ഇന്ത്യ സ്വന്തമായി വികസിപ്പിച്ച മത്സ്യ 6000 എന്ന സമുദ്രപേടകം വെറ്റ് ടെസ്റ്റിനൊരുങ്ങുന്നു. സമുദ്രത്തിനടിയിലെ യഥാര്‍ത്ഥ സാഹചര്യങ്ങളില്‍ ഈ ജലപേടകത്തിന്റെ പ്രകടനം വിലയിരുത്തുകയാണ് ലക്ഷ്യം.ഒക്ടോബര്‍ അവസാനമോ നവംബര്‍ തുടക്കത്തിലോ വെറ്റ് ടെസ്റ്റ് നടത്തുമെന്ന് എര്‍ത്ത് സയന്‍സസ് മന്ത്രാലയം സെക്രട്ടറി ഡോ. എം. രവിചന്ദ്രന്‍ വ്യക്തമാക്കിയതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു.
മത്സ്യ 6000 പേടകത്തിലെ ഉപകരണങ്ങളും മറ്റ് അനുബന്ധഭാഗങ്ങളും ഘടിപ്പിച്ചുകഴിഞ്ഞു. വെറ്റ് ടെസ്റ്റ് നടത്തുന്നതിന് വേണ്ടി കപ്പലിന്റെ അടിഭാഗത്ത് സ്ഥാപിക്കുന്ന ചില ഭാഗങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മിഷന്‍ സമുദ്രയാന്‍
ഇന്ത്യ സ്വന്തമായി വികസിപ്പിച്ച മത്സ്യ 6000 എന്ന സമുദ്രപേടകത്തില്‍ മൂന്നു പേരെ കടലിന്റെ 6000 മീറ്റര്‍ താഴെയെത്തിക്കുകയാണ് സമുദ്രയാന്റെ ലക്ഷ്യം. സമുദ്ര പര്യവേക്ഷണം, സമുദ്രവിഭവങ്ങളെ കുറിച്ച് പഠിക്കുക, കടലിന്നടിയിലെ ജൈവവൈവിധ്യം വിലയിരുത്തുക തുടങ്ങിയവയാണ് സമുദ്രയാന്‍ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. വിഭവങ്ങള്‍ക്കായി ആഴക്കടല്‍ പര്യവേക്ഷണം ചെയ്യാനും സമുദ്ര വിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിനായി ആഴക്കടല്‍ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് ആഴക്കടല്‍ ദൗത്യം രൂപീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കായി സമുദ്ര വിഭവങ്ങള്‍ പ്രയോജനപ്പെടുത്തുക, മെച്ചപ്പെട്ട ജീവിതനിലവാരം, തൊഴില്‍, സമുദ്ര പരിസ്ഥിതിയുടെ സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങളോടെ ആവിഷ്‌കരിച്ച ബ്ലൂ എക്കോണമി(സമുദ്ര സമ്പദ്ഘടന) നയത്തിന്റെ ഭാഗമായി ആവിഷ്‌കരിച്ച ഡീപ്പ് ഓഷ്യന്‍ മിഷന്റെ ഭാഗമാണ് പദ്ധതി.
സമുദ്രയാന്റെ ലക്ഷ്യങ്ങള്‍
- ആഴക്കടലിലെ ആവാസവ്യവസ്ഥ, ജൈവവൈവിധ്യം, വിതരണം എന്നിവയെ കുറിച്ചുള്ള പഠനം. ആഴക്കടലിലെ ജൈവവൈവിധ്യത്തിന്റെ പര്യവേക്ഷണത്തിനും സംരക്ഷണത്തിനുമുള്ള സാങ്കേതിക സംവിധാനങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്.
- സൂക്ഷ്മാണുക്കള്‍ ഉള്‍പ്പെടെയുള്ള ആഴക്കടല്‍ സസ്യജന്തുജാലങ്ങളെ കണ്ടെത്താനും ആഴക്കടല്‍ ജൈവ വിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തെക്കുറിച്ചുള്ള പഠനങ്ങളിലും ഈ ദൗത്യം ശ്രദ്ധകേന്ദ്രീകരിക്കും.
- കാലാവസ്ഥാ വ്യതിയാനം കടലിനെ ഏത് തരത്തില്‍ ബാധിക്കുന്നുവെന്നതിനെ കുറിച്ചുള്ള പഠനം. ഇതുവഴി സമുദ്ര കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള പദ്ധതികള്‍ രൂപീകരിക്കാന്‍ സാധിക്കും.
- ആഴക്കടല്‍ പര്യവേഷണത്തില്‍ ഇന്ത്യയുടെ ശേഷിയും സാങ്കേതികവിദ്യകളും വികസിപ്പിക്കല്‍. ലോകത്ത് വളരെ കുറച്ച് രാജ്യങ്ങള്‍ക്ക് മാത്രമാണ് ആ സാങ്കേതികത്വം കൈവശമുള്ളത്. മധ്യ ഇന്ത്യന്‍ മഹാസമുദ്രത്തിലെ 6000 മീറ്റര്‍ ആഴത്തില്‍ ഖനനം ചെയ്യുന്നതിനായി ഒരു സംയോജിത ഖനന സംവിധാനം വികസിപ്പിക്കാനും പദ്ധതിയുണ്ട്. ഇത്തരത്തില്‍ നടക്കുന്ന ധാധു പര്യവേഷണ പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള പര്യവേഷണ പദ്ധതികളിലേക്കാണ് വഴിതുറക്കുന്നത്.
- കടല്‍വെള്ളം ശുദ്ധീകരിക്കുന്നതിനായുള്ള സാങ്കേതിവിദ്യ വികസിപ്പിക്കല്‍, ടൈഡല്‍ എനര്‍ജി പോലെ പുനരുപയോഗിക്കാവുന്ന ഊര്‍ജം ഉത്പാദിപ്പിക്കാനുള്ള സാധ്യതയെ കുറിച്ചുള്ള പഠനം. ഓഫ്‌ഷോര്‍ ഓഷീന്‍ തെര്‍മല്‍ കണ്‍വേര്‍ഷന്‍ (ഒടെക്) സഹായത്തോടെ കടലില്‍നിന്ന് ഉപ്പു വേര്‍തിരിക്കുന്ന യൂണിറ്റിനായുള്ള പഠന സംവിധാനങ്ങളും ഇതിനകം രൂപകല്‍പന ചെയ്തിട്ടുണ്ട്.
- കടലിനടിത്തട്ടിലെ ധാതുസമ്പത്തുകളുടെ സര്‍വേയും പര്യവേഷണവും. പോളിമെറ്റാലിക് നൊഡ്യൂളുകളെന്നറിയപ്പെടുന്ന ഇവ കോപ്പര്‍, നിക്കല്‍, കൊബോള്‍ട്ട് എന്നിവയാല്‍ സമ്പന്നമാണ്.
Content Highlights: India`s `Matysa 6000` submersible is set for wet test
Published: 25 Sept 2024, 12:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented