ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് വിഭജനചർച്ചകൾ തുടരുന്നതിനിടെ കോൺഗ്രസ് -സമാജ് വാദി പാർട്ടി ഭിന്നത പരസ്യമായി. കഴിഞ്ഞദിവസം അഞ്ചുസ്ഥാനാർഥികളെ ഏകപക്ഷീയമായി പ്രഖ്യാപിച്ച എസ്.പി., വ്യാഴാഴ്ച തനിച്ച് പ്രകടനപത്രികയും പുറത്തിറക്കി.

To advertise here,

ഇതിനെതിരേ കോൺഗ്രസ് നേതാവും എം.പി.യുമായ ഇമ്രാൻ മസൂദ് നിശിത വിമർശനവുമായി രംഗത്തെത്തിയതോടെ സംയമനം പാലിക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. സംസാരംകുറച്ച് പ്രവൃത്തിയിൽ ശ്രദ്ധിക്കാൻ ഖാർഗെ ലഖ്നൗവിൽ വ്യാഴാഴ്ച നടന്ന ഭരണഘടനാദിന പരിപാടിയിൽ പറഞ്ഞു.

സീറ്റ് വിഭജനചർച്ചകൾ പൂർത്തിയാകുന്നതിനുമുൻപ് സ്ഥാനാർഥികളെയും പ്രകടനപത്രികയും പ്രഖ്യാപിച്ചത് എന്തിനാണെന്ന് യു.പി.യുടെ ചുമതലയുള്ള എ.ഐ.സി.സി. നേതാവ് രാജേന്ദ്ര പാൽ ഗൗതമും ചോദിച്ചു. തയ്യാറായിക്കഴിഞ്ഞ കോൺഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കാതെ വെച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 5000 രൂപ- സമാജ്‌വാദി പാർട്ടി പ്രകടനപത്രിക

ഉത്തർപ്രദേശിൽ കോൺഗ്രസുമായുള്ള സീറ്റുചർച്ചകൾ തുടരുന്നതിനിടെ, പ്രകടനപത്രിക പുറത്തിറക്കി സമാജ്വാദി പാർട്ടി. 25 ലക്ഷം സർക്കാർ ജോലികൾ വാഗ്ദാനം ചെയ്തതിനൊപ്പം ബിരുദധാരികൾക്ക് ജോലി ലഭിക്കുംവരെ പ്രതിമാസം 5000 രൂപ തൊഴിലില്ലായ്മ ആനുകൂല്യം നൽകുമെന്നും പ്രകടനപത്രികയിൽ വാഗ്ദാനമുണ്ട്.

പാർട്ടിയുടെ രാഷ്ട്രീയസമവാക്യമായ പിന്നാക്ക-ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് 'ജൻ-മൻ കാ മാനിഫെസ്റ്റോ' പുറത്തിറക്കിയത്. സർക്കാർ രൂപവത്കരിച്ച് മൂന്നുമാസത്തിനുള്ളിൽ ജാതിസർവേ നടത്തി ആനുപാതിക സംവരണം ഉറപ്പാക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം ഈ രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ്. തൊഴിൽ, വിദ്യാഭ്യാസം, കർഷകക്ഷേമം, സാമൂഹികനീതി എന്നിവയ്ക്കാണ് ഊന്നൽ. സ്ത്രീകൾക്ക് പ്രതിവർഷം നാൽപ്പതിനായിരം രൂപ പെൻഷനും സ്വയം തൊഴിലിനായി രണ്ടുലക്ഷം രൂപയുടെ സഹായവും കുടുംബങ്ങൾക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി, വിദ്യാർഥികൾക്ക് സൗജന്യ മെട്രോ യാത്ര തുടങ്ങിയ വാഗ്ദാനങ്ങളുമാണ് പ്രകടനപത്രികയിൽ എസ്.പി. മുന്നോട്ടുവെക്കുന്നത്.