
മുംബൈ: 26/11 മുംബൈ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്താൻ ഇന്ത്യൻ വ്യോമസേന (IAF) പൂർണസജ്ജമായിരുന്നു എന്ന മുൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ഫാലി ഹോമി മേജർ നടത്തിയ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാകുന്നു. സർക്കാരിന്റെ അനുമതി ലഭിച്ചാൽ 16 മണിക്കൂറിനുള്ളിൽ തിരിച്ചടി നൽകാൻ കഴിയുന്ന പദ്ധതി അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് മുന്നിൽ അവതരിപ്പിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
2021-ൽ ഇന്ത്യ ടുഡേ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഫാലി ഹോമി മേജർ ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. മുംബൈ ഭീകരാക്രമണം നടന്ന് ഇന്നലെ 18 വർഷം തികഞ്ഞിരുന്നു, തിരഞ്ഞെടുപ്പുകളുടെ കൂടി പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ വീണ്ടും ചർച്ചയായത്.
2008 നവംബർ 26-ന് നടന്ന മുംബൈ ഭീകരാക്രമണത്തിൽ 10 പാകിസ്താൻ ഭീകരർ നടത്തിയ കൂട്ടക്കൊലയിൽ 166 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 'മുംബൈയിൽ ഭീകരർ നടത്തിയ ആ ക്രൂരമായ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഞാൻ വ്യക്തിപരമായി ആഗ്രഹിച്ചിരുന്നു.' എന്നാണ് അന്നത്തെ ദിനങ്ങൾ ഒർത്തെടുത്തുകൊണ്ട് അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞത്.
'മൂന്ന് ദിവസത്തോളം നീണ്ടുനിന്ന ആക്രമണങ്ങൾക്കിടയിൽ, സർക്കാരിന്റെ അനുമതി ലഭിച്ചാൽ 16 മണിക്കൂറിനുള്ളിൽ പാകിസ്താനിലെയും പാക് അധീന കാശ്മീരിലെയും (POK) ഭീകരകേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്താൻ കഴിയുമെന്ന് നവംബർ 28-ന് വ്യോമസേന സർക്കാരിനെ അറിയിച്ചിരുന്നു.' മുംബൈ ഭീകരാക്രമണത്തിന് ശേഷം, തിരിച്ചടി നൽകാനുള്ള പദ്ധതിയെക്കുറിച്ച് ഇന്ത്യൻ വ്യോമസേന പ്രധാനമന്ത്രിയുടെ ഓഫീസിന് സമർപ്പിച്ച ഡോക്യുമെന്റ്‌സിനെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഭീകരർ ആക്രമണം തുടരുന്നതിനിടയിലും, ആക്രമണത്തിൽ പാകിസ്താന്റെ പങ്ക് വ്യക്തമായി സ്ഥിരീകരിച്ചിരുന്ന സമയത്തുമാണ് ഈ പദ്ധതി തയ്യാറാക്കിയത്. ഇന്ത്യയുടെ സൈനിക സാധ്യതകളെക്കുറിച്ച് രാഷ്ട്രീയ നേതൃത്വത്തെ ധരിപ്പിക്കാൻ മൂന്ന് സേനാവിഭാഗങ്ങളുടെയും മേധാവിമാരെ വിളിച്ചുവരുത്തിയപ്പോൾ, അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് മുന്നിൽ ഈ പദ്ധതി അവതരിപ്പിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.
'ഞങ്ങളുടെ ഓപ്പറേഷൻ സ്റ്റാഫുമായി ഞങ്ങൾ നേരത്തെ തന്നെ ചർച്ച ചെയ്യുകയും ഒരു പദ്ധതി തയ്യാറാക്കി വെക്കുകയും ചെയ്തിരുന്നു. ഈ ബ്രീഫിങ്ങിനിടെ ആ പദ്ധതി പ്രധാനമന്ത്രിക്ക് കൈമാറി.' മേജർ ഓർത്തെടുത്തു. പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങൾക്കെതിരെ 16 മണിക്കൂറിനുള്ളിൽ വ്യോമാക്രമണം നടത്താൻ വ്യോമസേനയ്ക്ക് കഴിയുമെന്ന് മേജർ സർക്കാരിനെ അറിയിച്ചതായി 2015-ലെ ഇന്ത്യ ടുഡേ മാഗസിൻ റിപ്പോർട്ടിലും വ്യക്തമാക്കുന്നു.
അന്ന് പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ആക്രമിക്കാനുള്ള ശേഷി വ്യോമസേനയ്ക്കുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഫാലി ഹോമി മേജറുടെ മറുപടി വളരെ വ്യക്തമായിരുന്നു. 'തീർച്ചയായും ഉണ്ടായിരുന്നു. അതുതന്നെയാണ് ഞാൻ പറയുന്നത്. രഹസ്യാന്വേഷണ ഏജൻസികൾ ഭീകരകേന്ദ്രങ്ങളെക്കുറിച്ച് വിവരം നൽകിയയിടങ്ങളിലെല്ലാം അതിർത്തി കടന്ന് വ്യോമാക്രമണം നടത്തുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.' അദ്ദേഹം പറഞ്ഞു.
എന്നാൽ രാഷ്ട്രീയ നേതൃത്വത്തിൽ നിന്ന് പ്രതീക്ഷിച്ച ഉത്തരവ് ഒരിക്കലും വന്നില്ല. 'മറുപടിയൊന്നും ഉണ്ടായിരുന്നില്ല. 'ഞങ്ങൾ നിങ്ങളെ അറിയിക്കാം' എന്നുമാത്രമാണ് അവർ പറഞ്ഞത്. അത്രമാത്രം.' അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ, അന്നത്തെ കേന്ദ്ര സർക്കാർ സൈനിക നടപടിക്ക് തുനിയാതെ നയതന്ത്രപരമായ സമീപനമാണ് സ്വീകരിച്ചത്. രണ്ട് ആണവായുധ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമായി അന്തരീക്ഷം മാറാതിരിക്കാനും, അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ പാക് ഭീകരതയിൽ നിന്ന് ഇന്ത്യ-പാക് അതിർത്തി തർക്കത്തിലേക്ക് തിരിയാതിരിക്കാനുമാണ് അന്ന് സൈനിക തിരിച്ചടി ഒഴിവാക്കിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എൻഡിഎ സർക്കാരിന്റെ കാലത്ത് അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകിയിരുന്നുവെന്നും യുപിഎ സർക്കാരിന്റെ കാലത്ത് ദുർബലമായ സമീപനമായിരുന്നുവെന്നുമാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് പഴയ അഭിമുഖത്തിലെ വിവരങ്ങൾ വീണ്ടും പൊങ്ങിവരുന്നത്.
Content Highlights: Former IAF Chief Air Chief Marshal Fali Homi Major revealed that the Indian Air Force was fully prepared to conduct airstrikes on terror camps in Pakistan and PoK in response to the 26/11 Mumbai attacks, pending government approval. The plan, which could be executed within 16 hours, was presented to then-Prime Minister Manmohan Singh, but the expected authorization from the political leadership never materialized. The Indian government opted for a diplomatic approach instead of military action to avoid escalating tensions between two nuclear-armed nations and to maintain international focus on Pakistan's role in terrorism.
Published: 27 Nov 2026, 11:25 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented