ന്യൂഡൽഹി: അടുത്ത രണ്ടുവർഷത്തിനുള്ളിൽ 3.5 കോടി തൊഴിലവസരം സൃഷ്ടിക്കാനായി 1.07 ലക്ഷം കോടി രൂപയുടെ തൊഴിൽബന്ധിത പ്രോത്സാഹന പദ്ധതിക്ക് (എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇൻസന്റീവ് സ്കീം) കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ഇപിഎഫ്ഒയുടെ സാമൂഹിക സുരക്ഷാപദ്ധതിപ്രകാരമാണിത് നടപ്പാക്കുകയെന്ന് മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
പദ്ധതിപ്രകാരം ഇപിഎഫ്ഒയിൽ രജിസ്റ്റർചെയ്തിട്ടുള്ള സ്ഥാപനങ്ങൾ അർഹരായ യുവാക്കൾക്ക് ജോലിനൽകണം. ആദ്യമായി ജോലിചെയ്യുന്നവർക്ക് ഒരുമാസത്തെ വേതനം (15,000 രൂപവരെ) രണ്ടുഗഡുക്കളായി ലഭിക്കും. ഒരു തൊഴിലാളിക്ക് 3000 രൂപവീതം തൊഴിലുടമകൾക്ക് (സ്ഥാപനങ്ങൾക്ക്) സർക്കാർ സഹായം നൽകും. നിർമാണമേഖലയിലെ സ്ഥാപനങ്ങൾക്ക് മുൻഗണനനൽകും. ഒരുലക്ഷം രൂപവരെ ശമ്പളമുള്ള ജീവനക്കാരുടെ കാര്യത്തിലാണ് സർക്കാർ സഹായം. രണ്ടുവർഷത്തേക്കാണിത്. എന്നാൽ, നിർമാണമേഖലയിലുള്ള സ്ഥാപനങ്ങൾക്ക് പദ്ധതി ആനുകൂല്യം രണ്ടുവർഷംകൂടി നീട്ടുമെന്ന് മന്ത്രി അറിയിച്ചു.
ഇപിഎഫ്ഒയിൽ രജിസ്റ്റർചെയ്തിട്ടുള്ള 50-ൽ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ കുറഞ്ഞത് ആറുമാസത്തേക്ക് രണ്ടു ജീവനക്കാരെയോ 50-ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനം അഞ്ച് ജീവനക്കാരെയോ നിയമിച്ചാലാണ് ആനുകൂല്യം നൽകുക.
ഗവേഷണമേഖലയ്ക്കായി ഒരു ലക്ഷം കോടി
ഒരു ലക്ഷം കോടി രൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകി. സ്വകാര്യസംരംഭകർക്ക് ഗവേഷണം, വികസനം, നവീകരണം (റിസർച്ച്, ഡിവലപ്മെന്റ്, ഇനവേഷൻ) മേഖലയിൽ സാമ്പത്തികസഹായം നൽകുന്നതാണിത്. പദ്ധതിപ്രകാരം പലിശരഹിതമായോ കുറഞ്ഞപലിശനിരക്കിലോ സഹായം നൽകും. ഗവേഷണങ്ങൾക്ക് പ്രധാന്യം നൽകുന്നതിനും തന്ത്രപ്രധാനവും നിർണായകവുമായ സാങ്കേതികവിദ്യകൾ ഏറ്റെടുക്കുന്നതിനും പിന്തുണനൽകുകയുമാണ് ലക്ഷ്യം.
പരമക്കുടി-രാമനാഥപുരം നാലുവരിപ്പാതയ്ക്ക് 1853 കോടി
: തമിഴ്നാട്ടിൽ പരമക്കുടി-രാമനാഥപുരം 46.7 കിലോമീറ്റർ നാലുവരിപ്പാതയുടെ നിർമാണത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. 1853 കോടി രൂപയുടെ മൊത്തം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി സ്വകാര്യസംരംഭകരുമായി ചേർന്നാണ് നടപ്പാക്കുക. പുതിയ പാത മധുര, രാമേശ്വരം റെയിൽവേ സ്റ്റേഷനുകളെയും മധുര വിമാനത്താവളത്തെയും പാമ്പൻ, രാമേശ്വരം തുറമുഖങ്ങളെയും ബന്ധിപ്പിക്കും.
Content Highlights: India Launches ₹1.07 Lakh Crore Employment Scheme, Targeting 35 Million Jobs
Published: 02 Jul 2025, 06:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented