ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കടുത്ത പ്രതിസന്ധിയിലൂടെയാണ് ആന്ധ്രയില്‍ ജഗനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ വൈ.സ്.ആര്‍. കോണ്‍ഗ്രസും കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഭരണം നഷ്ടമായതിന് പിന്നാലെ പാര്‍ട്ടിയില്‍നിന്ന് കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്കും ടി.ഡി.പി പ്രവര്‍ത്തകരുടെ കടന്നാക്രമണങ്ങളുമാണ് വൈ.സ്.ആര്‍.കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിരിക്കുന്നത്. തുടര്‍ന്ന് സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലാണെന്നാരോപിച്ച് വൈ.എസ്.ആര്‍. കോണ്‍ഗ്രസ് ഡല്‍ഹിയില്‍ കഴിഞ്ഞദിവസം പ്രതിഷേധം നടത്തുകയുണ്ടായി.

To advertise here,

എന്‍.ഡി.എ. സഖ്യം ഭരിക്കുന്ന ആന്ധ്രയിലെ ടി.ഡി.പി. നേതൃത്വത്തെ കടന്നാക്രമിച്ച് ജന്തര്‍മന്തറില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് പിന്തുണയുമായി ഇന്ത്യസഖ്യത്തിലെ പാര്‍ട്ടികളുമെത്തിയത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, മുസ്ലിം ലീഗ് എം.പി.മാരായ പി.വി. അബ്ദുള്‍ വഹാബ്, ഹാരിസ് ബീരാന്‍ എന്നിവരാണ് ആദ്യം പ്രതിഷേധ വേദിയിലെത്തിയത്. തുടര്‍ന്ന് ശിവസേന (ഉദ്ധവ് താക്കറെ), തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടി പ്രതിനിധികളുമെത്തി. ഇന്ത്യ സഖ്യകക്ഷികള്‍ക്കു പുറമേ എന്‍.ഡി.എ. മുന്‍ സഖ്യകക്ഷിയായ അണ്ണാ ഡി.എം.കെ.യും ആന്ധ്രാ മുന്‍ മുഖ്യമന്ത്രിയായ ജഗന്‍മോഹൻ റെഡ്ഡിക്ക് ഐക്യദാര്‍ഢ്യവുമായെത്തി. വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രതിപക്ഷ സഖ്യത്തിനൊപ്പമാണെന്ന് സന്ദര്‍ശനത്തിനെത്തിയ ചില നേതാക്കള്‍ പ്രസ്താവന നടത്തിയതും ശ്രദ്ധേയമാണ്. പ്രതിസന്ധി ഘട്ടത്തില്‍ പിന്തുണയുമായി എത്തിയവരെ അവർ പിണക്കില്ലെന്നാണ് ഇന്ത്യ മുന്നണി പ്രതീക്ഷിക്കുന്നത്.

2011-ല്‍ രൂപീകരണം മുതല്‍ ജഗന്റെ പാര്‍ട്ടി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയിലോ ബിജെപി നേതൃത്വം നല്‍കുന്ന മുന്നണിയിലോ ഔദ്യോഗികമായി ചേര്‍ന്നിട്ടില്ല. എന്നാല്‍, എന്‍.ഡി.എ.യുടെ ഭാഗമല്ലായിരുന്നെങ്കിലും മോദിസര്‍ക്കാരുകള്‍ക്ക് വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നിര്‍ണായകഘട്ടങ്ങളില്‍ പിന്തുണ നല്‍കിയിരുന്നു. ഇത്തവണ സ്പീക്കര്‍ തിരഞ്ഞെടുപ്പിലും എന്‍ഡിഎ സ്ഥാനാര്‍ഥിയെ ആണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് പിന്തുണച്ചത്.

എന്നാല്‍, കേന്ദ്ര ബജറ്റില്‍ ആന്ധ്രയ്ക്ക് പ്രത്യേക സഹായം നല്‍കി ടിഡിപിയെ എന്‍ഡിഎയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ ശ്രമം ആരംഭിച്ചതോടെ മോദി സര്‍ക്കാരുമായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അകലുന്നതിന്റെ സൂചനയാണ് കാണുന്നത്.

പ്രതിപക്ഷസഖ്യത്തിന്റെ ഭാഗമല്ലാത്ത വൈ.എസ്.ആര്‍. കോണ്‍ഗ്രസ്, കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിലേക്ക് ഇന്ത്യസഖ്യത്തിലെ പ്രധാന നേതാക്കളെ ക്ഷണിക്കുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ക്ഷണമുണ്ടായിരുന്നെങ്കിലും അദ്ദേഹം വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു.

പുതിയ പാര്‍ട്ടി രൂപീകരണത്തിന് ശേഷം ജഗന്‍ ഒരിക്കലും അടുക്കാതിരുന്നത് കോണ്‍ഗ്രസുമായിട്ടാണ്. അതില്‍നിന്നുള്ള ഒരു മാറ്റമാണ് ജഗന്റെ ഇപ്പോഴത്തെ നീക്കങ്ങള്‍.

തന്റെ പിതാവും ആന്ധ്ര മുന്‍  മുഖ്യമന്ത്രിയുമായ വൈ.എസ് രാജശേഖര റെഡ്ഡി മരിച്ച് രണ്ട് വര്‍ഷത്തിന് ശേഷം, 2011-ല്‍ കോണ്‍ഗ്രസുമായി വേര്‍പിരിഞ്ഞാണ് ജഗന്‍ വൈഎസ്ആര്‍സിപി രൂപവത്കരിച്ചത്. 2009-ല്‍ യുപിഎ സര്‍ക്കാര്‍ സംസ്ഥാനം വിഭജിച്ചതിന് ശേഷം ആന്ധ്രയില്‍ കോണ്‍ഗ്രസിന് അടിവേര് നഷ്ടപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് തെലങ്കാനയില്‍ പുതിയ പാര്‍ട്ടി രൂപവത്കരിച്ച് പ്രവര്‍ത്തിക്കുകയായിരുന്ന ജഗന്റെ സഹോദരി വൈ.എസ്. ഷര്‍മിളയെ പാര്‍ട്ടിയില്‍ തിരികെയെത്തിച്ച് ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ ചുമതല നല്‍കിയിരിക്കുന്നത്.