ന്യൂഡല്‍ഹി: പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ സൈനികനടപടി ഉടനുണ്ടാകുമെന്ന് പാക് വാര്‍ത്താവിനിമയ മന്ത്രി അത്താവുള്ള തരാര്‍. 36 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ സൈനിക നടപടി ഉണ്ടാകുമെന്ന് രഹസ്യാന്വേഷണവിഭാഗത്തിന്റെ വിവരം ലഭിച്ചതായി അത്താവുള്ള തരാര്‍ പറഞ്ഞു. അത്തരം നടപടി ഉണ്ടാകുന്നപക്ഷം പാകിസ്താന്റെ ഭാഗത്തുനിന്ന് കനത്ത തിരിച്ചടിയുണ്ടായേക്കുമെന്ന് പാക് മന്ത്രി മുന്നറിയിപ്പ് നല്കി. പഹല്‍ഗാം ഭീകരാക്രണത്തില്‍ പാകിസ്താന് പങ്കുണ്ടെന്നുള്ള അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഇന്ത്യ ആക്രമണത്തിന് മുതിരുന്നതെന്നും അത്താവുള്ള കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ 'ജഡ്ജിയും ജ്യൂറിയും ആരാച്ചാരും' കളിക്കുകയാണെന്നും പാകിസ്താന് അക്കാര്യം ഒരിക്കലും സ്വീകാര്യമല്ലെന്നും അത്താവുള്ള പറഞ്ഞു. സത്യാവസ്ഥ കണ്ടെത്തുന്നതിന് നിഷ്പക്ഷമായ ഒരു വിദഗ്ധസമിതിയുടെ സത്യസന്ധവും സുതാര്യവും സ്വതന്ത്രവുമായ അന്വേഷണത്തിന് ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രമെന്ന നിലയില്‍ പാകിസ്താന് സന്നദ്ധത പ്രകടിപ്പിച്ചിരുന്നതായും പാകിസ്താനും ഭീകരവാദത്തിന്റെ ഇരയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രത്തിന്റെ പരമാധികാരത്തേയും പ്രാദേശിക അഖണ്ഡതയേയും സംരക്ഷിക്കാന്‍ പാകിസ്താന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ആവര്‍ത്തിച്ച അത്താവുള്ള ഇരുരാഷ്ട്രങ്ങളും തമ്മിലുണ്ടാകാനിരിക്കുന്ന സംഘര്‍ഷങ്ങളുടെ അനന്തരഫലത്തിന്റെ പൂര്‍ണഉത്തരവാദിത്വം ഇന്ത്യയ്ക്കായിരിക്കുമെന്നും പ്രസ്താവിച്ചു. സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു പ്രസ്താവന.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് തിരിച്ചടി നല്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സേനകള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം നല്കി. സേനകളില്‍ പൂര്‍ണവിശ്വാസം പ്രകടിപ്പിച്ച മോദി, പ്രത്യാക്രമണ നടപടികള്‍ക്കായി സേനകള്‍ക്ക് പൂര്‍ണ പ്രവര്‍ത്തനസ്വാതന്ത്ര്യം (ഓപ്പറേഷണല്‍ ഫ്രീഡം) നല്‍കിയതായാണ് റിപ്പോര്‍ട്ട്. സുരക്ഷാനടപടി ചര്‍ച്ചചെയ്യാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ചൊവ്വാഴ്ച രണ്ട് ഉന്നതതലയോഗങ്ങളാണ് ചേര്‍ന്നത്. വൈകീട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്, കരസേനാമേധാവി ഉപേന്ദ്ര ദ്വിവേദി, നാവികസേനാമേധാവി അഡ്മിറല്‍ ദിനേഷ് കെ. ത്രിപാഠി, വ്യോമസേനാമേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ് എന്നിവര്‍ പങ്കെടുത്തു. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി. ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ അര്‍ധസൈനിക വിഭാഗം മേധാവികളുമായും ചര്‍ച്ച നടത്തി.
തിരിച്ചടിയുടെ സമയവും ലക്ഷ്യവും രീതിയും സേനകള്‍ക്ക് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ബുധനാഴ്ച കേന്ദ്രമന്ത്രിസഭാ യോഗവും മന്ത്രിസഭയുടെ സുരക്ഷാകാര്യസമിതിയും ചേരാനിരിക്കെയാണ് ഉന്നതതലയോഗം ചേര്‍ന്നത്. പാക് വിമാനങ്ങള്‍ക്ക് വ്യോമപാത തടയുന്നതും കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങള്‍ വിലക്കുന്നതും ഉള്‍പ്പെടെയുള്ള തീരുമാനങ്ങളിലേക്ക് കടക്കുമെന്നാണ് സൂചന.
Content Highlights: Pakistan`s communication minister warns of imminent Indian military action
Published: 30 Apr 2025, 08:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented