ചെന്നൈ: മദ്രാസ് ഐഐടിയിലെ ഹൈപ്പര്‍ ലൂപ്പ് പരീക്ഷണ ട്രാക്കില്‍ (വാക്വം ട്യൂബ്) നിന്നുള്ള ഏറ്റവും പുതിയ വീഡിയോ പങ്കുവെച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ഡിസ്‌കവറി ക്യാമ്പസില്‍ സ്ഥിതി ചെയ്യുന്ന 410 മീറ്റര്‍ ഹൈപ്പര്‍ ലൂപ്പ് പരീക്ഷണ ട്രാക്ക് സന്ദര്‍ശിക്കവെ പകര്‍ത്തിയ ദൃശ്യങ്ങളാണ് അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഏഷ്യയിലെ നീളമേറിയ ഹൈപ്പര്‍ ലൂപ്പ് ട്യൂബാണ് ഇതെന്നും ഉടന്‍ തന്നെ ലോകത്തെ നീളമേറിയ ഹൈപ്പര്‍ ലൂപ്പ് ട്യൂബാകുമെന്നും അദ്ദേഹം കുറിച്ചു. 

To advertise here,

ഹൈപ്പര്‍ ലൂപ്പിന് ആവശ്യമായ ഇലക്ട്രോണിക് ഘടകങ്ങള്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ (ഐസിഎഫ്) വികസിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് റെയില്‍വേ മന്ത്രി കൂടിയായ അശ്വിനി വൈഷ്ണവ് പറഞ്ഞു. തദ്ദേശയമായ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ രാജ്യം പ്രതിജ്ഞാബദ്ധമാണ്. ഹൈപ്പര്‍ ലൂപ്പ് പരീക്ഷണത്തിനായുള്ള മുഴുവന്‍ സംവിധാനങ്ങളും തദ്ദേശീയമായി വികസിപ്പിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഹൈപ്പര്‍ ലൂപ്പിന്റെ പ്രവര്‍ത്തനത്തിന്റെ മാതൃക വിദ്യാര്‍ഥികള്‍ തനിക്ക് കാണിച്ചുതരുന്ന വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചത്. വിജയ്‌യുടെ സൂപ്പര്‍ഹിറ്റ് ചിത്രം മാസ്റ്ററിലെ ഇന്റർവെൽ സമയത്തെ ഫൈറ്റ് സീനിനായി അനിരുദ്ധ് രവിചന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതമാണ് മന്ത്രി പങ്കുവെച്ച ഹൈപ്പര്‍ ലൂപ്പ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്. 

ഇന്ത്യന്‍ റെയില്‍വേ, ഐഐടി മദ്രാസ് ആവിഷ്‌കാര്‍ ഹൈപ്പര്‍ലൂപ്പ് ടീം, സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ട്യൂടര്‍ ഹൈപ്പര്‍ ലൂപ്പ് എന്നിവരുടെ സംയുക്ത പരിശ്രമത്തിന്റെ ഫലമായി കഴിഞ്ഞ ഡിസംബറിലാണ് പരീക്ഷണ ട്രാക്ക് നിര്‍മ്മാണം പൂര്‍ത്തിയായത്. 2022 മാര്‍ച്ചിലായിരുന്നു ഐഐടി മദ്രാസ് ഹൈപ്പര്‍ ലൂപ്പ് പ്രോജക്ടുമായി ഇന്ത്യന്‍ റെയില്‍വേയെ സമീപിച്ചത്. 8.34 കോടിയാണ് പദ്ധതി ചിലവ്. ഈ ട്രാക്കിലൂടെ മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗതിയില്‍വരെയുള്ള പരീക്ഷണം നടത്താനാവുമെന്നാണ് ബന്ധപ്പെട്ടവര്‍ അവകാശപ്പെടുന്നത്. കൂടാതെ ഭാവിയില്‍ ഹൈപ്പര്‍ലൂപ്പ് വികസനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കെല്ലാം 'ടെസ്റ്റ്ബെഡ്' ആയി ഇതിനെ ഉപയോഗിക്കാമെന്നും ഐഐടി ചൂണ്ടിക്കാട്ടുന്നു.

2022-ലാണ് ഹൈപ്പര്‍ ലൂപ്പ് വികസിപ്പിക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ മദ്രാസ് ഐഐടിക്ക് 8.34 കോടി രൂപ അനുവദിച്ചത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയാണ് ചെന്നൈയിലെ പരീക്ഷണ ട്രാക്കില്‍ ആദ്യഘട്ടത്തില്‍ പരീക്ഷിക്കുക. ഭാവിയില്‍ ദൈര്‍ഘ്യമേറിയ ട്രാക്കില്‍ മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗതയുള്ള ഹൈപ്പര്‍ലൂപ്പ് പരീക്ഷിക്കും. ഹൈപ്പര്‍ ലൂപ്പ് യാഥാര്‍ഥ്യമായാല്‍ ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് (350 കിലോമീറ്റര്‍) വെറും 30 മിനുറ്റ് കൊണ്ട് സഞ്ചരിക്കാം.