ന്യൂഡല്‍ഹി: പാകിസ്താനെതിരെ നയതന്ത്രതലത്തില്‍ പുതിയ നീക്കവുമായി ഇന്ത്യ. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാകിസ്താന്‍ ഐക്യരാഷ്ട്രസഭ (യുഎന്‍) രക്ഷാസമിതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഈ ചര്‍ച്ചയില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള തന്ത്രങ്ങളാണ് ഇന്ത്യ തയ്യാറാക്കിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

To advertise here,

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സ്വീകരിക്കുന്ന നടപടികള്‍ മേഖലയില്‍ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണി ഉയര്‍ത്തുന്നുവെന്ന തരത്തിലാണ് പാകിസ്താന്‍ യു.എന്‍ രക്ഷാസമിതിയെ സമീപിച്ചത്. എന്നാല്‍, രക്ഷാസമിതിയുടെ യോഗത്തില്‍ അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണവും അതില്‍ പാകിസ്താന്റെ പങ്കും പാക് പിന്തുണയുള്ള ഭീകരവാദികളുടെ പ്രവര്‍ത്തനങ്ങളും ഇന്ത്യ ചര്‍ച്ചയാക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. 

26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിയായ പാകിസ്താനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. യു.എന്‍ രക്ഷാ സമിതിയിലെ 15 അംഗങ്ങളില്‍ 13 പേരുടെയും പിന്തുണ ഇതിനോടകം ഇന്ത്യ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രക്ഷാസമിതി അംഗമായ പാകിസ്താന് പിന്തുണ സ്ഥിരാംഗമായ ചൈനയില്‍ നിന്ന് മാത്രമേ ലഭിക്കൂവെന്നാണ് സൂചന. ഇന്ത്യ-പാകിസ്താന്‍ തര്‍ക്കം മാത്രമല്ല ഇതൊരു ആഗോള പ്രശ്‌നമാണെന്ന തരത്തില്‍ ഇന്ത്യ വിഷയം ചര്‍ച്ചയാക്കും. ലഷ്‌കര്‍-ഇ-തായ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകരവാദസംഘടനകള്‍ക്ക് പാകിസ്താന്റെ പിന്തുണയും സഹായവും ലഭിക്കുന്നുണ്ടെന്ന ഇന്ത്യയുടെ കാലങ്ങളായുള്ള നിലപാട് രക്ഷാസമിതിയില്‍ കൂടുതല്‍ ചര്‍ച്ചയാക്കും. 

രക്ഷാസമിതി യോഗത്തില്‍ ഭീകരാക്രമണത്തിനുശേഷം ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ പാകിസ്താന്‍ വിശദീകരിക്കും. ഇന്ത്യ സ്വീകരിച്ചിരിക്കുന്ന പ്രതികാര നടപടികള്‍ മേഖലയുടെ സുരക്ഷയ്ക്കും സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്ന വാദമാകും പാകിസ്താന്‍ ഉയര്‍ത്തുക. ഇതിനൊപ്പം സിന്ധുനദീജല കരാര്‍ മരവിപ്പിച്ച ഇന്ത്യയുടെ നടപടികളും വേദിയില്‍ ചര്‍ച്ചയാക്കാന്‍ പാകിസ്താന്‍ ഉദ്ദേശിക്കുന്നുണ്ട്. 

2021-2022 വര്‍ഷത്തില്‍ ഇന്ത്യ രക്ഷാസമിതിയിലെ താത്കാലിക അംഗമായിരുന്നു. ഈ സമയത്ത് ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് നിരന്തര ഇടപെടലുകള്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാകും രക്ഷാസമിതിയിലെ ചര്‍ച്ചയിലുണ്ടാകുക. പാശ്ചാത്യ രാജ്യങ്ങളുടെയും ഗ്ലോബല്‍ സൗത്തിനെ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളുടെയും പിന്തുണ ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്. 

പാകിസ്താനെ ഒറ്റപ്പെടുത്തുക മാത്രമല്ല ഇന്ത്യയുടെ ലക്ഷ്യം, മറിച്ച് രക്ഷാസമിതി സ്ഥിരാംഗമാകാനുള്ള എല്ലാതരത്തിലും അവകാശമുള്ള ഉത്തരവാദപ്പെട്ട രാഷ്ട്രമെന്ന നിലയിലുള്ള ഇടപെടലാണ് ഉദ്ദേശിക്കുന്നത്. വിഷയം ഒരു സുഹൃദ് രാജ്യത്തെ കൊണ്ടാകും സമിതിയില്‍ ഉന്നയിക്കുക. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഷിംല കരാറിന്റെ അടിസ്ഥാനത്തില്‍ ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന വാദമുയര്‍ത്തി പലപ്പോഴും ഇത്തരം ചര്‍ച്ചകള്‍ പാകിസ്താന്റെ സുഹൃത്തായ ചൈന വീറ്റോ ചെയ്യുകയാണ് പതിവ്. അതിനെ മറികടക്കാനുള്ള തന്ത്രങ്ങളും ഇന്ത്യ ഒരുക്കുന്നുണ്ട്. കശ്മീരിര്‍ പ്രശ്‌നം ഒരു പ്രാദേശിക തര്‍ക്കമല്ലെന്നും അത് ഭീകരവാദത്തിലൂന്നിയ ആഗോള പ്രശ്‌നമാണെന്നും ഇന്ത്യ രക്ഷാസമിതിയില്‍ സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ഇതിലൂടെ നയതന്ത്ര തലത്തില്‍ പാകിസ്താനെതിരെ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുകയാണ് ലക്ഷ്യം.