ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യ അഞ്ച് യുദ്ധ വിമാനങ്ങളക്കം പാകിസ്താന്റെ ആറ് വിമാനങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്ന് വ്യോമസേന മേധാവി എയര്‍മാര്‍ഷല്‍ എ.പി.സിങ്. പാകിസ്താന് സംഭവിച്ച നാശനഷ്ടങ്ങളുടെ എണ്ണം സംബന്ധിച്ച് വ്യോമസേനയുടെ ഉന്നത റാങ്കില്‍ നിന്നുള്ള ആദ്യ സ്ഥിരീകരണമാണിത്.

To advertise here,

അഞ്ച് യുദ്ധ വിമാനങ്ങള്‍ കൂടാതെ പാകിസ്താന്റെ ഒരു വ്യോമാക്രമണ മുന്നറിയിപ്പ് ( Airborne Warning and Control System - AWACS) വിമാനമാണ് തകര്‍ത്തിട്ടുള്ളതെന്ന് ഐഎഎഫ് മേധാവി പറഞ്ഞു. ബെംഗളൂരുവില്‍ നടന്ന ഒരു പരിപാടിയിലാണ് വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യയുടെ കൈവശമുള്ള റഷ്യയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനമാണ് പാക് വിമാനങ്ങളെ തകര്‍ത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

പാകിസ്താന്റെ ആറ് വിമാനങ്ങള്‍ ആകാശത്ത് വെച്ച് തകര്‍ത്തത് കൂടാതെ അവരുടെ രണ്ടോ അധിലധികമോ യുദ്ധ വിമാനങ്ങള്‍ നിലത്ത് വെച്ച് തകര്‍ത്തിട്ടുണ്ടെന്നാണ് വിവരം. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണങ്ങള്‍ക്ക് മുമ്പും ശേഷവുമുള്ള സാറ്റലൈറ്റ് ചിത്രങ്ങളും എയര്‍ഫോഴ്‌സ് മേധാവി ചടങ്ങില്‍ പങ്കുവെച്ചു.

ജയ്ഷ്-ഇ-മുഹമ്മദിന്റെ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന പാകിസ്താനിലെ ബഹവല്‍പൂര്‍ ക്യാമ്പിന് നേരെ നടത്തിയ ആക്രമണത്തില്‍ സമീപത്തുള്ള കെട്ടിടങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി അവകാശപ്പെട്ടു.