ടെഹ്‌റാൻ: ഇറാനിൽ വിവാഹത്തിന് മുമ്പ് ഗർഭിണിയായ മകളെ ക്രൂരമായി കൊലപ്പെടുത്തി മാതാപിതാക്കൾ. ഹെലിയ ഫത്താഹി എന്ന 19-കാരിയെയാണ് മാതാപിതാക്കൾ നിർബന്ധിച്ച് ഗുളികകൾ കഴിപ്പിച്ചു തലയിണകൊണ്ട് ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയത്. ദുരഭിമാനക്കൊല എന്ന് സംശയിക്കുന്ന ഈ സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ മാതാപിതാക്കളെ പോലീസ് അറസ്റ്റുചെയ്തു. ഇറാനിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ദാരുണമായി കൊല്ലപ്പെടുന്ന മൂന്നാമത്തെ യുവതിയാണ് ഹെലിയ ഫത്താഹി.

To advertise here,

അടുത്തിടെ ഇറാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട തുടർച്ചയായ സ്ത്രീപീഡനങ്ങളുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിൽ, ഇരകൾക്ക് സംരക്ഷണം നൽകുന്നതിൽ ഭരണകൂടവും നിയമവ്യവസ്ഥയും പരാജയപ്പെടുന്നുവെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളുടെ ജീവനും സ്വാതന്ത്ര്യത്തിനും സുരക്ഷ ഉറപ്പാക്കുന്നതിൽ നേരിടുന്ന ഗുരുതരമായ വീഴ്ചകൾ അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

പടിഞ്ഞാറൻ ഇറാനിയൻ നഗരമായ സനന്ദാജിലാണ് (Sanandaj) സംഭവം നടന്നത്. കഴിഞ്ഞ ആഴ്ചയാണ്, ഒരു യുവാവുമായുള്ള ബന്ധത്തെ തുടർന്ന് താൻ രണ്ടുമാസം ഗർഭിണിയാണെന്ന വിവരം ഹെലിയ ഫത്താഹി കുടുംബത്തെ അറിയിച്ചത്. പിന്നാലെ കോപാകുലരായ മാതാപിതാക്കൾ യുവതിയെ മാരകമായ പല അക്രമങ്ങൾക്കും ഇരയാക്കുകയായിരുന്നു. ക്രൂരമായി മർദിക്കുകയും 30-ഓളം അപസ്മാര പ്രതിരോധ ഗുളികകൾ കഴിപ്പിക്കുകയും ചെയ്തു.

ഇത്രയും ഗുളിക കഴിച്ചിട്ടും ജീവൻ നഷ്ടപ്പെട്ടിട്ടില്ല എന്ന് മനസിലാക്കിയതോടെയാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ശനിയാഴ്ച (നവംബർ 21) മകൾക്കെതിരെ പരാതി നൽകാൻ മാതാപിതാക്കൾ കോടതിയിൽ പോയിരുന്നു. അവിടെനിന്ന് മടങ്ങിയെത്തിയ ശേഷമാണ് ഗുളികകൾ നൽകിയത്. എന്നാൽ ഗുളിക കഴിച്ച ശേഷവും ജീവനുണ്ടെന്ന് മനസ്സിലായതോടെ തലയിണ മുഖത്തമർത്തി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.

മകളെ കൊലപ്പെടുത്തിയ കുറ്റത്തിന് മാതാപിതാക്കളായ വോറിയ ഫത്താഹി (Voria Fattahi), ലെയ്‌ല വെയ്‌സ് (Leila Veis) എന്നിവരെ അധികൃതർ അറസ്റ്റ് ചെയ്തതായി ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു. ചോദ്യം ചെയ്യലിൽ മാതാപിതാക്കൾ രണ്ടുപേരും കുറ്റം സമ്മതിച്ചതായി ഹെംഗാവ് ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് (Hengaw Organisation for Human Rights) വ്യക്തമാക്കുന്നു. ഹെംഗാവും മറ്റൊരു മനുഷ്യാവകാശ സംഘടനയായ 'ഹാന'യും (Hana) ഇതൊരു ദുരഭിമാനക്കൊലയാണ് എന്ന് ആരോപിച്ചു.

'ഗാർഹിക പീഡനങ്ങളിൽ നിന്ന് സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാൻ ഫലപ്രദമായ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പരാജയപ്പെട്ടു. നിയമപരമായ വീഴ്ചകളും ദുരഭിമാനക്കൊലകൾ നടത്തുന്നവർക്ക് നൽകുന്ന ലഘുവായ ശിക്ഷകളും സ്ത്രീകളെ അതിക്രമങ്ങൾക്ക് ഇരയാക്കുകയും കുറ്റവാളികൾക്ക് ശിക്ഷയിൽ നിന്ന് ഇളവ് ലഭിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു.' ഹെംഗാവ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഇറാനിലെ സ്ത്രീകളുടെ അവസ്ഥ പരിതാപകരമെന്ന് മനുഷ്യാവകാശ സംഘടനകൾ

ഈ സംഭവം ഇറാനിലെ സ്ത്രീപീഡനത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയിട്ടുണ്ട്. ഒരാഴ്ചത്തെ കാലയളവിനുള്ളിൽ ഇറാനിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ യുവതിയാണ് ഹെലിയ ഫത്താഹി. കഴിഞ്ഞ ബുധനാഴ്ച (നവംബർ 18) ഗിലാൻ പ്രവിശ്യയിൽ വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 23-കാരിയായ സദഫ് ഹഖ്ബിൻ എന്ന യുവതിയെ മുൻ കാമുകൻ വെടിവെച്ച് കൊന്നിരുന്നു. യുവതിയുടെ ജന്മദിനാഘോഷത്തിനിടെയാണ് ദാരുണമായ സംഭവം നടന്നത്.

അതിനുമുമ്പ് കർമാൻഷായിലെ 16 വയസ്സുള്ള സോഗന്ദ് സയാദി എന്ന സ്‌കൂൾ വിദ്യാർത്ഥിനി കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ് മരിച്ചിരുന്നു. തന്നെ വീട്ടിലേക്ക് പിതാവിനൊപ്പം അയച്ചാൽ അദ്ദേഹം കൊലപ്പെടുത്തുമെന്ന് പെൺകുട്ടി സ്‌കൂൾ അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി അധ്യാപക യൂണിയൻ പിന്നീട് വെളിപ്പെടുത്തി.

ഈ ആഴ്ച ആദ്യം, പ്രശസ്ത ഗായികയായ പരസ്തു അഹ്‌മദിയെയും അവരുടെ ടീമിലെ നാല് അംഗങ്ങളെയും യൂട്യൂബിൽ ദശലക്ഷക്കണക്കിന് ആളുകൾ കണ്ട പ്രകടനത്തിന്റെ പേരിൽ ഇറാനിയൻ അധികൃതർ 74 തവണ ചാട്ടയടിക്ക് വിധേയരാക്കിയിരുന്നു. 29-കാരിയായ പരസ്തൂ അഹ്‌മദിക്കും നാല് സംഗീതജ്ഞർക്കും നാല് അണിയറ പ്രവർത്തകർക്കും 2024 ഡിസംബറിൽ ഓൺലൈനിൽ പോസ്റ്റ് ചെയ്ത കൺസേർട്ടിന്റെ പേരിലാണ് ജൂണിൽ ശിക്ഷ വിധിച്ചത്.