ന്യൂഡൽഹി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ഇന്ത്യ സന്ദർശനവുമായി ബന്ധപ്പെട്ട് മോദി സർക്കാരിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി. റൂബിയോയുടെ സന്ദർശനം സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം ആശയക്കുഴപ്പത്തിലാണെന്ന് ലോക്സഭാ രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. റൂബിയോ ഡൽഹി സന്ദർശിക്കാതെ മുംബൈയിൽ വെച്ചാണ് ഔദ്യോഗിക കൂടിക്കാഴ്ചകൾ നടത്തുന്നതെന്നാണ് റിപ്പോർട്ട്. ഈ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ പരാമർശം.

To advertise here,

'മിസ്റ്റർ റൂബിയോ തന്റെ ഉദ്യോഗസ്ഥനെ മുംബൈയിലേക്ക് വിളിച്ചുവരുത്തിയിരിക്കുകയാണ്. മോദിജി, എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് നിങ്ങളുടെ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ആശയക്കുഴപ്പത്തിലാണ്. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഞാൻ വിശദീകരിക്കേണ്ടെങ്കിൽ താങ്കൾക്കുതന്നെ വിശദീകരിക്കാം', രാഹുൽ എക്സ് പോസ്റ്റിൽ പറഞ്ഞു.

ഒക്ടോബർ 19 മുതൽ 22 വരെയുള്ള ദിവസങ്ങളിലാണ് റൂബിയോ ഇന്ത്യയിലെത്തുന്നത്. സന്ദർശനത്തിനിടെ റൂബിയോ മുംബൈയും ജാംനഗറും സന്ദർശിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മുംബൈയിൽ വെച്ച് റൂബിയോയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. ഇന്ത്യ ഔദ്യോഗികമായി അറിയിക്കുന്നതിന് മുൻപ് തന്നെ, ഇന്ത്യയിലെ യു.എസ് അംബാസഡറായ സെർജിയോ ഗോറാണ് റൂബിയോയും ജയശങ്കറും തമ്മിൽ മുംബൈയിൽ കൂടിക്കാഴ്ച നടത്തുമെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഇതാണ് രാഹുലിന്റെ പരിഹാസത്തിനിടയാക്കിയത്.

വിഷയത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി (കമ്മ്യൂണിക്കേഷൻസ്) ജയറാം രമേശും വിമർശനവുമായി രംഗത്തെത്തിയിരുന്നു. "യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ മുംബൈ സന്ദർശനത്തെക്കുറിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ കൂടുതൽ വിവരങ്ങൾ നൽകിയതിൽ അത്ഭുതമില്ല. മിസ്റ്റർ റൂബിയോ മുംബൈയിൽ വെച്ച് ഇന്ത്യാ ഗവൺമെന്റ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം പറയുന്നത് കേൾക്കുന്നതിലും പൂർണ്ണമായും അത്ഭുതപ്പെടാനില്ല," ജയറാം രമേശ് എക്സിൽ കുറിച്ചു. മുംബൈയിൽ വെച്ച് ജയശങ്കർ റൂബിയോയെ കാണുമെന്ന് പ്രതീക്ഷിക്കുന്നതായുള്ള ഗോറിന്റെ പ്രസ്താവന അസാധാരണമാണെന്നും ജയറാം രമേശ് പറഞ്ഞു.