രാജ്യത്തെ ആദ്യ തദ്ദേശീയ ഹൈപ്പര്‍ലൂപ് ഗതാഗതസംവിധാനം വികസിപ്പിക്കാനുള്ള ദൗത്യത്തില്‍ പങ്കാളിയാവാന്‍ കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ബെമല്‍ (ബിഇഎംഎല്‍). ഇതുസംബന്ധിച്ച് ബെമല്‍ മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ട്യൂട്ടര്‍ ഹൈപ്പര്‍ലൂപ്പുമായി ധാരണാപത്രം ഒപ്പുവെച്ചു.

To advertise here,

അതിവേഗ യാത്രയ്ക്കും ചരക്കുനീക്കത്തിനും സഹായിക്കുന്ന ഭാവി ഗതാഗത സംവിധാനമാണ് ഹൈപ്പര്‍ലൂപ്പുകള്‍. വായുമര്‍ദം കുറഞ്ഞ ട്യൂബുകള്‍ക്കുള്ളിലൂടെ കാന്തികശക്തിയില്‍ അതിവേഗ തീവണ്ടിയാത്ര സാധ്യമാക്കുന്ന സംവിധാനമാണിത്. യാത്രക്കാരെയും ചരക്കുകളെയും അതിവേഗം എത്തിക്കാനുള്ള ഹൈപ്പര്‍ലൂപ് പോഡ് രൂപകല്പനചെയ്യാനും നിര്‍മിക്കാനും ഈ സഹകരണത്തില്‍ ഊന്നല്‍നല്‍കും. ഇത് ഇന്ത്യയുടെ അതിവേഗ ഗതാഗതത്തിന് മുതല്‍ക്കൂട്ടാകുമെന്ന് ബെമല്‍ സിഎംഡി ശാന്തനുറോയ് പറഞ്ഞു.

മദ്രാസ് ഐഐടിയില്‍ നടന്ന ചടങ്ങില്‍ ബെമല്‍ കോര്‍പറേറ്റ് ടെക്നോളജി പ്ലാനിങ് ആന്‍ഡ് അലൈഡ് മാനേജ്മെന്റ് മേധാവി ലിംഗരാജ് വി.വിരക്ടമത്, ട്യൂട്ടര്‍ ഹൈപ്പര്‍ലൂപ് ഡയറക്ടറും സിഇഒയുമായ ഡോ. അരവിന്ദ് എസ്.ഭരദ്വാജ് എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ബെമല്‍ സിഎംഡി ശാന്തനുറോയ്, മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി, ബെമല്‍ റെയില്‍ ആന്‍ഡ് മെട്രോ ഡയറക്ടര്‍ രാജീവ് കുമാര്‍ഗുപ്ത തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഹൈപ്പര്‍ലൂപ്പ് ഗതാഗത സംവിധാനം ഇന്ത്യയില്‍ യാഥാര്‍ഥ്യമാക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേയുടെ സഹായത്തോടെ മദ്രാസ് ഐ.ഐ.ടി. 422 മീറ്റര്‍ നീളത്തിലുള്ള ഹൈപ്പര്‍ലൂപ്പ് ടെസ്റ്റ് ട്രാക്ക് ഒരുക്കിയതായി അടുത്തിടെയാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്. മദ്രാസ് ഐ.ഐ.ടി. വികസിപ്പിച്ചിട്ടുള്ള ഹൈപ്പര്‍ലൂപ്പ് ട്രാക്കിലൂടെ വെറും 30 മിനിറ്റിനുള്ളില്‍ 350 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 

ദീര്‍ഘദൂര യാത്രകള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന ഒരു അതിവേഗ ഗതാഗത സംവിധാനമായാണ് ഹൈപ്പര്‍ലൂപ്പിനെ വിശേഷിപ്പിക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും യാത്ര ചെയ്യാന്‍ സാധിക്കുമെന്നതും കൂട്ടിയിടി പോലുള്ള അപകടങ്ങള്‍ക്കുള്ള സാധ്യതയില്ലെന്നതുമാണ് ഹൈപ്പര്‍ലൂപ്പ് സംവിധാനത്തിന്റെ പ്രധാന സവിശേഷത. വിമാനത്തിനെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാമെന്നതും വൈദ്യതി ഊര്‍ജമായി ഉപയോഗിക്കാന്‍ സാധിക്കുമെന്നതും ഈ സംവിധാനത്തിന്റെ മേന്മയാണ്.