ന്യൂഡല്‍ഹി:  ഇന്ത്യയുടെ സമുദ്രപരിധിക്കുള്ളില്‍ വന്‍ധാതുനിക്ഷേപം ഉണ്ടാകാനുള്ള സാധ്യത കണ്ടെത്തി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി ( NIOT), നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ഓഷ്യന്‍ റിസര്‍ച്ച് ( NCPOR) എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധ സംഘം സംയുക്തമായി നടത്തിയ സമുദ്രാന്തര്‍ഭാഗ പര്യവേക്ഷണത്തിലാണ് രാജ്യത്തിന് മുതല്‍കൂട്ടായേക്കുന്ന കണ്ടെത്തല്‍.

To advertise here,

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെ എക്‌സ്‌ക്ലൂസിവ് എക്കണോമിക് സോണില്‍ വരുന്ന മേഖലയിലാണ് പര്യവേക്ഷണം നടന്നത്. സമുദ്രത്തിനടിയില്‍ 4500 മീറ്റര്‍ താഴ്ചയില്‍ വരെ എത്തി നടത്തിയ പരിശോധനയില്‍ ഹൈഡ്രോതെര്‍മല്‍ സള്‍ഫൈഡുകളുടെ വലിയൊരു ശേഖരമാണ് കണ്ടെത്തിയത്. ധാതുനിക്ഷേപങ്ങള്‍ ധാരാളമുള്ള സ്ഥലങ്ങളിലാണ് ഹൈഡ്രോതെര്‍മല്‍ സള്‍ഫൈഡുകള്‍ കാണപ്പെടുക.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി വികസിപ്പിച്ച ഓഷ്യന്‍ മിനറല്‍ എക്‌സ്‌പ്ലോറര്‍ എന്ന ആളില്ല അന്തര്‍വാഹിനി ഉപയോഗിച്ചാണ് പര്യവേക്ഷണം നടത്തിയത്. സമുദ്രാന്തര്‍ഭാഗത്തുനിന്നുള്ള വിശദമായ വിവരങ്ങള്‍ ഈ അന്തര്‍വാഹിനി വഴി ശേഖരിച്ചിട്ടുണ്ട്. ഇത് വിശകലനം ചെയ്തപ്പോളാണ് ഹൈഡ്രോതെര്‍മല്‍ സള്‍ഫൈഡ് ശേഖരം കണ്ടെത്തിയത്.

ധാതു നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിന് ഇത്തരം ഹൈഡ്രോതെര്‍മല്‍ സള്‍ഫൈഡുകളുടെ സാന്നിധ്യമാണ് ആദ്യം കണ്ടെത്താന്‍ ശ്രമിക്കുക. സ്വര്‍ണം, വെള്ളി, കോപ്പര്‍ തുടങ്ങിയ അമൂല്യ ലോഹധാതുക്കള്‍ ഇത്തരം ഇടങ്ങളില്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ആഴക്കടല്‍ പര്യവേക്ഷണം നടത്തി ധാതു, വാതക നിക്ഷേപങ്ങള്‍ കണ്ടെത്താനുള്ള രാജ്യത്തിന്റെ പദ്ധതി പ്രകാരമാണ് സമുദ്രത്തില്‍ പര്യവേക്ഷണം നടത്തിയത്. സമുദ്രത്തില്‍ നിന്ന് ഇത്തരം ധാതുക്കള്‍ ഖനനം ചയ്‌തെടുക്കാനുള്ള സാങ്കേതിക വിദ്യകള്‍ പലതും ഇന്ത്യയ്ക്ക് സ്വന്തമല്ല.

എന്നാല്‍ സമുദ്രാന്തര പര്യവേക്ഷണം നടത്താനുള്ള സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിക്കപ്പെട്ടതോടെ കൂടുതല്‍ ഗവേഷണങ്ങള്‍ ഇതിന് പിന്നാലെ ഉണ്ടാകും.   ഇന്ത്യയുടെ ആഴക്കടല്‍ പര്യവേക്ഷണ പദ്ധതിയായ സമുദ്രയാന്റെ ഭാഗമായി 6000 മീറ്റര്‍ താഴ്ചയിലാകും ഇനി പര്യവേക്ഷണം നടത്തുക. നിലവിലെ ഗവേഷഷണ വിവരങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്തും.