തീവ്ര വോട്ടർപട്ടിക പരിഷ്കരണ(എസ്.ഐ.ആർ.)ത്തെച്ചൊല്ലി തിരഞ്ഞെടുപ്പു കമ്മിഷനിൽ അഭിപ്രായവ്യത്യാസമുണ്ടായെന്ന വെളിപ്പെടുത്തൽ രാഷ്ട്രീയവൃത്തങ്ങളിൽ കോളിളക്കം സൃഷ്ടിക്കുമ്പോൾ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറും കേന്ദ്രസർക്കാരും പ്രതിരോധത്തിലാണ്

ന്യൂഡൽഹി: പുറത്തുയരുന്നതിനെക്കാൾ കടുത്ത കടലിരമ്പമാണ് അകത്തുയരുന്നതെന്ന പ്രത്യക്ഷ വിളംബരമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉള്ളറകളിൽനിന്ന് പുറത്തുവരുന്നത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറോ തിരഞ്ഞെടുപ്പ് കമ്മിഷണർമാരോ പ്രതികരിക്കാതെ,ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ പുറത്തിറക്കിയ പത്രക്കുറിപ്പിന്റെ പരിചകൊണ്ട് പ്രതിരോധിക്കാനാകുന്നതല്ല വസ്തുതകളെന്നതാണ് യാഥാർഥ്യം.
ഏതൊരു സ്ഥാപനത്തിലും ഭിന്നാഭിപ്രായങ്ങൾ സ്വാഭാവികമെന്നും കൈക്കൊണ്ട തീരുമാനങ്ങൾ ഏകകണ്ഠമെന്നും വ്യാഖ്യാനിക്കാമെങ്കിലും കൈയൊഴിയൽ എളുപ്പമല്ല. തീവ്ര വോട്ടർപട്ടികപരിഷ്കരണ നടപടികൾ ബിഹാറിൽ ആരംഭിച്ച്, ബംഗാളിൽ തുടരുന്നതിനിടയിൽ വിവാദങ്ങൾ കെട്ടടങ്ങുകയല്ല, സംസ്ഥാനം പിന്നിടുംതോറും വളരുകയാണെന്നതാണ് കഴിഞ്ഞ കുറെ മാസങ്ങളായി രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്.
രാഹുൽ അന്നേ പറഞ്ഞിരുന്നു
വോട്ടർപട്ടിക പരിഷ്കരണത്തിൽ ക്രമക്കേടുകളും രാഷ്ട്രീയലക്ഷ്യവുമുണ്ടെന്ന് പ്രതിപക്ഷപാർട്ടികളും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും തുടക്കംമുതൽ പലവേദികളിൽ വിളിച്ചുപറയുന്നുണ്ടെങ്കിലും രാഷ്ട്രീയാരോപണമെന്ന വിലാസത്തിൽ അവയെ ഒതുക്കുകയായിരുന്നു. സാമൂഹികസംഘടനകളും പൗരസംഘടനകളും വോട്ടുവിലാസം നഷ്ടപ്പെടുന്ന ജനസമൂഹത്തെ ചൂണ്ടിക്കാട്ടിയെങ്കിലും നേതൃത്വമോ ഭരണസംവിധാനമോ ഗൗനിച്ചില്ല.
പ്രമുഖ സാമൂഹികപ്രവർത്തകനും ചിന്തകനുമായ യോഗേന്ദ്രയാദവ് മുതൽ മുൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ എസ്.വൈ. ഖുറേഷിവരെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഗൂഢമായ പരിഷ്കരണനടപടികളുടെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയിരുന്നു. 2025 ജൂണിൽ തുടങ്ങിയ പരിഷ്കരണത്തിലൂടെ രാജ്യത്തെ 13 കോടി വോട്ടർമാർ ഇതുവരെ വോട്ടവകാശത്രാസിൽ കുടുങ്ങി നിൽപ്പായി. വോട്ടവകാശനഷ്ടത്തോടൊപ്പം ഭാവിയിൽ വന്നേക്കാവുന്ന മറ്റുനഷ്ടങ്ങളെക്കുറിച്ചുള്ള ഭീതികളും വേവലാതികളും വേറെ.
ലവാസയും രാജിയും
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുവേളയിൽ മാതൃകാപെരുമാറ്റച്ചട്ടം ലംഘിച്ച ബി.ജെ.പി. നേതാക്കൾക്ക് ക്ലീൻ ചിറ്റ് നൽകിയ കമ്മിഷൻ നടപടിക്കെതിരേ അന്നത്തെ കമ്മിഷണറായിരുന്ന അശോക് ലവാസ എഴുതിയ വിയോജനക്കുറിപ്പ് രാജിയിലേക്ക് നയിച്ച ചരിത്രം മറക്കാറായിട്ടില്ല. തന്റെ വിയോജനക്കുറിപ്പ് കമ്മിഷന്റെ അന്തിമറിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്ന് ലവാസ ആവശ്യപ്പെട്ടു. അതിന് വകുപ്പില്ലെന്ന് ചൂണ്ടിക്കാട്ടി കമ്മിഷൻ ഒഴിഞ്ഞപ്പോൾ ലവാസ രാജിവെച്ച് പുറത്തുപോയി.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പുകളാണ് കോവിഡ് പരക്കാൻ കാരണമായതെന്ന മദ്രാസ് ഹൈക്കോടതിയുടെ പരാമർശം നീക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ സുപ്രീംകോടതിയെ സമീപിച്ചതും മറവിയിലായിട്ടില്ല.
Content Highlights: Growing internal dissent within the Election Commission and mounting concerns over controversial voter list revisions have sparked a major national debate.
Published: 24 Sept 2026, 06:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented