ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തുന്ന പ്രതിഷേധം പോലീസ് തടഞ്ഞതിനെത്തുടർന്ന് വൻ നാടകീയ രംഗങ്ങളും സംഘർഷാവസ്ഥയും. പാർലമെന്റിൽനിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് നീങ്ങിയ ഇന്ത്യാ സഖ്യ എം.പി.മാരുടെ മാർച്ച് ആകാശവാണി ഭവന് സമീപത്തുവെച്ച് പോലീസ് ബാരിക്കേഡുകൾ ഉയർത്തി തടഞ്ഞു. ബാരിക്കേഡിന് മുകളിൽക്കയറിനിന്ന് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവർ പ്രതിഷേധം തുടർന്നു. ത്രിവർണപ്പതാക ഉയർത്തിപ്പിടിച്ചാണ് രാഹുൽ ബാരിക്കേഡിന് മുകളിൽ കയറിനിന്നത്.

To advertise here,

ബാരിക്കേഡ് വെച്ച് തടഞ്ഞതോടെ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള ഇന്ത്യ സഖ്യ നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം തുടർന്നു. ഇതിനിടെ ജോൺ ബ്രിട്ടാസ് എം.പി., കെ.സി. വേണുഗോപാൽ, എ.എ. റഹീം ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തിൽ കയറ്റിയെങ്കിലും കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതോടെ വാഹനം മുന്നോട്ടുപോവാൻ കഴിയാത്ത സ്ഥിതിയുണ്ടായി.

മാർച്ച് പുരോഗമിക്കുന്നതിനിടെ രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തെത്താൻ മറ്റൊരുവഴി തിരഞ്ഞെടുത്തത് ഡൽഹി പോലീസിനെ സംബന്ധിച്ച് അപ്രതീക്ഷിത നീക്കമായി. രാഹുൽ, പ്രിയങ്ക, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവർ ആകാശവാണി ഭവൻവഴി സി.ഇ.സി. ആസ്ഥാനത്തെത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, പോലീസ് പെട്ടെന്ന് ഇടപെട്ട് ആകാശവാണി ഭവൻ നാലാം ഗേറ്റിൽ ഇവരെ തടഞ്ഞു. അതോടെ അവിടെയുണ്ടായിരുന്ന ആൽമരച്ചുവട്ടിൽ ഇരുന്ന് പ്രതിഷേധം തുടർന്നു. ഇതിനിടെ പ്രവർത്തകർ ഗേറ്റ് തള്ളിത്തുറന്ന് ആകാശവാണി ഭവനകത്തുകയറി. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെത്തി പലതവണ അനുനയശ്രമങ്ങൾ നടത്തിയെങ്കിലും ആവശ്യം നിറവേറുംവരെ പിറകോട്ടില്ലെന്നാണ് രാഹുലിന്റെ നിലപാട്. കൂടുതൽ കേന്ദ്ര സേനയെ ഉൾപ്പെടെ സ്ഥലത്തെത്തിച്ച് രാഹുലിനെ അറസ്റ്റുചെയ്യാനുള്ള നീക്കത്തിലേക്ക് പോലീസ് നീങ്ങുന്നതായാണ് റിപ്പോർട്ട്.