കൊച്ചി: നാവികസേനയുടെ ഈ വർഷത്തെ നാവികസേനാ ദിനാചരണം ഡിസംബർ നാലിന് നടക്കും. ഇതിനു മുന്നോടിയായുള്ള നാവികവാരാഘോഷങ്ങൾ നവംബർ ആറിന് തുടങ്ങും. ആറിന് നടക്കുന്ന സൗഹൃദസംഗമത്തിൽ 'സഹാറ ലഞ്ച്' കൂട്ടായ്മയോടെയാകും ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. നാവികസേനയിൽനിന്ന് വിരമിച്ചവരുടെ കുടുംബാംഗങ്ങളെയും പങ്കാളികളെയും പങ്കെടുപ്പിച്ച് നാവിക വെൽഫെയർ ആൻഡ് വെൽനെസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സൗഹൃദസംഗമം നടത്തുന്നത്.

നാവികാഘോഷങ്ങളുടെ ഭാഗമായി നവംബർ 16-ന് ഭിന്നശേഷി കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും നാവികത്താവളം സന്ദർശിക്കാം. ക്ഷണിക്കപ്പെട്ട സ്കൂൾ വിദ്യാർഥികൾക്ക് 23-ന് നേവൽബേസും ഐ.എൻ.എസ്. ഗരുഡയും സന്ദർശിക്കാമെന്ന് ഐ.എൻ.എസ്. വെണ്ടുരുത്തി കമാൻഡിങ് ഓഫീസർ കൊമഡോർ നാരായൺ ഹരിഹരൻ പറഞ്ഞു. ഡിസംബർ 13-ന് നേവി മാരത്തണും ജനുവരി 10-ന് നേവി സൈക്ലത്തണും നടത്തും.

To advertise here,

നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ ഡിസംബർ മൂന്നിന് വൈകീട്ട് എറണാകുളം വാർഫിൽ അരങ്ങേറും. ദക്ഷിണ നാവിക കമൻഡാൻഡിന്റെ പ്രധാന കപ്പലുകൾ, വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, എലൈറ്റ് മറൈൻ കമാൻഡോകൾ എന്നിവ അണിനിരക്കുന്ന സാഹസികപ്രകടനം കൊച്ചിക്കായലിൽ നടക്കും.

സീ കെഡേറ്റ് കോറിന്റെ ഹോൺപൈപ്പ് ഡാൻസ്, കണ്ടിന്യൂവിറ്റി ഡ്രിൽ, ഡ്രോൺ ഷോ എന്നിവയും പരിപാടികളിലുണ്ടാകും. ഡിസംബർ നാലിലെ നാവികസേനാദിനത്തിൽ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കും. തുടർന്ന് സാഗരിക ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗീതപരിപാടിയോടെ ആഘോഷങ്ങൾ സമാപിക്കും.

നാരായൺ ഹരിഹരനൊപ്പം, ക്യാപ്റ്റൻ രവി ആർ. നായർ, ഡിഫൻസ് പി.ആർ.ഒ. കമാൻഡർ അതുൽപിള്ള എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.