ന്യൂഡല്‍ഹി: ഹൂതി മിസൈലേറ്റ ബ്രിട്ടീഷ് എണ്ണക്കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമത്തില്‍ പങ്കുചേര്‍ന്ന് ഇന്ത്യന്‍ നാവികസേന. കപ്പലില്‍നിന്ന് അപായ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് മിസൈല്‍വേധ യുദ്ധക്കപ്പലായ ഐഎന്‍എസ് വിശാഖപട്ടണം ഏദന്‍ ഉള്‍ക്കടലില്‍ വിന്യസിച്ചതായി നാവികസേന വൃത്തങ്ങള്‍ അറിയിച്ചു. 22 ഇന്ത്യക്കാരും ഒരു ബംഗ്ലാദേശ് രാജ്യക്കാരനുമുള്‍പ്പെടെ 23 ജീവനക്കാരാണ് മര്‍ലിന്‍ ലുവാന്‍ഡ എന്ന കപ്പലിലുള്ളത്.

To advertise here,

ചരക്ക് കപ്പലുകള്‍ സംരക്ഷിക്കുന്നതിനും കടലില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും ഇന്ത്യന്‍ നാവികസേന പ്രതിജ്ഞാബദ്ധരാണെന്ന് ഇന്ത്യന്‍ നാവികസേന പ്രസ്താവനയില്‍ വ്യക്തമാക്കി. നാവികസേനാ സംഘം എണ്ണക്കപ്പലിലെ തീകെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കപ്പലിലെ ജീവനക്കാര്‍ക്ക് വേണ്ട സഹായം ഉറപ്പാക്കും -നാവികസേന അറിയിച്ചു

ജനുവരി 26-നാണ് ഏദന്‍ ഉള്‍ക്കടലില്‍വച്ച് മര്‍ലിന്‍ ലുവാന്‍ഡ എണ്ണക്കപ്പലിനുനേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം ഉണ്ടായത്. ഹൂതി കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം അമേരിക്കയും ബ്രിട്ടനും ആക്രമണം നടത്തിയിരുന്നു. പിന്നാലെയാണ്  ഹൂതികള്‍ വീണ്ടും കപ്പലുകള്‍ക്കുനേരെ തിരിഞ്ഞിരിക്കുന്നത്. ഇസ്രയേല്‍ - ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നവംബര്‍ മുതല്‍ ഹൂതികള്‍ ചെങ്കടലില്‍ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തിനിടെ ചെങ്കടലിലെ വ്യാപാര കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം ശക്തമാക്കുന്നത് സംബന്ധിച്ച ആശങ്കകള്‍ക്കിടയിലാണ് സംഭവം.

നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരി കുമാര്‍ ഇത്തരം സംഭവങ്ങളെ ശക്തമായി നേരിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനുവരി 18 ന്, ഏദന്‍ ഉള്‍ക്കടലില്‍ മറ്റൊരു കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഇന്ത്യ ഐ.എന്‍.എസ്. വിശാഖപട്ടണത്തെ വിന്യസിക്കുകയും സഹായം ഉറപ്പാക്കുകയും ചെയ്തിരുന്നു.