കാശരഹസ്യങ്ങള്‍ തേടിയുള്ള ദൗത്യങ്ങള്‍ക്ക് പിന്നാലെ ആഴക്കടലിലെ അത്ഭുതങ്ങള്‍ തേടി ഇന്ത്യ. സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മനുഷ്യനെ എത്തിക്കുന്ന സമുദ്രയാന്‍ ദൗത്യത്തിനായി ഒരുങ്ങുകയാണ് രാജ്യം. മൂന്ന് പേരെ ഒരു പേടകത്തില്‍ 6000 മീറ്റര്‍ താഴ്ചയില്‍ സമുദ്രത്തിനടിയിലേക്ക് അയക്കാനാണ് പദ്ധതിയിലൂടെ  ലക്ഷ്യമിടുന്നത്. ആഴക്കടലിലെ പര്യവേഷണം ലക്ഷ്യമിട്ട്  മനുഷ്യര്‍ സമുദ്രത്തിനടിയില്‍ പോയി നടത്തുന്ന ഇന്ത്യയുടെ ആദ്യദൗത്യമാണ് സമുദ്രയാന്‍. ചാന്ദ്ര പര്യവേക്ഷണത്തിനുള്ള ചന്ദ്രയാനും സൂര്യപര്യവേക്ഷണത്തിനുള്ള ആദിത്യ എൽ1-നും ശേഷം സമുദ്രരഹസ്യങ്ങൾ തേടിയുള്ള ഇന്ത്യയുടെ പദ്ധതിയാണിത്. 

To advertise here,

മിഷന്‍ സമുദ്രയാന്‍

ഇന്ത്യ സ്വന്തമായി വികസിപ്പിച്ച മത്സ്യ 6000 എന്ന അന്തര്‍വാഹിനിയില്‍ മൂന്നു പേരെ കടലിന്റെ 6000 മീറ്റര്‍ താഴെയെത്തിക്കുകയാണ് സമുദ്രയാന്റെ ലക്ഷ്യം. സമുദ്ര പര്യവേക്ഷണം, സമുദ്രവിഭവങ്ങളെ കുറിച്ച് പഠിക്കുക, കടലിന്നടിയിലെ ജൈവവൈവിധ്യം വിലയിരുത്തുക തുടങ്ങിയവയാണ് സമുദ്രയാന്‍ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. വിഭവങ്ങള്‍ക്കായി ആഴക്കടല്‍ പര്യവേക്ഷണം ചെയ്യാനും സമുദ്ര വിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിനായി ആഴക്കടല്‍ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് ആഴക്കടല്‍ ദൗത്യം രൂപീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കായി സമുദ്ര വിഭവങ്ങള്‍ പ്രയോജനപ്പെടുത്തുക, മെച്ചപ്പെട്ട ജീവിതനിലവാരം, തൊഴില്‍, സമുദ്ര പരിസ്ഥിതിയുടെ സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങളോടെ ആവിഷ്‌കരിച്ച ബ്ലൂ എക്കോണമി(സമുദ്ര സമ്പദ്ഘടന) നയത്തിന്റെ ഭാഗമായി ആവിഷ്‌കരിച്ച ഡീപ്പ് ഓഷ്യന്‍ മിഷന്റെ ഭാഗമാണ് പദ്ധതി.

സമുദ്രയാന്റെ ലക്ഷ്യങ്ങള്‍

  • ആഴക്കടലിലെ ആവാസവ്യവസ്ഥ, ജൈവവൈവിധ്യം, വിതരണം എന്നിവയെ കുറിച്ചുള്ള പഠനം. ആഴക്കടലിലെ ജൈവവൈവിധ്യത്തിന്റെ പര്യവേക്ഷണത്തിനും സംരക്ഷണത്തിനുമുള്ള സാങ്കേതിക സംവിധാനങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. 
  • സൂക്ഷ്മാണുക്കള്‍ ഉള്‍പ്പെടെയുള്ള ആഴക്കടല്‍ സസ്യജന്തുജാലങ്ങളെ കണ്ടെത്താനും ആഴക്കടല്‍ ജൈവ വിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തെക്കുറിച്ചുള്ള പഠനങ്ങളിലും ഈ ദൗത്യം ശ്രദ്ധകേന്ദ്രീകരിക്കും. 
  • കാലാവസ്ഥാ വ്യതിയാനം കടലിനെ ഏത് തരത്തില്‍ ബാധിക്കുന്നുവെന്നതിനെ കുറിച്ചുള്ള പഠനം. ഇതുവഴി സമുദ്ര കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള പദ്ധതികള്‍ രൂപീകരിക്കാന്‍ സാധിക്കും. 
  • ആഴക്കടല്‍ പര്യവേഷണത്തില്‍ ഇന്ത്യയുടെ ശേഷിയും സാങ്കേതികവിദ്യകളും വികസിപ്പിക്കല്‍. ലോകത്ത് വളരെ കുറച്ച് രാജ്യങ്ങള്‍ക്ക് മാത്രമാണ് ആ സാങ്കേതികത്വം കൈവശമുള്ളത്. മധ്യ ഇന്ത്യന്‍ മഹാസമുദ്രത്തിലെ 6000 മീറ്റര്‍ ആഴത്തില്‍ ഖനനം ചെയ്യുന്നതിനായി ഒരു സംയോജിത ഖനന സംവിധാനം വികസിപ്പിക്കാനും പദ്ധതിയുണ്ട്. ഇത്തരത്തില്‍ നടക്കുന്ന ധാധു പര്യവേഷണ പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള പര്യവേഷണ പദ്ധതികളിലേക്കാണ് വഴിതുറക്കുന്നത്. 
  • കടല്‍വെള്ളം ശുദ്ധീകരിക്കുന്നതിനായുള്ള സാങ്കേതിവിദ്യ വികസിപ്പിക്കല്‍, ടൈഡല്‍ എനര്‍ജി പോലെ പുനരുപയോഗിക്കാവുന്ന ഊര്‍ജം ഉത്പാദിപ്പിക്കാനുള്ള സാധ്യതയെ കുറിച്ചുള്ള പഠനം. ഓഫ്ഷോര്‍ ഓഷീന്‍ തെര്‍മല്‍ കണ്‍വേര്‍ഷന്‍ (ഒടെക്) സഹായത്തോടെ കടലില്‍നിന്ന് ഉപ്പു വേര്‍തിരിക്കുന്ന യൂണിറ്റിനായുള്ള പഠന സംവിധാനങ്ങളും ഇതിനകം രൂപകല്‍പന ചെയ്തിട്ടുണ്ട്. 
  • കടലിനടിത്തട്ടിലെ ധാതുസമ്പത്തുകളുടെ സര്‍വേയും പര്യവേഷണവും. പോളിമെറ്റാലിക് നൊഡ്യൂളുകളെന്നറിയപ്പെടുന്ന ഇവ കോപ്പര്‍, നിക്കല്‍, കൊബോള്‍ട്ട് എന്നിവയാല്‍ സമ്പന്നമാണ്. 

സമുദ്രാന്തര്‍ ഭാഗങ്ങളിലുള്ള പോളിമെറ്റാലിക് മാംഗനീസ് നൊഡ്യൂളുകള്‍, ഗ്യാസ് ഹൈഡ്രേറ്റുകള്‍, ഹൈഡ്രോ-തെര്‍മല്‍ സള്‍ഫൈഡുകള്‍, കോബാള്‍ട്ട് ക്രസ്റ്റുകള്‍ തുടങ്ങിയവയുടെ ആഴത്തിലുള്ള പര്യവേഷണം സമുദ്രയാനിലൂടെ സാധിക്കും. സമുദ്രത്തിന്റെ 1000 മീറ്റര്‍ ആഴത്തില്‍ ഗ്യാസ് ഹൈഡ്രേറ്റുകളും 5000 മീറ്ററില്‍ ലോഹങ്ങളാല്‍ സമ്പന്നമായ പോളി മെറ്റാലിക് നോഡ്യൂളുകളും 3000 മീറ്ററില്‍ ഹൈഡ്രോതെര്‍മല്‍ സള്‍ഫൈഡുകളും ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഉരുളക്കിഴങ്ങിന്റെ വലിപ്പമുള്ള ട്രില്യണ്‍ കണക്കിന് കറുത്ത പാറകള്‍ കടലിനടിയില്‍ ചിതറിക്കിടക്കുന്നുണ്ട്. പോളിമെറ്റാലിക് നോഡ്യൂളുകള്‍ എന്നറിയപ്പെടുന്ന ഈ പാറകളില്‍ കോബാള്‍ട്ട്, കോപ്പര്‍, നിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള വിലപ്പെട്ട ധാതുക്കളുടെ സാന്നിധ്യമുണ്ട്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് വേണ്ട ബാറ്ററികള്‍ ഉള്‍പ്പെടെയുള്ളവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഈ ധാതുക്കളുടെ ആവശ്യകതയും കൂടി വരികയാണ്. ധാതുക്കളുടെ സാന്നിധ്യമുണ്ടെങ്കിലും ഇവ കണ്ടെത്തി ഖനനം  ചെയ്തെടുക്കാന്‍ അത്യാധുനികമായ സാങ്കേതിക വിദ്യകളാവശ്യമാണ്. അത് കൈവശമുള്ളവര്‍ ഇതിനകം ആഴക്കടല്‍ ഖനനത്തിനും തുടക്കമിട്ടിട്ടുണ്ട്. 

സമുദ്രാന്തര്‍ ഭാഗങ്ങളിലുള്ള പോളിമെറ്റാലിക് മാംഗനീസ് നൊഡ്യൂളുകള്‍, ഗ്യാസ് ഹൈഡ്രേറ്റുകള്‍, ഹൈഡ്രോ-തെര്‍മല്‍ സള്‍ഫൈഡുകള്‍, കോബാള്‍ട്ട് ക്രസ്റ്റുകള്‍ തുടങ്ങിയവയുടെ ആഴത്തിലുള്ള പര്യവേഷണം സമുദ്രയാനിലൂടെ സാധിക്കും. സമുദ്രത്തിന്റെ 1000 മീറ്റര്‍ ആഴത്തില്‍ ഗ്യാസ് ഹൈഡ്രേറ്റുകളും 5000 മീറ്ററില്‍ ലോഹങ്ങളാല്‍ സമ്പന്നമായ പോളി മെറ്റാലിക് നോഡ്യൂളുകളും 3000 മീറ്ററില്‍ ഹൈഡ്രോതെര്‍മല്‍ സള്‍ഫൈഡുകളും ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഉരുളക്കിഴങ്ങിന്റെ വലിപ്പമുള്ള ട്രില്യണ്‍ കണക്കിന് കറുത്ത പാറകള്‍ കടലിനടിയില്‍ ചിതറിക്കിടക്കുന്നുണ്ട്. പോളിമെറ്റാലിക് നോഡ്യൂളുകള്‍ എന്നറിയപ്പെടുന്ന ഈ പാറകളില്‍ കോബാള്‍ട്ട്, കോപ്പര്‍, നിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള വിലപ്പെട്ട ധാതുക്കളുടെ സാന്നിധ്യമുണ്ട്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് വേണ്ട ബാറ്ററികള്‍ ഉള്‍പ്പെടെയുള്ളവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഈ ധാതുക്കളുടെ ആവശ്യകതയും കൂടി വരികയാണ്. ധാതുക്കളുടെ സാന്നിധ്യമുണ്ടെങ്കിലും ഇവ കണ്ടെത്തി ഖനനം  ചെയ്‌തെടുക്കാന്‍ അത്യാധുനികമായ സാങ്കേതിക വിദ്യകൾ ആവശ്യമാണ്. അത് കൈവശമുള്ളവര്‍ ആഴക്കടല്‍ ഖനനത്തിനും തുടക്കമിട്ടിട്ടുണ്ട്. 

ആഴക്കടല്‍ ഖനനത്തിന് ആവശ്യമായ സാങ്കേതികവിദ്യക വാണിജ്യപരമായി ലഭ്യമല്ല. അതിനാല്‍, പ്രമുഖ സ്ഥാപനങ്ങളുമായും സ്വകാര്യ വ്യവസായങ്ങളുമായും സഹകരിച്ച് സാങ്കേതികവിദ്യകള്‍ തദ്ദേശീയമായി വികസിപ്പിക്കുകയാണ് നിലവിലുള്ള പോംവഴി. ഇത്തരത്തില്‍ ആഴക്കടല്‍ പര്യവേഷണത്തിനായി നിര്‍മിച്ച പേടകമാണ് മത്സ്യ.

placeholder
പോളിമെറ്റാലിക് നോഡ്യൂളുകള്‍ | Photo: Getty Images

ബ്ലു എക്കോണമി

ഒമ്പത് തീരദേശ സംസ്ഥാനങ്ങളും 1,382 ദ്വീപുകളും ഉള്‍പ്പെടെ 7517 കിലോ മീറ്റര്‍ തീരപ്രദേശമുള്ള ഇന്ത്യയ്ക്ക് ലോകത്ത് സവിശേഷമായ ഒരു സമുദ്രസ്ഥാനമാണുള്ളത്. രാജ്യത്തിന്റെ മൂന്നു ഭാഗവും സമുദ്രത്താല്‍ ചുറ്റപ്പെട്ടതാണ്. രാജ്യത്തെ 30% ജനങ്ങളും തീരപ്രദേശങ്ങളില്‍ ജീവിക്കുന്നവരാണ്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഈ മേഖലയെ വലിയ രീതിയില്‍ തന്നെ സ്വാധീനിക്കുന്നുമുണ്ട്. സമുദ്രത്തിലെ വിഭവങ്ങളെ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ട് സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള പദ്ധതികളെയാണ് ബ്ലു എക്കോണമി എന്നുവിശേഷിപ്പിക്കുന്നത്. ബ്ലു എക്കോണമിയുടെ ഭാഗമാണ് ആഴക്കടല്‍ പര്യവേഷണ ദൗത്യം. കേന്ദ്രസര്‍ക്കാരിന്റെ 'ന്യൂ ഇന്ത്യ' എന്ന കാഴ്ചപ്പാടില്‍ വളര്‍ച്ചയെ സ്വാധീനിക്കുന്ന പത്ത് പ്രധാനഘടകങ്ങളില്‍ ഒന്ന് സമുദ്രസമ്പത്ത് വ്യവസ്ഥയാണ്. 

placeholder
 Photo: Getty Images

സമുദ്രയാന്‍ പദ്ധതിയെ കുറിച്ച് 2021-ലാണ് കേന്ദ്രസര്‍ക്കാര്‍ ആദ്യ പ്രഖ്യാപനം നടത്തിയത്. 2021 ജൂണില്‍ പ്രോപ്പോസലിന് അംഗീകാരം ലഭിച്ചു. തുടര്‍ന്ന് ആഴക്കടലിനെ കുറിച്ച് പഠിക്കാന്‍ പദ്ധതിയൊരുങ്ങുന്നുവെന്ന് അന്ന് ഭൗമശാസ്ത്ര, ശാസ്ത്ര-സാങ്കേതിക മന്ത്രാലയം സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് രാജ്യസഭയില്‍ രേഖാമൂലമുള്ള വിവരങ്ങള്‍ അറിയിച്ചു.  2021 ഒക്ടോബറില്‍ ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം ദൗത്യത്തിന് തുടക്കം കുറിച്ചു. ഐ.എസ്.ആര്‍.ഒയുടെ ഗഗന്‍യാന്‍ ദൗത്യത്തിലൂടെ ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്തേക്ക് പോകുമ്പോള്‍ സമുദ്രയാനിലൂടെ മറ്റൊരു ഇന്ത്യക്കാരന്‍ ആഴക്കടലിലേക്ക് ഊളിയിടുന്ന അപൂര്‍വ നിമിഷമാണ് ഭാവിയിലുണ്ടാവാന്‍ പോകുന്നതെന്നാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞത്. ഇതുവരെ പര്യവേഷണം ചെയ്യപ്പെടാത്ത ആഴക്കടല്‍ പ്രദേശങ്ങളെ നേരിട്ട് നിരീക്ഷിക്കാനും മനസ്സിലാക്കാനുമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 2020-21 മുതല്‍ 2025-26 വരെയാണ് പദ്ധതിയുടെ കാലയളവെന്നും മന്ത്രി അറിയിച്ചിരുന്നു. 

2026-ഓടുകൂടി സമുദ്രയാന്‍ പദ്ധതി യാഥാര്‍ഥ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി (എന്‍ഐഒടി)യ്ക്കാണ് പദ്ധതിയുടെ ചുമതല. അഞ്ച് വര്‍ഷക്കാലത്തേക്കായി 4,077 കോടി രൂപയാണ് ഡീപ്പ് ഓഷ്യന്‍ മിഷന് വേണ്ടിയുള്ള ചെലവ് കണക്കാക്കുന്നത്. യു.എസ്., റഷ്യ, ഫ്രാന്‍സ്, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇത്തരം പദ്ധതികള്‍ക്കായുള്ള സാങ്കേതിക വിദ്യയും വാഹനങ്ങളുമുണ്ട്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഇക്കൂട്ടത്തില്‍ ഇന്ത്യയും ഇടം പിടിക്കും. 

ആഴക്കടലിലെ അത്ഭുതങ്ങള്‍ തേടി മത്സ്യ 6000

മത്സ്യ 6000 എന്നാണ് ഈ പദ്ധതിക്കായി ഒരുക്കുന്ന സമുദ്ര പേടകത്തിന് പേര്. 'മത്സ്യ 6000' അന്തര്‍വാഹിനിയുടെ നിര്‍മാണം ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി (എന്‍.ഐ.ഒ.ടി.)യില്‍ നടന്നുവരുകയാണ്.  സാധാരണ ജോലികള്‍ക്കായി 12 മണിക്കൂര്‍ നേരം സമുദ്രത്തില്‍ കഴിയാനും യാത്രികരുടെ സുരക്ഷയുടെ ഭാഗമായി അടിയന്തിര ഘട്ടങ്ങളില്‍ 96 മണിക്കൂര്‍ സമുദ്രത്തിനടിയില്‍ കഴിയാനും സാധിക്കും വിധമാണ് ഇതിന്റെ രൂപകല്‍പന. മത്സ്യ 6000 ജലപേടകത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി കിരണ്‍ റിജിജു സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. സമുദ്രത്തിന്റെ ആവാസവ്യവസ്ഥയെ ശല്യപ്പെടുത്താതെ ഇന്ത്യയുടെ ബ്ലു എക്കോണമി നയത്തെ പിന്തുണയ്ക്കുന്ന ദൗത്യമാണ് സമുദ്രയാന്റേതെന്നാണ് അദ്ദേഹം കുറിച്ചത്. 

22 എം.എം കനവും 2.1 മീറ്റര്‍ വ്യാസവുമുള്ള ഉരുക്ക് കൊണ്ട് ഗോളാകൃതിയില്‍ നിര്‍മിച്ചതാണ് അന്തര്‍വാഹിനി. തെര്‍മോപ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ച ജനാലകള്‍ വഴി സമുദ്രത്തിന്റെ കാഴ്ച യാത്രക്കാര്‍ക്ക് ലഭിക്കും. മര്‍ദത്തെ അതിജീവിക്കാന്‍ സാധിക്കുന്ന വസ്തുക്കളാണ് വാഹനത്തിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. ഗോളാകൃതിയും ടൈറ്റാനിയം ലോഹക്കൂട്ടും ഉപയോഗിക്കുന്നതിനാല്‍ വാഹനത്തിന്റെ ഭാരം കുറക്കാനും യാത്രികരുടെ സുരക്ഷ ഉറപ്പാക്കാനും സാധിക്കും. 

ഓട്ടോണമസ് അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍, ഓഷ്യന്‍ മിനറല്‍ എക്‌സ്‌പ്ലോററര്‍, മൂന്നുപേരെ ഉള്‍ക്കൊള്ളുന്ന മത്സ്യ-6000 എന്നിവയടങ്ങുന്നതാണ് സമുദ്രയാന്‍ മിഷന്‍. ഇന്റര്‍നാഷണല്‍ സീബെഡ് അതോറിറ്റി അംഗീകരിച്ച് മേഖലകളില്‍ സംഘത്തിന് നേരിട്ട് പരിശോധന നടത്താം. ചൈന, ഫ്രാന്‍സ്, ജപ്പാന്‍, റഷ്യ, യു.എസ്. എന്നീ രാജ്യങ്ങളാണ് ഇതിന് മുന്‍പ് ഇത്തരത്തില്‍ ആഴക്കടല്‍ പര്യവേഷണം നടത്തിയ മറ്റു രാജ്യങ്ങള്‍. സമുദ്രയാന്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഇന്ത്യയും ഈ ക്ലബ്ബിലേക്ക് ചേരും. 

കടലിലെ പരീക്ഷണം അടുത്തവര്‍ഷം

സമുദ്രയാന്‍ പദ്ധതിയുടെ കടലിലെ പരീക്ഷണം 2024-ല്‍ ആണ് നടക്കുക. കടലില്‍ 6000 മീറ്റര്‍ ആഴത്തിലേക്കാണ് പര്യവേക്ഷണ അന്തര്‍വാഹിനി സഞ്ചരിക്കുക. ഇതില്‍ 12 മണിക്കൂറാണ് മൂന്നു പേര്‍ ചെലവഴിക്കേണ്ടത്. ഗവേഷണത്തിന് ആറു മണിക്കൂറും തിരികെ മടങ്ങുന്നതിന് മൂന്നു മണിക്കൂറും സമയം വേണം. സെക്കന്‍ഡില്‍ 30 മീറ്ററാണ് അന്തര്‍വാഹിനിയുടെ കടലിനടിയിലേക്കുള്ള സഞ്ചാരവേഗം

'ഭൂമിയുടെ ഉപരിതലത്തില്‍നിന്ന് ചൊവ്വയിലെ റോവറിനെ പോലും നിയന്ത്രിക്കാന്‍ കഴിയും. എന്നാല്‍, വെള്ളത്തില്‍ 20 മീറ്ററില്‍ താഴെയുള്ളത് നിയന്ത്രിക്കാനാവില്ല. വെള്ളത്തിലൂടെ വൈദ്യുത കാന്തിക തരംഗങ്ങള്‍ സഞ്ചരിക്കില്ല. ഇത്രയും ആഴത്തില്‍ ആശയവിനിമയം നടത്താനുള്ള സംവിധാനങ്ങളില്ല. സമുദ്രനിരപ്പില്‍ അനുഭവപ്പെടുന്നതിനേക്കാള്‍ 600 മടങ്ങ് കൂടുതലായിരിക്കും കടലിനടിയിലെ മര്‍ദം. കൂടാതെ, സമുദ്രനിരപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ താപനില 2 ഡിഗ്രി സെല്‍ഷ്യസായി കുറയുകയും ചെയ്യുമെന്ന് എന്‍.ഐ.ഒ.ടി. മേധാവി ആനന്ദ് രാമദാസ് വ്യക്തമാക്കി. 

മത്സ്യ അന്തര്‍വാഹിനിയില്‍ മനുഷ്യരെ കയറ്റുന്നതിനുള്ള 2.1 മീറ്റര്‍ വ്യാസമുള്ള ഗോളത്തിന്റെ നിര്‍മാണം എന്‍.ഐ.ഒ.ടി.യില്‍ പൂര്‍ത്തിയായിട്ടുണ്ട്. മത്സ്യ പേടകത്തിന്റെ ആദ്യ പരീക്ഷണം 2024 ജനുവരിയോടെ നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മനുഷ്യരെ കയറ്റാതെയുള്ള മത്സ്യയുടെ ആദ്യപരീക്ഷണം 2024-ല്‍ ചെന്നൈയില്‍ നടക്കും. ചെന്നൈക്കടുത്ത് കടലില്‍ 500 മീറ്റര്‍ താഴെവരെ ഇറക്കിയാവും ആദ്യപരീക്ഷണം. 2026-ലാവും മത്സ്യയുടെ പൂര്‍ണതോതിലുള്ള ആദ്യപരീക്ഷണം. കടലിലെ ധാതുക്കള്‍ തേടി 2022-ല്‍ പര്യവേക്ഷണങ്ങള്‍ നടന്നിരുന്നു. സാഗര്‍നിധി എന്ന കപ്പലിന്റെ സഹായത്തോടെ 5271 മീറ്റര്‍ ആഴത്തില്‍ പോളിമെറ്റാലിക് മാംഗനീസ് നൊഡ്യൂള്‍ എന്നറിയപ്പെടുന്ന മേഖലയിലായിരുന്നു പര്യവേഷണം. 

ലോകത്തിന്റെ 70 ശതമാനവും സമുദ്രമാണ്. ആഴക്കടലിന്റെ 95 ശതമാനവും പര്യവേക്ഷണം ചെയ്യപ്പെടാതെ കിടക്കുകയാണ്. സമുദ്രയാന്‍ ദൗത്യത്തിന് ഇന്ത്യയ്ക്ക് യു.എസ്, റഷ്യ, ഫ്രാന്‍സ്, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സഹായവും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ലോകത്ത് ഇതുവരെ ഏറ്റവും ആഴത്തില്‍ സമുദ്രപര്യവേഷണം നടത്തിയിട്ടുള്ളത് ചൈനയാണ്. മനുഷ്യനെ ഉള്‍ക്കൊള്ളുന്ന ഫെന്‍ഡൗഷെ എന്ന അന്തര്‍വാഹിനി 2020-ലാണ് ചൈന വികസിപ്പിച്ചെടുത്തത്. അതേസവര്‍ഷം തന്നെ മൂന്നു പേരടങ്ങുന്ന ജലപേടകം വിജയകരമായി ആഴക്കടലിലേക്ക് അയക്കുകയും ചെയ്തു. പസഫിക് സമുദ്രത്തിലെ മരിയാന ട്രെഞ്ചില്‍ 10,000 മീറ്റര്‍ ആഴത്തിലാണ് ചൈന അന്ന് ഫെന്‍ഡുഷുവിനെ അയച്ചത്. ദൗത്യത്തിന്റെ ദൃശ്യങ്ങള്‍ അന്ന് ചൈന തത്സമയം ലോകത്തെ കാണിക്കുകയും ചെയ്തു. 

ബ്ലു എക്കോണമിയുടെ പിന്തുണയ്ക്കാനുള്ള ദൗത്യം കൂടിയാണ് സമുദ്രയാന്‍ എന്ന് പറഞ്ഞിരുന്നല്ലോ. അതായത് സമുദ്രവിഭവങ്ങളുടെ സുസ്ഥിരമായ വിനിയോഗത്തിനുള്ള സാങ്കേതികവിദ്യകൾ രൂപകൽപന ചെയ്യുകയും വികസിപ്പിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുകയാണ് സമുദ്രയാൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.  കരയിലെന്ന പോലെ ആഴക്കടല്‍ ഖനനത്തിനുള്ള മത്സരവും ലോകത്ത് നടക്കുന്നുണ്ട്. എന്നാല്‍, കടലിനടിയിലെ ധാതുക്കള്‍ കണ്ടെത്തി ഉപയോഗിക്കുന്നത് ചൂഷണമാണെന്നും സമുദ്ര ആവാസ വ്യവസ്ഥയെ തകര്‍ക്കുന്നതാണെന്ന വാദവുമുണ്ട്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (IUCN) പറയുന്നതനുസരിച്ച് കുറഞ്ഞ ഓക്‌സിജന്‍, സൂര്യപ്രകാശത്തിന്റെ അസാന്നിധ്യം, ഉയര്‍ന്ന മര്‍ദം, കുറഞ്ഞ താപനില തുടങ്ങിയ അവസ്ഥകളോട് സ്വയം പൊരുത്തപ്പെട്ട നൂറുകണക്കിന് ജീവജാലങ്ങള്‍ ആഴക്കടലിലുണ്ട്. ഖനനം ഇവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയെ തകര്‍ക്കുകയും വംശനാശത്തിലേക്ക് നയിക്കുകയും ചെയ്യും. ലോകത്തിന് ഇതുവരെ ആഴക്കടലിന്റെ ജൈവവൈവിധ്യവും പരിസ്ഥിതി ശാസ്ത്രവും വേണ്ടത്ര മനസ്സിലായിട്ടില്ല. അതുകൊണ്ടുതന്നെ ഖനനത്തിന്റെ പാരിസ്ഥിതിക ആഘാതം വിലയിരുത്താനും ചട്ടങ്ങള്‍ നിര്‍മിക്കാനും താരതമ്യേനെ ബുദ്ധിമുട്ടാണെന്നും IUCN പറയുന്നു. അതുപോലെ ഖനന വാഹനങ്ങളില്‍ നിന്നുള്ള ശബ്ദ-പ്രകാശ മലിനീകരണത്തെക്കുറിച്ചും പ്രവര്‍ത്തിക്കുന്ന കപ്പലുകളില്‍നിന്നുള്ള എണ്ണ ചോര്‍ച്ചയെക്കുറിച്ചും കൂടുതല്‍ ആശങ്കകള്‍ ഇതിനകം ഉയര്‍ന്നിട്ടുണ്ട്.