കാഠ്മണ്ഡു: നേപ്പാളിലെ പൊഖാറയിൽ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 72 പേരുടെ മരണത്തിനിടയാക്കിയ യെതി എയർലൈൻസിന്റെ വിമാനം തകർന്നത് മാനുഷിക പിഴവ് മൂലമെന്ന് റിപ്പോർട്ട്. അഞ്ചംഗ അന്വേഷണ കമ്മിഷൻ വ്യാഴാഴ്ച സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ വിമാനം തകർന്നത് മനുഷ്യസഹജമായ പിഴവ് മൂലമാണെന്ന് വ്യക്തമാക്കിയതായി നേപ്പാളിന്റെ ഔദ്യോഗിക വാർത്താഏജൻസിയായ രാഷ്ട്രീയ് സമാചാര്‍ സമിതി(ആര്‍എസ്എസ്) റിപ്പോർട്ട് ചെയ്തു.
വിമാനാപകടം നടന്ന ദിവസം തന്നെ സർക്കാർ അഞ്ചംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. മുൻ സെക്രട്ടറി നാഗേന്ദ്ര പ്രസാദ് ഗിമിറെയുടെ ഏകോപനത്തിൽ രൂപവത്കരിച്ച കമ്മിഷൻ സാംസ്കാരിക, ടൂറിസം, വ്യോമയാന മന്ത്രി സുഡാൻ കിരാതിക്ക് റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നതിന് എട്ട് മാസവും മൂന്ന് ദിവസവും എടുത്തു. അന്വേഷണ കമ്മിഷന്റെ നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ മന്ത്രി കിരാതി കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകിയതായാണ് വിവരം.
നേപ്പാളി സേനയില്‍നിന്ന് വിരമിച്ച ക്യാപ്റ്റന്‍ പ്രകാശ് ബസ്തോല, ക്യാപ്റ്റൻ (റിട്ട,) സുനിൽ ഥാപ്പ, എയ്‌റോനോട്ടിക്കൽ എന്‍ജിനീയർ എക്‌രാജ് ജംഗ് ഥാപ്പ, സാംസ്‌കാരിക, ടൂറിസം, സിവിൽ ഏവിയേഷൻ മന്ത്രാലയം ജോയന്റ് സെക്രട്ടറി ബുദ്ധി സാഗർ ലാമിച്ചനെ എന്നിവരായിരുന്നു അന്വേഷണ കമ്മിഷനിലെ അംഗങ്ങൾ.
ജനുവരി 15-നാണ് ജീവനക്കാരടക്കം 72 പേരുടെ മരണത്തിനിടയായ വിമാനാപകടം ഉണ്ടായത്. ലാൻഡിങ്ങിന് തൊട്ടുമുമ്പ് യെതി എയർലൈൻസിന്റെ 9N-ANC ATR-72 വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തകർന്ന് വീഴുകയായിരുന്നു. ദുരന്തത്തിൽ മരിച്ചവരിൽ അഞ്ച് ഇന്ത്യക്കാരും ഉള്‍പ്പെട്ടിരുന്നു.
അഭിഷേക് കുശ്‌വാഹ (25), ബിഷാല്‍ ശര്‍മ (22), അനില്‍ കുമാര്‍ രാജ്ഭാര്‍ (27) സോനു ജെയ്‌സ്വാള്‍ (35), സഞ്ജയ ജയ്‌സ്വാള്‍ (26) എന്നീ ഇന്ത്യക്കാരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
Content Highlights: Human error behind Nepal's Yeti Airlines crash that killed all 72 people
Published: 28 Dec 2023, 08:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented