
ന്യൂഡൽഹി: വെനസ്വേലയിലെ സാഹചര്യം കടുത്ത ആശങ്ക സൃഷ്ടിക്കുന്നുവെന്നും മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം. വ്യോമാക്രമണം നടത്തി, തലസ്ഥാനമായ കരാക്കസിൽനിന്ന് യുഎസ് സ്‌പെഷ്യൽ ഫോഴ്‌സ് പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലിയ ഫ്‌ളോർസിനേയും തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.
'വെനസ്വേലൻ ജനതയുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഇന്ത്യയുടെ പിന്തുണ വീണ്ടും ഉറപ്പുനൽകുന്നു. സമാധാനവും മേഖലയുടെ സ്ഥിരതയും ഉറപ്പാക്കി, എല്ലാ കക്ഷികളും സംഭാഷണത്തിലൂടെ സമാധാനപരമായി പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു', വിദേശകാര്യമന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. കരാക്കസിലുള്ള ഇന്ത്യൻ എംബസി ഇന്ത്യൻ പൗരന്മാരുമായി ബന്ധപ്പെടുകയും സാധ്യമായ എല്ലാ സഹയങ്ങളും നൽകുകയും ചെയ്യുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
മാസങ്ങൾനീണ്ട ഭീഷണികൾക്കും സമ്മർദതന്ത്രങ്ങൾക്കും ശേഷമാണ് യുഎസ് സൈന്യം, ഇടതുപക്ഷനേതാവായ വെനസ്വേലൻ പ്രസിഡന്റ് മഡുറോയെ രാജ്യത്ത് അതിക്രമിച്ചുകയറി പിടിച്ചുകൊണ്ടുപോയത്. വെനസ്വേലയിൽ വലിയതോതിൽ ആക്രമണം നടത്തിയാണ് മഡുറോയേയും ഭാര്യയേയും പിടികൂടി നാടുകടത്തിയതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ അറിയിച്ചു. വെനസ്വേലയിൽനിന്നുള്ള ലഹരിസംഘങ്ങൾ യുഎസിലേക്ക് മയക്കുമരുന്ന് കയറ്റിയയക്കുന്നതിന് മഡുറോ ഒത്താശചെയ്‌തെന്നാരോപിച്ചാണ് നടപടി.
ഇതോടെ 12 വർഷത്തെ മഡുറോ ഭരണത്തിനാണ് തിരശ്ശീല വീണത്. 2013-ൽ ഹ്യൂഗോ ഷാവേസിന്റെ മരണത്തെത്തുടർന്ന് അധികാരത്തിലേറിയ മഡുറോയെ പിടികൂടാൻ സഹായിക്കുന്നവർക്ക് യുഎസ് അഞ്ചുകോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. യുഎസ് സൈന്യത്തിലെ ഡെൽറ്റ ഫോഴ്‌സിന്റെ പ്രത്യേക വിഭാഗമാണ് മഡുറോയെ തടവിലാക്കിയതെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൈനിക നടപടിക്ക് ട്രംപ് ദിവസങ്ങൾക്ക് മുൻപ് അുമതി നൽകിയിരുന്നെന്നാണ് വിവരം.
Content Highlights: India Expresses Deep Concern Over Venezuela Developments Following US Raid
Published: 04 Jan 2026, 03:32 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented