ന്യൂഡല്‍ഹി: തനിക്ക് അധികാരം ആവശ്യമില്ലെന്നും ജനസേവകനായാല്‍ മാത്രം മതിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രഭാഷണമായ മന്‍ കി ബാത്തില്‍ ആയുഷ്മാന്‍ ഭാരത് യോജനയുടെ ഒരു ഗുണഭോക്താവിനോട് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. 

"വികസന മുന്നേറ്റത്തില്‍ ഇന്ത്യ ഒരു വഴിത്തിരിവിന്റെ മുന്നിലാണ്. നമ്മുടെ യുവാക്കള്‍ തൊഴിലന്വേഷകര്‍ എന്നതിനപ്പുറം തൊഴില്‍ ദാതാക്കളായി മാറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് നിലവില്‍ 70 ല്‍ കൂടുതല്‍ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ട്"- പ്രധാനമന്ത്രി പറഞ്ഞു. ഒരു ബില്യണ്‍ ഡോളറില്‍ കൂടുതല്‍ മൂല്യമുള്ള സ്വകാര്യ സ്റ്റാര്‍ട്ടപ്പുകളെയാണ് യൂണികോണുകള്‍ എന്ന് വിളിക്കുന്നത്.

ഡിസംബര്‍ മാസത്തിലാണ് നാം നാവികസേന ദിനവും സായുധസേന പതാക ദിനവും ആചരിക്കുന്നത്. 1971 ലെ യുദ്ധത്തില്‍ പാകിസ്താനെതിരെ നേടിയ മഹത്തായ യുദ്ധവിജയത്തിന്റെ അമ്പതാം വാര്‍ഷികവും ഡിസംബര്‍ 16ന് നാം ആചരിക്കും. ഇന്ത്യന്‍ സൈനികരുടെ പ്രവര്‍ത്തനങ്ങളെ സ്മരിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.  

മുന്‍ പ്രസംഗങ്ങളിലെന്നപോലെ ഇത്തവണയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതും പരിസ്ഥിതി സൗഹൃദവുമായ ജീവിത രീതി തിരഞ്ഞെടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Content Highlights: I don't want power, I want to serve people; PM Modi