ന്യൂഡൽഹി: സംഘർഷഭരിതമായ ഹോർമുസ് കടലിടുക്ക് വഴി കടന്ന രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകളിൽ ഏകദേശം 92,700 മെട്രിക് ടൺ എൽപിജിയുണ്ടെന്ന് കേന്ദ്ര സർക്കാർ. രണ്ട് കപ്പലുകളും മാർച്ച് 16,17 തീയതികളിലായി ഇന്ത്യൻ തുറമുഖങ്ങളിലെത്തുമെന്ന് ഷിപ്പിങ് മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി രാജേഷ് കുമാർ സിൻഹ പറഞ്ഞു.

To advertise here,

'പേർഷ്യൻ ഗൾഫ് മേഖലയിലെ കപ്പലുകളിലുള്ള എല്ലാ ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണ്, കഴിഞ്ഞ 24 മണിക്കൂറിനിടെ അവരെ സംബന്ധിച്ച് യാതൊരു അനിഷ്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്തായി 24 ഇന്ത്യൻ പതാകയുള്ള കപ്പലുകൾ ഉണ്ടായിരുന്നു. ഇവയിൽ, രണ്ട് കപ്പലുകൾ വെള്ളിയാഴ്ച രാത്രിയിലോ ശനിയാഴ്ച പുലർച്ചയോ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നുപോയി. ഏകദേശം 92,700 മെട്രിക് ടൺ എൽപിജിയാണ് അതിലുള്ളത്. ശിവാലിക്, നന്ദാ ദേവി എന്നീ കപ്പലുകളാണ് ഹോർമുസ് കടന്നത്. ശിവാലിക് എന്ന കപ്പൽ ഗുജറാത്തിലെ മുന്ദ്രാ തുറമുഖത്തേക്കും നന്ദാ ദേവി കാണ്ഡ്‌ലയിലേക്കുമാണ് എത്തുക. ഇപ്പോൾ പേർഷ്യൻ ഗൾഫ് മേഖലയിൽ 22 ഇന്ത്യൻ പതാകയുള്ള കപ്പലുകൾ അവശേഷിക്കുന്നു, അതിൽ മൊത്തം 611 നാവികരുണ്ട്.' ഷിപ്പിങ് മന്ത്രാലയ സെക്രട്ടറി പറഞ്ഞു.

ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ യാത്ര ഇന്ത്യൻ നയതന്ത്രത്തിന്റെ ഒരു പ്രധാന നാഴികക്കല്ല് എന്നതിലുപരി, കപ്പലുകൾ വഹിക്കുന്ന ചരക്ക് നിർണായകമായ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. കാരണം ഹോർമുസിലെ നിയന്ത്രണങ്ങൾ രാജ്യത്തെ പാചക വാതക വിതരണത്തെ ബാധിച്ചിരുന്നു.

‘ഹോർമുസ് കടലിടുക്കിന്റെ വടക്ക് ഭാഗത്ത് അവശേഷിക്കുന്ന 22 ഇന്ത്യൻ പതാകയുള്ള കപ്പലുകളിൽ ആറെണ്ണം എൽപിജി കപ്പലുകളാണ്, ഒന്ന് ലിക്വിഡ് നാച്ചുറൽ ഗ്യാസ് (എൽഎൻജി) കാരിയറാണ്, നാലെണ്ണം ക്രൂഡ് ഓയിൽ ടാങ്കറുകളും ഒന്നിൽ രാസവസ്തുക്കളും ആണ്. മൂന്നെണ്ണം കണ്ടെയ്‌നർ കപ്പലുകളാണ്, രണ്ടെണ്ണം ബൾക്ക് കാരിയറുകളാണ്.’ സിൻഹ പറഞ്ഞു.