ന്യൂഡൽഹി: മാറിക്കൊണ്ടിരിക്കുന്ന ആഗോള വ്യാപാര സാഹചര്യങ്ങൾക്കിടയിൽ ഏത് വെല്ലുവിളിയും നേരിടാൻ ഇന്ത്യ പൂർണ്ണമായും തയ്യാറാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്. ഊർജസുരക്ഷയാണ് രാജ്യത്തിന്റെ പ്രധാന പരിഗണനയെന്നും എവിടെ നിന്നാണോ ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്നത് അവിടെനിന്ന് എണ്ണ വാങ്ങുമെന്നും കീർത്തി വർധൻ സിങ് വ്യക്തമാക്കി.
'ഇന്ത്യൻ സമ്പദ്വ്യവസ്ഥ വളരെ ശക്തമാണ്. വ്യവസായവും ശക്തമാണ്. എന്താണ് സംഭവിക്കുകയെന്ന് ഞങ്ങൾ പഠിക്കും; നമുക്ക് ദോഷം വരാത്ത രീതിയിൽ ഉചിതമായ നടപടികൾ സ്വീകരിക്കും. ലോകം മാറുകയാണ്, നിക്ഷേപ അന്തരീക്ഷം മാറുകയാണ്. ഏത് സാഹചര്യത്തെയും നേരിടാൻ ഇന്ത്യ പൂർണ്ണമായും സജ്ജമാണ്.' ഇരുപതാമത് സിഐഐ ഇന്ത്യ-ആഫ്രിക്ക ബിസിനസ് കോൺക്ലേവിനിടെ സിങ്് പറഞ്ഞു.
പരസ്പരം പ്രയോജനകരമായ ബന്ധങ്ങളിലും രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് ഉതകുന്ന നടപടികളിലുമായിരിക്കും ഇന്ത്യ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുക. മാറുന്ന സാഹചര്യത്തിൽ, നമ്മുടെ ദേശീയ താൽപ്പര്യത്തിന് ഏറ്റവും ഉതകുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം, അതായത് ചൂഷണത്തിന് പകരം പരസ്പരം പ്രയോജനകരമായ ബന്ധങ്ങൾ വളർത്തുക എന്നതാണ് ലക്ഷ്യം.' അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഊർജ, സാങ്കേതിക ലക്ഷ്യങ്ങൾക്ക് അത്യന്താപേക്ഷിതമായ വിഭവങ്ങൾ ഉറപ്പാക്കുന്നതിനുള്ള പ്രധാന മേഖലയായ തന്ത്രപ്രധാന ധാതുക്കളുടെ കാര്യത്തിൽ ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള സഹകരണം ഇന്ത്യ ശക്തമാക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
'ആഫ്രിക്കയുമായുള്ള നമ്മുടെ വ്യാപാരത്തിന് നൂറുകണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്. വിശ്വാസത്തിലും തുടർച്ചയിലും കെട്ടിപ്പടുത്ത ബന്ധമാണത്. ആഫ്രിക്കയ്ക്ക് വലിയ സാധ്യതകളും വിഭവങ്ങളുമുണ്ട്; ഇന്ത്യ ഈ ഭൂഖണ്ഡത്തെ സ്വാഭാവിക പങ്കാളിയായി കാണുന്നു. ഇന്ത്യൻ പ്രവാസികൾ ആഫ്രിക്കയിൽ സ്ഥിരതാമസമാക്കുക മാത്രമല്ല, പ്രാദേശിക സമൂഹങ്ങളുമായി ആഴത്തിൽ ഇടപഴകുകയും ചെയ്തിട്ടുണ്ട്.' കീർത്തി വർധൻ സിങ് ചൂണ്ടിക്കാട്ടി.
2023-ൽ ജി 20-ക്ക് ആതിഥേയത്വം വഹിച്ചപ്പോൾ ആഫ്രിക്കയ്ക്ക് ആഗോളവേദിയിൽ അർഹമായ ശബ്ദം നൽകുന്നതിനായി ആഫ്രിക്കൻ യൂണിയനെ ജി 20-ൽ ഉൾപ്പെടുത്താനുള്ള പ്രധാനമന്ത്രി മോദിയുടെ തീരുമാനം, ചരിത്രപരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ-ആഫ്രിക്ക വ്യാപാരം 100 ബില്യൺ ഡോളർ കടന്നുവെന്നും ഇന്ത്യ ഭൂഖണ്ഡത്തിലെ മികച്ച അഞ്ച് നിക്ഷേപകരിൽ ഒരാളായി ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു.
'നമ്മുടെ രാജ്യത്ത് അധികത്തീരുവ ചുമത്താൻ പറഞ്ഞ കാരണങ്ങൾ, ഇതേ ഇടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന മറ്റ് പലർക്കും ബാധകമാണ്. എന്നിട്ടും അവർക്ക് അത്തരം നിയന്ത്രണങ്ങളൊന്നും നേരിടേണ്ടി വരുന്നില്ല. ഇത് അന്യായവും വിവേചനപരവുമായ തീരുവ ചുമത്തലിന്റെ വ്യക്തമായ ഉദാഹരണമാണ്.' കീർത്തി വർധൻ സിങ് പറഞ്ഞു.
Content Highlights: India is prepared for any global trade situation, prioritizing energy security
Published: 27 Aug 2025, 09:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented