പ്രസിഡന്റായിരിക്കെ ബിജെപിയെ കിടയറ്റ തിരഞ്ഞെടുപ്പു യന്ത്രമായി മാറ്റിയ ആളാണ് അമിത് ഷാ. ആസൂത്രണത്തിലും തന്ത്രങ്ങൾ മെനയുന്നതിലും തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കുന്നതിലുമുള്ള പാടവം കാരണം രാഷ്ട്രീയ ചാണക്യൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം ആഭ്യന്തരമന്ത്രിയായപ്പോഴും പാർട്ടിയുടെ വിശ്വാസം തെറ്റിച്ചില്ല. ഇതിനകം രാജ്യത്ത് ഏറ്റവും കൂടുതൽ കാലം ആഭ്യന്തരമന്ത്രി കസേരയിലിരുന്ന ആളായ അമിത് ഷാ രണ്ടാം ടേമിൽ പ്രവർത്തനവേഗം ഇരട്ടിയാക്കിയിട്ടുണ്ട്.

To advertise here,

ആദ്യ ടേമിൽ അമിത് ഷായുടെ നീക്കങ്ങൾ ഒരു ചെസ് വിദഗ്ധന്റെ ക്ഷമയോടെയായിരുന്നു. മന്ത്രിയായി മാസങ്ങൾക്കകം, 2019 ഓഗസ്റ്റിൽ, ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം വകുപ്പും 35 എയും എടുത്തുകളഞ്ഞതും സൂക്ഷ്മമായ ആസൂത്രണത്തിന്റെ തെളിവായിരുന്നു. പ്രതിപക്ഷത്തിന്റെ ഓരോ നീക്കവും നിയമപരമായി വന്നേക്കാവുന്ന എല്ലാ വെല്ലുവിളികളും മുൻകൂട്ടിക്കണ്ട് ശ്രദ്ധാപൂർവം ഓരോ കരുക്കളും നീക്കിയാണ് ഷാ അത് സാധിച്ചെടുത്തത്. അതിനുമുമ്പു തന്നെ രാജ്യത്ത് കോളിളക്കം സൃഷ്ടിക്കാവുന്ന നടപടി സുഗമമാക്കാൻ വേണ്ട രാഷ്ട്രീയനിലം നന്നായി ഒരുക്കിയിരുന്നു. പിന്നീട് പൗരത്വ ഭേദഗതി പാസാക്കിയെടുത്തു, അതിനെതിരെ രാജ്യമെമ്പാടുമുണ്ടായ പ്രക്ഷോഭങ്ങളെയും ഡൽഹി കലാപത്തെയും തരണം ചെയ്തു. കഴിഞ്ഞ വർഷം നിയമം നടപ്പാക്കുകയും ചെയ്തു.

രണ്ടാം ഊഴത്തിൽ കളി പൂർണമായും മാറിയിരിക്കുന്നു. അതിവേഗത്തിലാണ് രാജ്യത്തെ ആന്തരിക സുരക്ഷയിലും അതിർത്തിസുരക്ഷയിലും അദ്ദേഹം മാറ്റങ്ങൾ കൊണ്ടുവരുന്നത്. പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ ബിജെപിയെ ജയിപ്പിക്കാൻ മുൻകൈയെടുത്ത ഷാ ഇനി ബംഗ്ലാദേശികളുടെ വലിയ തോതിലുള്ള അനധികൃത കുടിയേറ്റത്തിന് അറുതി വരുത്താനാവുമെന്ന പ്രതീക്ഷയിലാണ്. ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ അതിർത്തികൾ സംരക്ഷിക്കാൻ നടപടികളെടുത്തതും ജനസംഖ്യാമാറ്റത്തെ കുറിച്ച് പഠിക്കാൻ കമ്മീഷനെ വെച്ചതും അധികം വൈകാതെ ദേശീയ പൗരത്വരജിസ്റ്റർ (എൻആർസി) നടപ്പാക്കാനുള്ള ആസൂത്രണത്തിന്റെ ഭാഗമായിരിക്കാം എന്ന ആശങ്ക ഉയരുന്നുണ്ട്.

നക്‌സൽമുക്തഭാരതവും അതിർത്തിയിലെ പഴുതടയ്ക്കലും

അമിത് ഷായുടെ രണ്ടാം ടേമിലെ ഏറ്റവും നാടകീയമായ നേട്ടം ഇന്ത്യയെ നക്‌സൽമുക്തമാക്കി എന്ന പ്രഖ്യാപനമാണ്. അര നൂറ്റാണ്ടിലധികമായി റിപ്പബ്ലിക് നേരിട്ട ഏറ്റവും മാരകമായ ആഭ്യന്തര സുരക്ഷാ ഭീഷണിയായിരുന്നു ഇടതുപക്ഷ തീവ്രവാദം. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഒരിക്കൽ അത് വ്യക്തമാക്കിയിരുന്നു. അമിത് ഷാ ഇന്ത്യയിലെ നക്‌സലിസത്തിന് ഒരു അവസാനദിവസം നിശ്ചയിച്ചു- 2026 മാർച്ച് 31. നിശ്ചയിച്ച സമയത്തിന് മുമ്പ് തന്നെ ലക്ഷ്യം നിറവേറ്റി എന്ന് അദ്ദേഹം പിന്നീട് അവകാശപ്പെട്ടു.

പ്രധാനപ്പെട്ട മാവോയിസ്റ്റ് നേതാക്കളിൽ വിരലിലെണ്ണാവുന്നവർ പോലും ഇപ്പോൾ പ്രസ്ഥാനത്തിലില്ല. നൂറുകണക്കിന് മാവോയിസ്റ്റുകൾ കീഴടങ്ങുകയും മുഖ്യധാരയിലേക്ക് തിരിച്ചുവരികയും ചെയ്തു. അതിന് സഹായിച്ചത് നക്‌സൽ ബാധിത സംസ്ഥാനങ്ങൾ തമ്മിലെ ഒന്നാന്തരം ഏകോപനവും പുതിയ സാങ്കേതികവിദ്യകളുടെ പ്രയോഗവും മാവോയിസ്റ്റ് സ്വാധീനമേഖലകളിലെ വികസനവും നക്‌സലുകളെ കീഴടങ്ങാൻ പ്രോത്സാഹിപ്പിക്കുന്ന ഉദാരനയങ്ങളും ധീരമായ നേതൃത്വവുമായിരുന്നു. ഒരുകാലത്ത് ജാർഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡീഷ, ബിഹാർ, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലൂടെ വ്യാപിച്ചുകിടന്നിരുന്ന ചുവപ്പൻ ഇടനാഴി മിക്കവാറും തകർക്കപ്പെട്ടിരിക്കുന്നു.

അമിത് ഷാ കഠിനമായി ശ്രമിച്ചിട്ടും ബിജെപിക്ക് മുന്നിൽ അഭേദ്യമായ കോട്ടയായിരുന്നു പശ്ചിമ ബംഗാൾ. തുടർച്ചയായി പതിനഞ്ചു വർഷം അധികാരത്തിലിരുന്ന മമത ബാനർജി, ഷായുടെ തന്ത്രങ്ങളെ ചെറുത്തുനിന്നു. ബംഗ്ലാദേശുമായുള്ള അതിർത്തിയിൽ സുരക്ഷാവേലി കെട്ടാൻ പല തവണ കേന്ദ്രം ആവശ്യപ്പെട്ടിട്ടും സ്ഥലം കൈമാറാൻ മമത കൂട്ടാക്കിയില്ല. (വിജയിച്ച ശേഷം സുവേന്ദു കൈക്കൊണ്ട ആദ്യ നടപടികളിലൊന്ന് സുരക്ഷാവേലിക്കു വേണ്ട സ്ഥലം വിട്ടുകൊടുക്കുകയായിരുന്നു.) ആ പ്രദേശങ്ങൾ വഴി ഒഴുകിയെത്തിയ ബംഗ്ലാദേശികൾക്ക് സർക്കാർ രേഖകളുണ്ടാക്കി നൽകാൻ തൃണമൂൽ നേതാക്കളും മമതാസർക്കാരും കൂട്ടുനിന്നുവെന്ന് ബിജെപി ആരോപിക്കുന്നു.

2026 മെയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ എൻഡിഎ വിജയം ഒരു രാഷ്ട്രീയഭൂകമ്പമാണ്. ആ പോരാട്ടത്തിനു മുന്നിൽ അമിത് ഷായുണ്ടായിരുന്നു. ജനങ്ങൾക്ക് നിർഭയമായി വോട്ടു ചെയ്യുന്നതിന് അവസരമൊരുക്കാൻ ആയിരക്കണക്കിന് കേന്ദ്രപോലീസ് സൈനികരെ അദ്ദേഹം കളത്തിലിറക്കി. എന്നാൽ, തിരഞ്ഞെടുപ്പിൽ വൻ ക്രമക്കേടുകൾ നടന്നെന്ന ആരോപണം പ്രതിപക്ഷം ഉയർത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മമത ഗുരുതരമായ ആരോപണങ്ങളുയർത്തി. എന്തായാലും ബംഗാൾ ജയത്തോടെ ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിൽ ബിജെപിയുടെ ഏതാണ്ട് പൂർണ്ണമായ ആധിപത്യമായിരിക്കുന്നു. അസം, ത്രിപുര, വടക്കുകിഴക്കൻ ഭാഗത്തെ മിക്ക സംസ്ഥാനങ്ങൾ എന്നിവയ്ക്കൊപ്പം ബംഗാളും ചേർന്നപ്പോൾ സുരക്ഷാരംഗത്ത് കാര്യങ്ങൾ കൂടുതൽ എളുപ്പമായി.

കിഴക്കൻ അതിർത്തി ഭദ്രമാക്കാൻ നടപടികളെടുത്ത അമിത് ഷാ മേയ് അവസാനം രാജസ്ഥാൻ, ഗുജറാത്ത്, ത്രിപുര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ സന്ദർശിച്ചു. ബിക്കാനീറിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയോടൊപ്പം ഉന്നതതല സുരക്ഷാ അവലോകന യോഗം നടത്തി. അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 15 കിലോമീറ്റർ പരിധിയിൽ അനധികൃത നിർമാണങ്ങൾ വെച്ചുപൊറുപ്പിക്കരുതെന്നും അവയെല്ലാം പൊളിച്ചുനീക്കണമെന്നും ഷാ നിർദേശിച്ചു. ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് ബാങ്കിങ് ഇടപാടുകൾ, ഫണ്ടിങ് സ്രോതസ്സുകൾ, വ്യാജ ആധാർ, കള്ളക്കടത്ത് തുടങ്ങിയവ നിരീക്ഷിക്കുന്നതടക്കമുള്ള വിപുലമായ ചുമതലകൾ നൽകി.

മെയ് 30-ന് ഗുജറാത്തിലെ കച്ചിലുള്ള സർ ക്രീക്ക്, ഹരാമി നാല പ്രദേശങ്ങൾ ആഭ്യന്തരമന്ത്രി സന്ദർശിച്ചു. ഇന്ത്യ-പാകിസ്താൻ അതിർത്തിയിലെ ഏറ്റവും പ്രയാസകരമായ ഭാഗങ്ങളാണ് ഇവ- പുഴകൾ, ചതുപ്പ് നിലങ്ങൾ, ജലപ്രവാഹങ്ങൾ എന്നിവ നിറഞ്ഞ, നിരീക്ഷിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള പ്രദേശങ്ങൾ. ഹരാമി നാലയിൽ ബോട്ട് സന്ദർശനം നടത്തിയ അദ്ദേഹം ബോർഡർ ഔട്ട്‌പോസ്റ്റ് ജി ഏഴ് ഉദ്ഘാടനം ചെയ്തു. ഡ്രോണുകൾ, റഡാറുകൾ, ആധുനിക നിരീക്ഷണ സാങ്കേതികവിദ്യകൾ എന്നിവ സൈനികർക്കു പകരം ഉപയോഗിക്കുകയോ, അവരെ ശക്തിപ്പെടുത്തുകയോ ചെയ്യുന്ന, സാങ്കേതികവിദ്യക്ക് മേൽക്കൈയുള്ള അതിർത്തികളെ സൃഷ്ടിക്കുകയാണ് സ്മാർട്ട് ബോർഡർ പ്രോജക്ട് ലക്ഷ്യമിടുന്നത്.

വടക്കൻ അതിർത്തിയിൽ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ നേപ്പാൾ അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലെ മതപരമായ കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള അനധികൃത നിർമാണങ്ങൾ അതിവേഗം പൊളിച്ചുനീക്കുകയാണ്. രാജ്യത്തിനുള്ളിലെ സുരക്ഷാവലയവും ഗണ്യമായി ശക്തിപ്പെടുത്തിയിട്ടുണ്ട്. ഐഎസ്‌ഐ, ഐഎസ്‌ഐഎസ്, ഖലിസ്ഥാൻ എന്നിവയുമായി ബന്ധപ്പെട്ട നിരവധി മൊഡ്യൂളുകൾ സംസ്ഥാന, കേന്ദ്ര ഏജൻസികളുടെ ഏകോപിത പ്രവർത്തനത്തിലൂടെ തകർത്തതായി സുരക്ഷാ ഏജൻസികൾ പറയുന്നു. കേന്ദ്രം ഭീകരർക്കും ഭീകരരുടെ റിക്രൂട്ട്‌മെന്റിനും പണമെത്തിക്കുന്ന ശൃംഖലകളെ സമ്പൂർണമായി തകർക്കാനുള്ള ശ്രമത്തിലാണ്. മയക്കുമരുന്നു പിടിച്ചെടുക്കലും ഗണ്യമായ തോതിൽ വർധിച്ചിട്ടുണ്ട്.

സമീപകാലത്ത് കേന്ദ്രം നടത്തിയ മറ്റൊരു സുപ്രധാനനീക്കം ജനസംഖ്യാമാറ്റം പഠിക്കാനുള്ള ഉന്നതതല സമിതിയുടെ രൂപീകരണമാണ്. 2026 മെയ് 26ന് പ്രഖ്യാപിച്ച ഈ സമിതി നിയമവിരുദ്ധ കുടിയേറ്റം മൂലമുണ്ടാകുന്ന ജനസംഖ്യാമാറ്റങ്ങൾ പഠിക്കും. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പ്രകാശ് പ്രഭാകർ നാവലേക്കറാണ് അധ്യക്ഷൻ. വിമർശകർ ഇതിനെ ഒരു പ്രത്യേക സമുദായത്തിനെതിരായ നടപടിയായും ബിജെപി സർക്കാരിന്റെ ജനസംഖ്യാപരമായ അജണ്ടയായും കാണുന്നു.

അതിർത്തിരക്ഷയ്ക്കു പിന്നിലെ വൻപദ്ധതി

രണ്ടാം ടേമിലെ അമിത് ഷായുടെ നടപടികൾ ഒരുമിച്ച് നോക്കുമ്പോൾ, അവ ആഭ്യന്തര മന്ത്രാലയത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് അപ്പുറമുള്ള ഒരു പദ്ധതിയുടെ സൂചന നൽകുന്നു. 2019-ലെ സിഎഎയോടൊപ്പം എൻആർസി നിർദേശിക്കപ്പെട്ടിരുന്നു. സിഎഎ 2024-ൽ നടപ്പാക്കിയെങ്കിലും എൻആർസി മരവിപ്പിക്കപ്പെട്ട നിലയിലാണ്. അസമിലെ എൻആർസി വൻ ബ്യൂറോക്രാറ്റിക്, രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായിരുന്നു. 140 കോടി ജനസംഖ്യയുള്ള രാജ്യത്ത് ഇത് നടപ്പാക്കാൻ വലിയ മുന്നൊരുക്കങ്ങൾ ആവശ്യമാണ്. അവയെല്ലാം ക്രമേണ ഒരുങ്ങുന്നതായി കാണാം!

ഭൗതികമായി പരിശോധിച്ച് അതിർത്തി, അതിർത്തിമേഖലയിലെ എല്ലാ നിർമാണങ്ങളും ജനങ്ങളും എന്നിവ രേഖപ്പെടുത്തൽ, സംശയാസ്പദ ബാങ്ക് ഇടപാടുകളെക്കുറിച്ചുള്ള സാമ്പത്തിക വിവരങ്ങൾ ശേഖരിക്കൽ, വിശ്വസനീയമായ ഡിജിറ്റൽ ഐഡന്റിറ്റി (ആധാർ) ഉറപ്പാക്കൽ, എൻആർസിയുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ചൂഷണം ചെയ്യാൻ കഴിയുന്ന ഭീകരശക്തികളെ ഇല്ലാതാക്കൽ തുടങ്ങിയവ പുരോഗമിക്കുന്നു, അതിർത്തിയിൽ നിന്നും 15 കിലോമീറ്റർ വരെയുള്ള മേഖല ശുദ്ധീകരിക്കുന്നു, വ്യാജ ആധാറുകളെ അസാധുവാക്കുന്നു. കേന്ദ്രവുമായി സഹകരിക്കുന്ന ബംഗാൾ സർക്കാർ ഉണ്ടായതും ഐഎസ്‌ഐ, ഐഎസ്‌ഐഎസ്, ഖലിസ്ഥാൻ മൊഡ്യൂളുകൾ തകർക്കപ്പെട്ടതും എൻആർസിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ അക്രമാസക്തമാകാനുള്ള സാധ്യത കുറയ്ക്കുന്നു.

2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ വൈകാതെ എൻആർസിയെക്കുറിച്ച് ബിജെപി ആലോചിച്ചേക്കാം. പക്ഷേ, ഇത് വിചാരിക്കുന്നത്ര എളുപ്പമാവില്ല. സിഎഎക്കു മാസങ്ങൾ നീണ്ട പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു, എൻആർസിക്കെതിരായ പ്രക്ഷോഭം അതിനെക്കാൾ രൂക്ഷമാവുമെന്ന് വിമർശകർ പറയുന്നു. ദീർഘനാൾ രാജ്യം മുഴുവൻ ആശയക്കുഴപ്പത്തിനു കാരണമാവുമെന്നും അവർ വാദിക്കുന്നു. അസമിലെ അനുഭവം സൂചിപ്പിക്കുന്നത് പോലെ, പൗരത്വപ്പട്ടികയിൽ നിന്നും വൻതോതിലുള്ള ഒഴിവാക്കലുകൾ ഉണ്ടാകാം, അത് സാമുദായിക പരാതികൾക്കും സാമൂഹിക അസ്വസ്ഥതയ്ക്കും കാരണമാകാം.

എൻആർസി എപ്പോളെത്തുമെന്ന് പറയാനാവില്ല. രാഷ്ട്രീയ സമവാക്യങ്ങൾ, ഭരണഘടനാപരമായ വെല്ലുവിളികൾ, ഭരണപരമായ കടുത്ത സങ്കീർണതകൾ എന്നിവ ഇതിനെ വൈകിപ്പിക്കുകയോ തടയുകയോ ചെയ്യാം. എന്നാൽ ഇപ്പോൾ നിർമിക്കപ്പെടുന്ന ഭൗതികവും ഡിജിറ്റലും സ്ഥാപനപരവും രാഷ്ട്രീയവുമായ അടിത്തറയ്ക്ക് വലിയൊരു തയ്യാറെടുപ്പിന്റെ ലക്ഷണമുണ്ട്. ഇനി പൗരത്വരജിസ്റ്റർ ഉണ്ടായില്ലെങ്കിലും കൂടുതൽ കർശനമായ നിരീക്ഷണവും പഴുതടച്ച സുരക്ഷയുമുള്ള, വിദേശപൗരൻമാർക്ക് അനായാസം കടന്നുവരാൻ കഴിയാത്ത അതിർത്തികൾ ഉണ്ടാവുമെന്ന് ഉറപ്പാണ്. ഭരണപരമായ ലക്ഷ്യങ്ങൾ നേടുമ്പോൾ സാമൂഹിക, സാമുദായിക സൗഹാർദ്ദം നിലനിർത്തുക എന്നത് സർക്കാരിന് വലിയ വെല്ലുവിളിയായിരിക്കും.