദി റീജിയന്‍) പദ്ധതിയുടെ ഭാഗമായി വിന്യസിക്കപ്പെട്ട കപ്പലാണ് ഐ.എന്‍.എസ്. ശിവാലിക്. 

ജനുവരിയില്‍ ലൈബീരിയന്‍ പതാക വഹിക്കുന്ന കപ്പല്‍ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ഇന്ത്യന്‍ നാവികസേന തടഞ്ഞിരുന്നു. അറബിക്കടലില്‍ സൊമാലിയന്‍ തീരത്ത് വെച്ചായിരുന്നു ഇത്. ഐ.എന്‍.എസ്. ചെന്നൈ ആണ് അന്ന് രക്ഷയ്ക്കായി എത്തിയത്. സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ഇറാന്‍ പതാകയുള്ള മത്സ്യബന്ധന ബോട്ടിനെ മോചിപ്പിച്ചതും ഇന്ത്യന്‍ നാവികസേനയാണ്. ജനുവരി 29-ന് ഐ.എന്‍.എസ്. സുമിത്രയാണ് സൊമാലിയയുടെ കിഴക്കന്‍ തീരത്ത് ദൗത്യത്തിനെത്തിയത്. 

ജനുവരിയില്‍ തന്നെ ഹൂതി മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് തീ പിടിച്ച ബ്രിട്ടീഷ്, അമേരിക്കന്‍ കപ്പലുകള്‍ക്കും ഇന്ത്യ രക്ഷകരായി എത്തിയിരുന്നു. ജനുവരി 18-നാണ് അമേരിക്കന്‍ ചരക്കുകപ്പല്‍ എം.വി. ജെന്‍കോ പികാര്‍ഡി എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. മിസൈല്‍വേധ കപ്പലായ ഐ.എന്‍.എസ്. വിശാഖപട്ടണമാണ് തീ അണയ്ക്കാനായി പാഞ്ഞെത്തിയത്. 

placeholder
ഐ.എൻ.എസ്. ശിവാലിക്‌ (F 47 - ഫയൽ ചിത്രം) | Photo: ANI

ജനുവരി 28-ന് ബ്രിട്ടീഷ് എണ്ണക്കപ്പലിന് തീ പിടിച്ചപ്പോഴും ഐ.എന്‍.എസ്. വിശാഖപട്ടണം തന്നെയായിരുന്നു എത്തിയത്. ഏദന്‍ കടലിടുക്കില്‍ വെച്ചുണ്ടായ മിസൈല്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ അഗ്നിബാധ ആറ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇന്ത്യന്‍ നാവികസേനാംഗങ്ങള്‍ പൂര്‍ണ്ണമായി അണച്ചത്. കപ്പലിന്റെ ക്യാപ്റ്റന്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് നന്ദിപറയുന്നതിന്റെ ദൃശ്യങ്ങള്‍ അന്ന് വൈറലായിരുന്നു.