ന്യൂഡൽഹി: രാജ്യത്ത് വർഷങ്ങളായി വോട്ട് മോഷണം നടക്കുന്നുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മധ്യപ്രദേശ്, ഹരിയാണ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, കർണാടക നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഇ.വി.എമ്മുകൾ വഴിയും വോട്ടർ പട്ടികയിൽ തിരിമറി നടത്തിയും വോട്ടുകൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. 2024 ലെ തിരഞ്ഞെടുപ്പിനുശേഷം ഇന്ത്യയിലെ 15 ശതമാനം വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്‌തെന്നും, ഇതോടെ 2024 ലെ തിരഞ്ഞെടുപ്പ് നിയമവിരുദ്ധവും മോഷ്ടിക്കപ്പെട്ടതുമായ തിരഞ്ഞെടുപ്പായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

To advertise here,

'ഞങ്ങൾക്ക് നരേന്ദ്ര മോദിയോടോ, അമിത് ഷായോടോ, ഗ്യാനേഷ് കുമാറിനോടോ വെറുപ്പില്ല. ഞങ്ങൾ വിദ്വേഷത്തിന്റെയല്ല, ‘സ്‌നേഹത്തിന്റെ കട’ തുറക്കുന്നവരാണ്. ഞങ്ങൾ അഹിംസയുടെ ആളുകളാണ്. എന്നെ സംബന്ധിച്ചിടത്തോളം ആരും ശത്രുക്കളല്ല; നരേന്ദ്ര മോദിയോ അമിത് ഷായോ ഗ്യാനേഷ് കുമാറോ ശത്രുക്കളല്ല. എന്നാൽ ഇന്ത്യയിലെ ഓരോ പൗരന്റെയും ശബ്ദമാണ് എനിക്ക് മതത്തേക്കാൾ പ്രധാനം; അതാണ് എന്റെ മതം. ഞങ്ങൾ അക്രമം ഉപയോഗിക്കില്ല, ആരെയും ഉപദ്രവിക്കില്ല, വിദ്വേഷം പ്രചരിപ്പിക്കുകയുമില്ല. ഞങ്ങൾ സ്‌നേഹത്തോടെ പ്രവർത്തിക്കും. എന്നാൽ ഭരണഘടന തകർക്കാൻ ഞങ്ങൾ നിങ്ങളെ അനുവദിക്കില്ല. എന്ത് സംഭവിച്ചാലും ഞങ്ങൾ അത് നടക്കാൻ സമ്മതിക്കില്ല' - അദ്ദേഹം പറഞ്ഞു.

'നരേന്ദ്ര മോദി ഒരിടത്തേക്കും പോകില്ലെന്നാണ് അമിത് ഷാ ജി പറഞ്ഞത്. എന്നാൽ ഇതിന് വിപരീതമാണ് ഞാൻ നിങ്ങളോട് പറയുന്നത്: നരേന്ദ്ര മോദിക്ക് ഒരിടത്തേക്കും പോകാനാകില്ല. അദ്ദേഹം പോകാൻ ആഗ്രഹിച്ചാൽ പോലും ഞങ്ങൾ അദ്ദേഹത്തെ പോകാൻ അനുവദിക്കില്ല. ഗ്യാനേഷ് കുമാറിനുശേഷം ഞങ്ങൾ നേരിട്ട് നിങ്ങളുടെ മുന്നിൽ വന്ന് നിൽക്കും. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. ഞാൻ പറയുന്നത് ശ്രദ്ധിക്കൂ; ഞാൻ പറയുന്നത് എപ്പോഴും സത്യമാകാറില്ലേ? ഇന്ത്യയിലെ ഓരോ പൗരനോടും യുവാക്കളോടും ഞാൻ പറയുകയാണ്, ഗ്യാനേഷ് കുമാറിനെ ചീഫ് ഇലക്ഷൻ കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റും. ഗ്യാനേഷ് കുമാർ ജയിലിൽ പോകും. ഗ്യാനേഷ് കുമാറില്ലായിരുന്നെങ്കിൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയോ അമിത് ഷാ ആഭ്യന്തരമന്ത്രിയോ ആകില്ലായിരുന്നു. രാജ്യത്തെ ശരിയായ പാതയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ആദ്യപടി ഗ്യാനേഷ് കുമാറിനെ മാറ്റുക എന്നതാണ്'- രാഹുൽ കൂട്ടിച്ചേർത്തു.

കർഷകർക്കും തൊഴിലാളികൾക്കും അർഹമായ അവകാശങ്ങൾ ലഭിക്കുന്നില്ലെന്നും 18 മണിക്കൂർ പഠിക്കുന്ന വിദ്യാർഥികൾക്ക് പോലും തൊഴിൽ ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ മുഴുവൻ സമ്പത്തും രണ്ടോ മൂന്നോ വ്യക്തികളുടെ കൈകളിലേക്ക് ചുരുങ്ങിയിരിക്കുകയാണെന്നും, ചുരുക്കം ചിലരുടേത് മാത്രമായ ഇത്തരമൊരു ഇന്ത്യയെ ഞങ്ങൾ ആഗ്രഹിക്കുകയോ അംഗീകരിക്കുകയോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് ജീവിക്കും പങ്കാളിയാകാൻ കഴിയുന്ന 'ശിവന്റെ ഭാരതം' പോലെയുള്ള ഇന്ത്യയാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

'കർഷകന് അവന്റെ അവകാശങ്ങൾ ലഭിക്കുന്നില്ല. യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നില്ല. തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങൾ ലഭിക്കുന്നില്ല, മുഴുവൻ സമ്പത്തും രണ്ടോ മൂന്നോ ആളുകളുടെ കൈകളിലേക്ക് പോയിരിക്കുന്നു. അത്തരമൊരു ഇന്ത്യ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, അത്തരമൊരു ഇന്ത്യയെ ഞങ്ങൾ അംഗീകരിക്കുകയുമില്ല. ശിവന്റെ ഭാരതത്തിൽ ആർക്കും പങ്കാളിയാകാം. ഓരോ ജീവിക്കും അതിൽ പങ്കെടുക്കാം. അതിൽ പങ്കെടുക്കുന്നതിൽ നിന്ന് ആർക്കെങ്കിലും തടസ്സം നിൽക്കാനാകുമോ? ഇല്ല. അത്തരമൊരു ഇന്ത്യയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഒരു കർഷകൻ കഠിനാധ്വാനം ചെയ്താൽ അതിന്റെ ഫലം അയാൾക്ക് ലഭിക്കണം. ഒരു വിദ്യാർഥി 18 മണിക്കൂർ പഠിച്ചാൽ അവർക്ക് തൊഴിൽ ലഭിക്കണം. രണ്ടോ മൂന്നോ വ്യക്തികൾക്കുമാത്രം സ്വന്തമായ ഒരു രാജ്യം ഞങ്ങൾ ആഗ്രഹിക്കുന്നില്ല' - രാഹുൽ ഗാന്ധി പറഞ്ഞു.

റാലിയിൽ സംസാരിച്ച സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഡൽഹിയിലെ റാംലീല മൈതാനം ജനാധിപത്യത്തിന്റെ 'ഹൽദിഘാട്ടി'യായി മാറിയെന്നും വിപ്ലവ മുദ്രാവാക്യങ്ങളും കൂറ്റൻ ജനപിന്തുണയും ഏതുനിമിഷവും ഭരണമാറ്റം സംഭവിക്കാമെന്നതിന്റെ തെളിവാണെന്നും അഭിപ്രായപ്പെട്ടു. ബി.ജെ.പിയെ യു.പിയിൽ നിന്ന് തുരത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അനങ്ങാത്ത 'അംഗദന്റെ കാൽ' എന്ന് അവകാശപ്പെട്ടവർക്ക് ഇപ്പോൾ നിലയുറപ്പിക്കാൻ മണ്ണില്ലാതായെന്നും കാശിയിലെ ജനങ്ങൾ അവർക്ക് 'ഡബിൾ സീറോ' നൽകിയെന്നും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. ജനങ്ങൾക്കിടയിൽ വിജയിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മീഷനിലൂടെയാണ് വഴി തേടുന്നത്. 2027-ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും സഖ്യകക്ഷികൾക്കും തിരിച്ചുവരാനാകാത്തവിധം യു.പിയിലെ ജനങ്ങൾ യാത്രയയപ്പ് നൽകുമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.

രാമജന്മഭൂമി പണവും വഖഫ് സ്വത്തുക്കളും ബി.ജെ.പി. കൊള്ളയടിച്ചെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി ആരോപിച്ചു. ബംഗാളിനെ കൊള്ളയടിച്ച ബി.ജെ.പിക്ക് മുന്നിൽ കീഴടങ്ങില്ലെന്നും ജീവൻ കൊടുത്തും പോരാടി ജനാധിപത്യം വീണ്ടെടുക്കുമെന്നും മമത വ്യക്തമാക്കി. ബി.ജെ.പിക്ക് സ്വന്തമായി സംഘടനയില്ലാത്തതിനാൽ പോലീസിനെക്കൊണ്ടാണ് പാർട്ടി പ്രവർത്തനം ചെയ്യിക്കുന്നതെന്നും പോലീസ് അവരുടെ സഖാക്കളെപ്പോലെ മാറിയെന്നും അവർ വിമർശിച്ചു.