ന്യൂഡൽഹി: റഷ്യയിൽനിന്ന് അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു-57 ഇ വാങ്ങുന്നതിനേപ്പറ്റി ഇന്ത്യ ആലോചിക്കുന്നു. യുദ്ധവിമാനത്തിന്റെ പ്രത്യേകതകൾക്കൊപ്പം ഇന്ത്യയിൽ നിർമിക്കാനുള്ള അവകാശവും നൽകാമെന്ന റഷ്യൻ ഓഫറും പരിഗണനയിലാണെന്നാണ് റിപ്പോർട്ടുകൾ. യുദ്ധവിമാന ഇടപാടിന്റെ കാര്യത്തിൽ ഈ വർഷം അവസാനം റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിന്റെ ഇന്ത്യാ സന്ദർശന വേളയിൽ തീരുമാനമുണ്ടായേക്കും.
നിലവിൽ ഇന്ത്യൻ വ്യോമസേന വലിയതോതിൽ യുദ്ധവിമാനങ്ങളുടെ കുറവ് അനുഭവിക്കുന്നുണ്ട്. തദ്ദേശീയമായ യുദ്ധവിമാന വികസനവും നിർമാണവും ഉദ്ദേശിച്ച വേഗത്തിൽ പുരോഗമിക്കാത്തതു കണക്കിലെടുത്ത് വിദേശ വിമാനങ്ങൾ വാങ്ങേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. ഇന്ത്യയുടെ തദ്ദേശീയ സ്റ്റെൽത്ത് വിമാനം എഎംസിഎ ( അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ്) വികസനവും പൂർണമായിട്ടുമില്ല. ഇവ സൈന്യത്തിന്റെ ഭാഗമാകണമെങ്കിൽ ഇനിയും 10 വർഷമെങ്കിലും കാത്തിരിക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് റഷ്യൻ ഓഫർ.
അടിയന്തരമായി 20 യുദ്ധവിമാനങ്ങൾ നേരിട്ട് റഷ്യയിൽനിന്ന് വാങ്ങാനും ബാക്കി സാങ്കേതികവിദ്യ കൈമാറ്റത്തോടെ പൂർണമായും ഇന്ത്യയിൽ നിർമിക്കാനുമാകും ഉദ്ദേശിക്കുന്നത്. വ്യോമസേനയ്ക്ക് 42 സ്‌ക്വാഡ്രൺ ആണ് വേണ്ടത്. നിലവിൽ 31 സ്‌ക്വാഡ്രൺ എന്ന നിലയിലാണ് വ്യോമസേന. പാകിസ്താൻ, ചൈന എന്നിവിടങ്ങളിൽനിന്നുള്ള ഭീഷണികളെ ഒരേസമയം നേരിടേണ്ടിവന്നാൽ വ്യോമസേനയ്ക്ക് കുറഞ്ഞത് 42 സ്‌ക്വാഡ്രൺ എങ്കിലും വേണ്ടിവരും.
ഇന്ത്യയ്ക്ക് എസ് യു 57-ഇയുടെ സാങ്കേതികവിദ്യ കൈമാറാമെന്ന് റഷ്യ വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യയിൽ നിർമിക്കാനുള്ള ലൈസൻസും നൽകും. അങ്ങനെയെങ്കിൽ മഹാരാഷ്ട്രയിലെ നാസിക്കിലുള്ള എസ് യു 30 എംകെഐയുടെ നിർമാണ കേന്ദ്രത്തിൽവെച്ച് എസ് യു-57 ഇ നിർമിക്കാനാകും. ഇതിനൊപ്പം യുദ്ധവിമാനത്തിന്റെ മുഴുവൻ സോഴ്സ് കോഡും നൽകാമെന്നാണ് റഷ്യ അറിയിച്ചിരുന്നത്. അങ്ങനെ ലഭ്യമായാൽ ഇന്ത്യൻ സാങ്കേതികവിദ്യയിൽ നിർമിച്ച ആയുധങ്ങളും റഡാറുകളും എവിയോണിക്സും മറ്റും വിമാനത്തിൽ ഉൾപ്പെടുത്താനും സാധിക്കും.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആകർഷകമായ ഓഫറാണ് റഷ്യ മുന്നോട്ടുവെച്ചിരിക്കുന്നത്. 110 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള പദ്ധതി സാങ്കേതിക കാരണങ്ങൾ കൊണ്ട് അനിശ്ചിതമായി നീണ്ടുപോവുകയാണ്. ഈ സമയത്താണ് ഓഫറുമായി റഷ്യ മുന്നോട്ടുവന്നത്.
ഇതിനൊപ്പം 4.5 ജനറേഷൻ മൾട്ടിറോൾ യുദ്ധവിമാനമായ എസ് യു-365 എം കൂടെ ഇന്ത്യയ്ക്ക് നൽകാമെന്ന് റഷ്യ പറഞ്ഞിട്ടുണ്ട്. രണ്ടുംകൂടി ഒരുപാക്കേജാക്കിയാണ് റഷ്യ അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് വർഷം കൊണ്ട് 40 എസ് യു-365 എം യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക്കൈമാറാനാകുമെന്നാണ് റഷ്യൻ അധികൃതർ പറയുന്നത്. നിലവിലെ ഇന്ത്യയുടെ യുദ്ധവിമാനത്തിന്റെ ലഭ്യതക്കുറവിന് ഇത് താത്കാലിക ആശ്വാസം നൽകും. സ്‌ക്വാഡ്രൺ ശേഷി നിലനിർത്താനും സഹായിക്കും. ഈ സമയംകൊണ്ട് ഇന്ത്യയിൽ എസ് യു-57 ഇ യുദ്ധവിമാന നിർമാണം വേഗത്തിലാക്കാനും സാധിക്കുമെന്നാണ് റഷ്യയുടെ ഓഫർ.
ഇതിനൊപ്പം ഇന്ത്യയുടെ തദ്ദേശീയ സ്റ്റെൽത്ത് വിമാന പദ്ധതിക്ക് റഷ്യൻ സാങ്കേതികവിദ്യാ കൈമാറ്റം കൂടുതൽ കരുത്ത് പകരും. റഷ്യയുടെ ഓഫറിൽ ഇരുരാജ്യങ്ങളും ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ചർച്ചകൾ തീരുമാനത്തിലേക്ക് എത്തിയാൽ ഈ വർഷം അവസാനത്തോടെ റഷ്യൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശന വേളയിൽ കരാർ ഉണ്ടായേക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ആഴത്തിലുള്ളതാക്കുന്നതാകും തീരുമാനം. എന്നാൽ, ഇതിനോടുള്ള യു.എസിന്റെ സമീപനം എന്താകുമെന്നതിൽ ആശങ്കയുണ്ട്. കാരണം ഇന്ത്യയ്ക്ക് എഫ്-35 യുദ്ധവിമാനം യു.എസ് വാഗ്ദാനം ചെയ്തിരുന്നു.
ഇക്കാര്യത്തിൽ യു.എസ് പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാർട്ടിനും സർക്കാർ പ്രതിനിധികളും ഇന്ത്യ സന്ദർശിക്കാനിരിക്കുകയായിരുന്നു. എന്നാൽ, ഈ യാത്ര തത്കാലത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. ഇതും റഷ്യൻ യുദ്ധവിമാന ഓഫറും തമ്മിൽ ബന്ധമുണ്ടെന്നാണ് കരുതുന്നത്.
Content Highlights: India is reportedly considering buying Russia`s Su-57 fighter jets, with potential for local manufac
Published: 10 Jul 2025, 11:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented