
ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന 'ലെഹരാ ദോ തിരംഗ' പ്രതിഷേധ സമരം അമേരിക്കൻ ശതകോടീശ്വരനും ടെക് വ്യവസായിയുമായ ഇലോൺ മസ്കിന്റെ പ്രേരണയാൽ ആസൂത്രണം ചെയ്തതാണെന്ന് ബി.ജെ.പി. നേതാവ് ബ്രിജ് ഭൂഷൺ ശരൺ സിങ്.
ഈ സമരം രാജ്യത്തിനെതിരായ വലിയൊരു ഗൂഢാലോചനയാണെന്ന് ഉത്തർപ്രദേശിലെ ഉന്നാവോയിൽ സംസാരിക്കവേ ബ്രിജ് ഭൂഷൺ ആരോപിച്ചു. ഇന്ത്യയെ ബംഗ്ലാദേശുമായും പാകിസ്താനുമായും ഉപമിക്കുകയാണെന്നും സുപ്രീംകോടതിയെ ഭയപ്പെടുത്താനാണ് ഈ മാർച്ച് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ഡൽഹിയിലെ കൊണാട്ട് പ്ലേസിലുള്ള സെൻട്രൽ പാർക്കിൽ ദേശീയപതാക മാർച്ച് നടത്താനാണ് സി.ജെ.പി. ആഹ്വാനം ചെയ്തിട്ടുള്ളത്. മുംബൈയിലെ ആസാദ് മൈതാനത്ത് വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ചു മണിവരെ സമരം നടത്താൻ പാർട്ടിയുടെ മുംബൈ ഘടകത്തിന് പോലീസ് അനുമതി ലഭിച്ചിരുന്നു.
ഈ സർക്കാരിനെപ്പോലെ വ്യാജ രാജ്യസ്നേഹികളല്ല, യഥാർഥ രാജ്യസ്നേഹികൾ തങ്ങളാണെന്ന് സർക്കാരിനെ കാണിക്കാനാണ് ഈ സമരമെന്ന് മുംബൈയിലെ സി.ജെ.പി. ചുമതലക്കാരൻ പ്രണയ് അഹിറെ ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറഞ്ഞു. ഒരു ദിവസത്തെ സമരത്തിന് മാത്രമാണ് അനുമതിയുള്ളതെന്നും അനിശ്ചിതകാല ധർണ നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിജെപിയുടെ തിരംഗാ മാർച്ചിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ കൊണാട്ട് പ്ലേസിനും ജന്തർ മന്തറിനും ചുറ്റും അർധസൈനിക വിഭാഗത്തിലെ നിരവധി കമ്പനികളെ വിന്യസിക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ബാരിക്കേഡുകൾ ഉയർത്തുകയും പ്രതിഷേധക്കാരുടെയും യാത്രക്കാരുടെയും നീക്കം പോലീസ് നിയന്ത്രിക്കുകയും ചെയ്യും.
കൊണാട്ട് പ്ലേസ് സമരങ്ങൾ നടത്തുന്നതിനായി നിശ്ചയിച്ച സ്ഥലമല്ലെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ജന്തർ മന്തറിനെയും സമരസ്ഥലങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ആവശ്യമായ അനുമതി വാങ്ങിയശേഷം രാംലീല മൈതാനം, ബുരാരി ഗ്രൗണ്ട് അല്ലെങ്കിൽ സി.ബി.ഡി. ഗ്രൗണ്ട് എന്നിവിടങ്ങളിൽ സമരം നടത്താമെന്നും അദ്ദേഹം അറിയിച്ചു.
Published: 16 Oct 2026, 03:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented