ഹൈദരാബാദ്: കോൺഗ്രസ് സംഘടിപ്പിച്ച ഭാരത് സമ്മിറ്റിൽ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെ വിമർശിക്കുകയും 'വോട്ട് ചോർ, ഗാഡി ഛോഡ്' മുദ്രാവാക്യം ഉയർത്തുകയും ചെയ്ത ഇറ്റാലിയൻ രാഷ്ട്രീയക്കാരന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇന്ത്യയുടെ ജനാധിപത്യ സംവിധാനങ്ങളെ പിന്തുണച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ഫോർസ ഇറ്റാലിയ പാർട്ടി നേതാവ്.

To advertise here,

യൂറോപ്യൻ സോഷ്യലിസ്റ്റ് നേതാവ് ജിയാക്കോമോ ഫിലിബെക്കിന്റെ വിമർശനങ്ങളെ ഇറ്റാലിയൻ നേതാവ് ഡെബോറ ബെർഗാമിനി ശക്തമായി എതിർത്തു. 97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന ഒരു മഹാരാജ്യത്തിന് ജനാധിപത്യത്തെക്കുറിച്ച് ക്ലാസ്സ് എടുത്തു നൽകുന്നത് തീർത്തും അനുചിതമാണെന്ന് ബെർഗാമിനി വ്യക്തമാക്കി. സ്വന്തമായ ജനാധിപത്യ സ്ഥാപനങ്ങളും ശക്തമായ നീതിന്യായ വ്യവസ്ഥയുമുള്ള രാജ്യമാണ് ഇന്ത്യയെന്നും വിദേശ നേതാക്കളുടെ ഇത്തരത്തിലുള്ള ഇടപെടലുകൾ അനാവശ്യമാണെന്നും അവർ പറ‍ഞ്ഞു.

തെലങ്കാനയിൽ സംഘടിപ്പിച്ച ഭാരത് സമ്മിറ്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് യൂറോപ്യൻ സോഷ്യലിസ്റ്റ് പാർട്ടി സെക്രട്ടറി ജനറലായ ജിയാക്കോമോ ഫിലിബെക്ക് രാഹുൽ ഗാന്ധിയുടെ വോട്ടർ പട്ടിക സുതാര്യമാക്കാനുള്ള പ്രചാരണത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. 'ഒരാൾക്ക് ഒരു വോട്ട്' എന്ന ജനാധിപത്യ തത്വം സംരക്ഷിക്കാനാണ് രാഹുൽ ഗാന്ധി പോരാടുന്നതെന്ന് പ്രശംസിച്ച അദ്ദേഹം, രണ്ട് ആഴ്ചകൾക്ക് മുൻപ് ആയിരക്കണക്കിന് ആളുകൾ രാംലീല മൈതാനത്തേക്ക് നടത്തിയ മാർച്ച് ജനാധിപത്യം സംരക്ഷിക്കാൻ ജനങ്ങൾ മുന്നോട്ടുവരുന്നതിന്റെ തെളിവാണെന്നും അഭിപ്രായപ്പെട്ടു.

പ്രതിപക്ഷത്തിന്റെ 'വോട്ട് ചോർ, ഗാഡി ഛോഡ്' ("വോട്ട് മോഷ്ടാവേ, കസേര ഒഴിയൂ") എന്ന മുദ്രാവാക്യം ആവർത്തിച്ച ഫിലിബെക്ക്, ഇന്ത്യയിൽ ജനാധിപത്യം ആക്രമണം നേരിടുകയാണെന്നും അതിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല വഴി രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ഒപ്പം നിൽക്കുകയാണെന്നും പറഞ്ഞിരുന്നു. സാമൂഹിക നീതി, മനുഷ്യാവകാശം, കാലാവസ്ഥാ നീതി എന്നിവയ്ക്കായി പ്രവർത്തിക്കുന്ന ആഗോള പുരോഗമന സഖ്യത്തിന്റെ ഭാഗമാണ് കോൺഗ്രസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജിയാക്കോമോ ഫിലിബെക്കിന്റെ പരാമർശങ്ങൾക്കെതിരെ ബി.ജെ.പി കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാൻ വിദേശ നേതാവിന് എന്താണ് അവകാശമെന്ന് നേതാക്കൾ ചോദിച്ചു. വിദേശികൾക്ക് ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാൻ യാതൊരു അവകാശവുമില്ലെന്നും കോൺഗ്രസ്, വിദേശ രാഷ്ട്രീയക്കാരെ രാജ്യത്തെ രാഷ്ട്രീയ ചർച്ചകളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈൻ കുറ്റപ്പെടുത്തി. വിദേശ നേതാക്കൾക്ക് ഇന്ത്യയുടെ ജനാധിപത്യത്തെ പരിഹസിക്കാൻ കോൺഗ്രസ് അവസരമൊരുക്കുകയാണെന്ന് തെലങ്കാന ബി.ജെ.പി പ്രസിഡന്റ് എൻ. രാമചന്ദർ റാവുവും ആരോപിച്ചു.

ഫിലിബെക്കിന്റെ പ്രസംഗത്തിനിടെ രാഹുൽ ഗാന്ധി ചിരിക്കുകയും കൈയടിക്കുകയും ചെയ്തതിനെതിരെ കേന്ദ്രമന്ത്രി കിരൺ റിജിജു രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഒരു വിദേശി ഇന്ത്യയെ അപമാനിക്കുമ്പോൾ ആരെങ്കിലും ചിരിക്കുന്നത് കണ്ടിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.