ന്യൂഡല്‍ഹി: 14 പേരുടെ മരണത്തിനിടയാക്കിയ ചെങ്കോട്ടയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം ഇന്ത്യയുടെ സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ വെല്ലുവിളികളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ച പലസ്തീനിലെ ഹമാസിന്റെ പ്രത്യയശാസ്ത്രപരമായ സ്വാധീനം ദക്ഷിണേഷ്യയിലേക്ക്, പ്രത്യേകിച്ച് പാകിസ്താനിലേക്ക്, വ്യാപിച്ചിട്ടുള്ളതായും അത് ഇന്ത്യയ്ക്ക് വലിയ തലവേദന സൃഷ്ടിക്കുന്ന കാര്യമാണെന്നും ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലുമായുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് ഹമാസ് ഏറെക്കുറെ നാശത്തിന്റെ വക്കിലാണ്. എന്നാല്‍, ജെയ്‌ഷെ ഭീകരരുടെ ഏറ്റവും പുതിയ ആക്രമണങ്ങൾ പരിശോധിക്കുമ്പോൾ ഹമാസിന്റെ ആക്രമണരീതികളുമായി അവയ്ക്ക് വലിയ സാമ്യമുള്ളതായി മനസിലാക്കാന്‍ സാധിക്കും. ഈ വര്‍ഷം ആദ്യം നടന്ന പഹല്‍ഗാം ആക്രമണത്തിന് 2023 ഒക്ടോബർ ഏഴിന് ഇസ്രയേലില്‍ നടന്ന കൂട്ടക്കൊലയുമായി സാമ്യമുണ്ടായിരുന്നു. ഇപ്പോള്‍, ഹരിയാനയില്‍ തകര്‍ത്ത 'വൈറ്റ് കോളര്‍' ഭീകരവാദ ഘടകം ഡ്രോണുകള്‍ ഉപയോഗിച്ച് ഹമാസ് ശൈലിയിലുള്ള ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നതായും അന്വേഷണങ്ങളില്‍ വ്യക്തമായിട്ടുണ്ട്.
ഡാനിഷ് എന്ന ജാസിര്‍ ബിലാല്‍ വാനിയുടെ അറസ്റ്റോടെയാണ് ചെങ്കോട്ടയിലെ ഭീകരാക്രമണത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുവന്നത്. ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള ഈ ഘടകം, ഒന്നിലധികം നഗരങ്ങളില്‍ ആക്രമണം നടത്താന്‍ ഡ്രോണുകളെ റോക്കറ്റ് മാതൃകയിലുള്ള ബോംബുകളായി ഉപയോഗിക്കുന്നതിനായി മാറ്റം വരുത്തിക്കൊണ്ടിരിക്കുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡ്രോണുകളില്‍ ക്യാമറ ഘടിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു.
2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് ആക്രമണം നടത്തിയ രീതിക്ക് സമാനമാണിത്. അന്ന് പരമാവധി നാശം വിതയ്ക്കുന്നതിനായി അവര്‍ ആയുധങ്ങള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നു. കഴിഞ്ഞ 12 മാസമായി ദക്ഷിണേഷ്യയില്‍ ഹമാസിന്റെ വര്‍ധിച്ചുവരുന്ന സ്വാധീനം കാണാതിരിക്കാനാവില്ല. ഗാസയില്‍ ഇസ്രയേലുമായി നടന്ന രണ്ട് വര്‍ഷത്തെ യുദ്ധത്തെത്തുടര്‍ന്ന് തകര്‍ന്നടിഞ്ഞ ഹമാസ് പ്രവര്‍ത്തകര്‍ പാകിസ്താനില്‍ അഭയം തേടുന്നതായി യുഎസ് ആസ്ഥാനമായുള്ള മിഡില്‍ ഈസ്റ്റ് ഫോറത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ പാക് അധീന കശ്മീരില്‍ നടന്ന 'ഇന്ത്യാ വിരുദ്ധ' സമ്മേളനത്തില്‍ ഹമാസിന്റെ ചില ഉന്നത നേതാക്കൾ പങ്കെടുത്തതിന് ശേഷമാണ് ഹമാസ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണ വലയത്തിലായത്. പാകിസ്താനില്‍ 'കശ്മീര്‍ ഐക്യദാര്‍ഢ്യ ദിന'മായി ആചരിക്കുന്ന ഫെബ്രുവരി അഞ്ചിന് ലഷ്‌കറെ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങി പാകിസ്താന്‍ പിന്തുണയുള്ള ഭീകര സംഘടനകള്‍ ഹമാസ് നേതാക്കളെ സ്വീകരിക്കുന്ന വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.
പ്രതിനിധി സംഘത്തെ നയിച്ചത് ഇറാനിലെ ഹമാസിന്റെ പ്രതിനിധിയായ ഡോ. ഖാലിദ് അല്‍ ഖദൂമി ആയിരുന്നു. 2024-ല്‍ പാകിസ്താന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ ഖദൂമിയെ ക്ഷണിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. ഹമാസ് നേതാക്കള്‍ ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങള്‍ നടത്തുന്നതും കശ്മീരിനെയും പലസ്തീനെയും മുസ്ലീങ്ങളുടെ 'ഇരട്ട പോരാട്ടങ്ങളായി' ചിത്രീകരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
ദിവസങ്ങള്‍ക്ക് ശേഷം, ഹമാസ് സംഘം ബഹാവല്‍പുരിലെ ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനവും അതിര്‍ത്തി പ്രതിരോധത്തിന്റെ ചുമതലയുള്ള പാകിസ്താന്‍ സൈനിക കേന്ദ്രവും സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുണ്ട്. മാത്രമല്ല, 2024 മുതല്‍ ജെയ്‌ഷെ, ലഷ്‌കര്‍ തുടങ്ങിയ ഭീകര സംഘടനകള്‍ സംഘടിപ്പിക്കുന്ന റാലികളിലും പരിപാടികളിലും പാകിസ്താനിലെ ഹമാസ് പ്രതിനിധിയായ ഡോ. നാജി സഹീര്‍ സ്ഥിരം സാന്നിധ്യമാണ്.
പ്രത്യയശാസ്ത്രപരമായ ഈ ഒത്തുചേരലിന്റെ ബാക്കിപത്രം പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദൃശ്യമായിരുന്നു. ഫെബ്രുവരി അഞ്ചിലെ കൂടിക്കാഴ്ചയ്ക്ക് ആഴ്ചകള്‍ക്ക് ശേഷമാണ് പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടന്നത്. ആളുകളുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് മുസ്ലിങ്ങള്‍ അല്ലാത്തവരെ തൊട്ടടുത്ത് നിന്ന് വെടിവെച്ചുകൊന്ന ലഷ്‌കര്‍ ഭീകരര്‍ ഹെല്‍മെറ്റില്‍ ഘടിപ്പിച്ച ബോഡി ക്യാമറകള്‍ ഉപയോഗിച്ചത് ഹമാസുമായി ബന്ധപ്പെടുത്തുന്ന കാര്യമാണ്.
പഹല്‍ഗാമില്‍, വിനോദസഞ്ചാരികള്‍ ബൈസരന്‍ താഴ്വരയില്‍ അവധിക്കാലം ആഘോഷിക്കുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. ഇസ്രയേലില്‍, ഹമാസ് ആക്രമിക്കുമ്പോള്‍ ആളുകള്‍ സംഗീതോത്സവത്തിൽ പങ്കെടുക്കുകയായിരുന്നു. പഹല്‍ഗാമിലെ ആക്രമണത്തിന് പിന്നാലെ, 'പഹല്‍ഗാം ആക്രമണവും ഇസ്രയേലില്‍ 2023 ഒക്ടോബര്‍ ഏഴിന് നടന്ന സംഭവവും തമ്മില്‍ സാമ്യങ്ങളുണ്ട്' എന്നാണ് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ റൂവന്‍ അസര്‍ പറഞ്ഞത്.
മെയ് മാസത്തിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍, ചെലവു കുറഞ്ഞതും അതിവേഗത്തില്‍ തൊടുക്കാവുന്നതുമായ ഒന്നിലധികം പ്രൊജക്‌റ്റൈലുകള്‍ പാകിസ്താന്‍ ഇന്ത്യയിലേക്ക് തൊടുത്തുവിട്ടിരുന്നു. ഇത്തരം ആക്രമണങ്ങള്‍ സിറിയ, ഇറാഖ്, ഇസ്രയേല്‍ എന്നിവിടങ്ങളിലെ ഹമാസ്, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ ഗ്രൂപ്പുകളുടെ ശൈലിയാണ്. 'ഈ തന്ത്രങ്ങള്‍ മാനസികമായ അസ്വസ്ഥത സൃഷ്ടിക്കാനും ഹമാസ് പോലുള്ള ഗ്രൂപ്പുകളുടെ തന്ത്രങ്ങളെ അനുകരിക്കാനും ഉദ്ദേശിച്ചുള്ളതാണ്.' ഒരു മുതിര്‍ന്ന പ്രതിരോധ വിശകലന വിദഗ്ദ്ധന്‍ എഎന്‍ഐയോട് പറഞ്ഞു.
പാകിസ്താന്‍ സൈന്യവും ഭീകര സംഘടനകളും ഹമാസുമായി ബന്ധപ്പെട്ട തന്ത്രങ്ങള്‍ കൂടുതലായി സ്വീകരിക്കുന്ന സാഹചര്യത്തില്‍, ഹമാസ് പ്രവര്‍ത്തകര്‍ക്ക് ഒരു പുതിയ തട്ടകമായി പാകിസ്താന്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് യുഎസ് ആസ്ഥാനമായുള്ള മിഡില്‍ ഈസ്റ്റ് ഫോറം ഒക്ടോബറിലെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. 'ഗാസയില്‍ ഹമാസിനെ നിരായുധീകരിക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, ഹമാസിന് പുനരുജ്ജീവിക്കാനുള്ള അടുത്ത ഫലഭൂയിഷ്ഠമായ മണ്ണായി പാകിസ്താന്‍ മാറിക്കൊണ്ടിരിക്കുന്നു എന്ന വസ്തുത അവഗണിക്കാനാവില്ല.' റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡല്‍ഹി സ്‌ഫോടനക്കേസിലെ അന്വേഷണ വിവരങ്ങള്‍ ജെയ്‌ഷെ-ഹമാസ് ബന്ധത്തിന്റെ സാധ്യതയാണ് വെളിച്ചത്ത് കൊണ്ടുവന്നിരിക്കുന്നത്. അങ്കാറ ആസ്ഥാനമായുള്ള ഒരു ജെയ്‌ഷെ ഭീകരന്‍ ചെങ്കോട്ട സ്‌ഫോടനക്കേസിലെ പ്രതിയായ ഡോ. ഉമറുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു. ഡോ. ഉമറും ഫരീദാബാദ് ഭീകരവാദ ഘടകത്തിലെ ചില അംഗങ്ങളും 2022-ല്‍ തുര്‍ക്കിയിലേക്ക് യാത്ര ചെയ്യുകയും അവിടെവെച്ച് ഈ ഭീകരനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തുവെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നു.
തുര്‍ക്കി ഈ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും അവര്‍ ഹമാസിനെ ശക്തമായി പിന്തുണക്കുന്നവരാണ് എന്നത് പരസ്യമാണ്. അതിനാല്‍, ജെയ്‌ഷെ-ഹമാസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള ബന്ധത്തിനു സാധ്യത വളരെ കൂടുതലാണ്. ഈ പശ്ചാത്തലത്തില്‍, ഹമാസിന്റെ പ്രത്യയശാസ്ത്രത്തിന് സുരക്ഷിത താവളമായി പാകിസ്താനും പാക് അധീന കശ്മീരും മാറുമെന്ന ഭീഷണി ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് വലിയ തലവേദനയായി മാറിയിട്ടുണ്ട്.
Content Highlights: Investigating the chilling rise of Hamas-style terror tactics in India, linked to the Delhi blast case & Pakistan-backed groups. A new security headache.
Published: 18 Nov 2025, 05:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented