അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ പുതിയ മൂന്ന് ക്രിമിനല്‍ നിയമങ്ങളും പൂര്‍ണമായി നടപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു

ന്യൂഡൽഹി: അടുത്ത രണ്ട് പതിറ്റാണ്ടുകാലത്തേക്കുള്ള ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ സംബന്ധിച്ച പദ്ധതി അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2047-ഓടെ വികസിതരാജ്യമായി മാറുക എന്ന ഇന്ത്യയുടെ ലക്ഷ്യം ശക്തമായ ആഭ്യന്തര സുരക്ഷയുടെ അടിത്തറയിലാണെന്ന് അമിത് ഷാ പറഞ്ഞു. നുഴഞ്ഞുകയറ്റം, ഭീകരവാദം, മയക്കുമരുന്ന് കടത്ത്, ഉയർന്നുവരുന്ന മറ്റ് സുരക്ഷാ ഭീഷണികൾ എന്നിവയ്‌ക്കെതിരെ മുൻകരുതൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയിൽ നടന്ന ഇന്റലിജൻസ് ബ്യൂറോയുടെ നാഷണൽ സെക്യൂരിറ്റി സ്ട്രാറ്റജി കോൺഫറൻസിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഈ രാജ്യം ഒരു ധർമശാല അല്ല. ഇവിടുത്തെ പൗരന്മാർക്ക് മാത്രമേ ഈ രാജ്യത്ത് ജീവിക്കാൻ അവകാശമുള്ളൂ. നുഴഞ്ഞുകയറി എത്തുന്നവർ രാജ്യസുരക്ഷയ്ക്കും സാമ്പത്തിക സുസ്ഥിരതയ്ക്കും ജനസംഖ്യയുടെ സന്തുലിതാവസ്ഥയ്ക്കും ഭീഷണിയാണ്', അമിത് ഷാ പറഞ്ഞു.
ദേശസുരക്ഷ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നെന്ന് പറഞ്ഞുകൊണ്ടാണ്, ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്താതെ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് എത്താനാകില്ലെന്ന് അമിത് ഷാ പറഞ്ഞത്. വടക്കുകിഴക്കൻ മേഖലയിലെ മയക്കുമരുന്ന്, നക്‌സലിസം, സംഘർഷങ്ങൾ എന്നിവ രൂക്ഷമാകുന്നതിന് മുമ്പ് മുൻ സർക്കാരുകൾ തിരിച്ചറിഞ്ഞ് നടപടിയെടുത്തിരുന്നെങ്കിൽ ഇന്ത്യയ്ക്ക് വർഷങ്ങളോളം സുരക്ഷാ പ്രശ്‌നങ്ങളും ഭരണപരമായ പ്രശ്‌നങ്ങളും നേരിടേണ്ടി വരില്ലായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ആഭ്യന്തരസുരക്ഷയിൽ ദീർഘകാല ആസൂത്രണം ആവശ്യമാണ്. അടുത്ത 15 മുതൽ 20 വർഷത്തേക്ക് രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നങ്ങൾ ഇന്റലിജൻസ്, സുരക്ഷാ ഏജൻസികൾ മുൻകൂട്ടി കണ്ടെത്തണം. ഇത്തരം പ്രശ്‌നങ്ങൾ വലിയ പ്രതിസന്ധികളാകുന്നതിന് മുമ്പ് അവയെ തിരിച്ചറിഞ്ഞ് തടയാനുള്ള തന്ത്രങ്ങൾ തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ഒരുവർഷത്തിനുള്ളിൽ പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളും പൂർണമായി നടപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. കേസുകളുടെ സുപ്രീം കോടതി വരെയുള്ള നടപടികൾ മൂന്നുവർഷത്തിനുള്ളിൽ തീർക്കുക എന്നതും കോടതി കുറ്റക്കാരെന്ന് വിധിക്കുന്നവരുടെ നിരക്ക് (കൺവിക്ഷൻ റേറ്റ്) 25 ശതമാനം വർധിപ്പിക്കുക എന്നതുമാണ് ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു.
Content Highlights: At the Intelligence Bureau's National Security Strategy Conference in New Delhi, Union Home Minister Amit Shah unveiled a 2047 internal security roadmap, asserting India is not an open inn and calling for strict action against infiltration.
Published: 26 Aug 2026, 10:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented