
ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂറിനിടെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ സംസാരിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്. ഓപ്പറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയിലാണ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന.
പഹല്‍ഗാം ഭീകരാക്രമണം നടന്ന ഏപ്രില്‍ 22 മുതല്‍ ഓപ്പറേഷന് സിന്ദൂറില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്ന മെയ് 10 വരെയുള്ള ഒരുസമയത്തും പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് ജയ്ശങ്കര് ലോക്സഭയില്‍ പറഞ്ഞു.
അതേസമയം മോദിയും യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും തമ്മില്‍ സംസാരിച്ചിരുന്നുവെന്നും എന്നാല്‍ വെടിനിര്‍ത്തലോ, വ്യാപാര കരാറോ സംബന്ധിച്ച സംസാരങ്ങളുണ്ടായില്ലെന്നും ജയ്ശങ്കര് പറഞ്ഞു. മെയ് ഒമ്പതിന് വാന്‍സ് പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് പാകിസ്താന്റെ ആക്രമണത്തേപ്പറ്റി മുന്നറിയിപ്പ് നല്കി. എന്നാല്‍ പാകിസ്താന് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചടി കടുത്തതാകുമെന്ന മുന്നറിയിപ്പാണ് മോദി മറുപടിയായി നല്‍കിയതെന്നും ജയ്ശങ്കര് കൂട്ടിച്ചേര്‍ത്തു.
ഇതിന് പിന്നാലെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വിളിച്ച് പാകിസ്താന് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു. മണിക്കൂറുകള്‍ക്കകം പാക് മിലിട്ടറി ഓപ്പറേഷന് ജനറല്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് വെടിനിര്‍ത്തലിന് തയ്യാറാണെന്ന് അറിയിക്കുകയായിരുന്നുവെന്ന് ജയ്ശങ്കര് പറഞ്ഞു.
ഇന്ത്യ ഭീകരവാദത്തോട് ഒരിക്കലും സഹിഷ്ണുത പുലര്‍ത്തില്ല എന്ന ശക്തമായ സന്ദേശമാണ് ഓപ്പറേഷന് സിന്ദൂറിലൂടെ നല്‍കിയത്. പഹല്‍ഗാമിന് ശേഷം കൃത്യമായ സന്ദേശമാണ് നല്‍കിയത്. നിങ്ങള്‍ ചുവപ്പുവര മറികടന്നു, അതിന് തീര്‍ച്ചയായും പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പാണ് നല്‍കിയത്. 1960ല്‍ നിലവില്‍ വന്ന സിന്ധു നദീജല കലരാര്‍ മരവിപ്പിച്ചത് അതിന്റെ ഭാഗമായാണെന്നും അദ്ദേഹം വിശദികരിച്ചു.
ജയ്ശങ്കര് സഭയില്‍ പ്രസ്താവന നടത്തുന്നതിനിടെ ഇടപെട്ട് സംസാരിക്കാന്‍ പ്രതിപക്ഷ എംപിമാര്‍ ശ്രമിച്ചത് ആഭ്യന്തര മന്ത്രി അമിത് ഷായെ പ്രകോപിതനാക്കി. അദ്ദേഹം പ്രതിപക്ഷത്തിനെതിരെ സഭയില്‍ എഴുന്നേറ്റ് നിന്ന് വിമര്‍ശനങ്ങളുന്നയിച്ചു.
പ്രതിപക്ഷത്തിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയില്‍ വിശ്വാസമില്ല, എന്നാല്‍ അവര്‍ക്ക് മറ്റേതെങ്കിലും രാജ്യത്തോടാണ് വിശ്വാസമെന്നും അമിത് ഷാ പറഞ്ഞു.
'അവരുടെ പാര്‍ട്ടിയില്‍ വിദേശത്തിന്റെ പ്രാധാന്യം എനിക്ക് മനസ്സിലാകും. എന്നാല്‍ ഇതിനര്‍ത്ഥം അവരുടെ പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും ഈ സഭയില്‍ അടിച്ചേല്‍പ്പിക്കണമെന്ന് അര്‍ത്ഥമാക്കുന്നില്ല. അതുകൊണ്ടാണ് അവര്‍ പ്രതിപക്ഷ ബെഞ്ചുകളില്‍ ഇരിക്കുന്നത്, അടുത്ത 20 വര്‍ഷത്തേക്ക് അവിടെ തന്നെ ഇരിക്കും' അമിത് ഷാ പറഞ്ഞു.
പ്രതിപക്ഷ ബഹളം സ്പീക്കര്‍ നിയന്ത്രിക്കാത്തതിലും അമിത് ഷാ പ്രകോപിതനായി. 'അവരുടെ അംഗങ്ങള്‍ സംസാരിച്ചപ്പോള്‍ ഞങ്ങള്‍ ക്ഷമയോടെ കേട്ടിരുന്നു. അവര്‍ എത്രത്തോളം നുണകള്‍ പറഞ്ഞിട്ടുണ്ടെന്ന് ഞാന്‍ നാളെ അറിയിക്കാം. അവര്‍ക്ക് സത്യം കേള്‍ക്കാന്‍ കഴിയുന്നില്ല. ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയം ചര്‍ച്ച ചെയ്യുകയും വിദേശകാര്യ മന്ത്രി സംസാരിക്കുകയും ചെയ്യുമ്പോള്‍ പ്രതിപക്ഷം അദ്ദേഹത്തെ ശല്യപ്പെടുത്തുന്നത് ശരിയാണോ? സ്പീക്കര്‍ സര്, അങ്ങ് അവരെ പറഞ്ഞ് മനസ്സിലാക്കണം, അല്ലെങ്കില്‍ പിന്നീട് ഞങ്ങളുടെ അംഗങ്ങളെയും ഒന്നും പറഞ്ഞ് മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞെന്ന് വരില്ല' അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
പഹല്‍ഗാം ആക്രമണത്തിന് ശേഷമുള്ള സര്‍ക്കാരിന്റെ നയതന്ത്ര ശ്രമങ്ങള്‍ വിജയകരമായിരുന്നുവെന്നും വിദേശകാര്യ മന്ത്രി ജയ്ശങ്കര് പറഞ്ഞു, ആ നയതന്ത്രത്തിന്റെ ഫലമായി, ഐക്യരാഷ്ട്രസഭയിലെ 190 രാജ്യങ്ങളില്‍ പാകിസ്താനെ കൂടാതെ മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് ഓപ്പറേഷന് സിന്ദൂറിനെ എതിര്‍ത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
'ഭീകരവാദം അംഗീകരിക്കാനാവില്ലെന്നും ആക്രമിക്കപ്പെട്ട രാജ്യത്തിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും ബഹുഭൂരിക്ഷം രാജ്യങ്ങളും അംഗീകരിച്ചു. ഇന്ത്യ ചെയ്തുകൊണ്ടിരുന്നത് അതുതന്നെയാണ്' ജയ്ശങ്കര് പറഞ്ഞു.
ദോക്ലാം പ്രതിസന്ധി ഘട്ടത്തില്‍ പ്രതിപക്ഷം ശത്രുരാജ്യത്തെയാണ് കൂടുതല്‍ വിശ്വസിച്ചതെന്നും ജയ്ശങ്കര് ആരോപിച്ചു. സര്‍ക്കാരില്‍ നിന്നോ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നോ അല്ല, ചൈനീസ് അംബാസഡറില്‍ നിന്നാണ് പ്രതിപക്ഷ നേതാവ് വിശദാംശങ്ങള്‍ തേടിയത്.
ഓപ്പറേഷന് സിന്ദൂര്‍ എന്തിനാണ് ഈ സമയത്ത് നിര്‍ത്തിയതെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തെയും അദ്ദേഹം വിമര്‍ശിച്ചു. മുംബൈ ഭീകരാക്രമണത്തിന് ശേഷം നിഷ്ക്രിയത്വം കാണിച്ച് അതാണ് നല്ല മാര്‍ഗമെന്ന് വിശ്വസിച്ചവരാണ് ഇപ്പോള്‍ ഈ ചോദ്യം ചോദിക്കുന്നതെന്നും ജയ്ശങ്കര് പരിഹസിച്ചു.
Content Highlights: Jaishankar clarified that PM Modi and US President Trump did not discuss the ceasefire
Published: 28 Jul 2025, 08:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented