ടെൽ അവീവ്: ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്‌ളൈദുബായ് വിമാനത്തിനുള്ളിൽ അക്രമാസക്തമായ സംഭവം നടന്നതിനെ തുടർന്നാണ് സൗദിയിൽ അടിയന്തരമായി ഇറക്കിയതെന്ന റിപ്പോർട്ടുകൾക്ക് സ്ഥിരീകരണം. വിമാനത്തിലുണ്ടായിരുന്ന ചില യാത്രക്കാരുടെ വസ്ത്രത്തിൽ രക്തം പുരണ്ടതിന്റെ ചിത്രങ്ങൾ പുറത്തുവന്നു.

To advertise here,

പൈലറ്റുമാരിൽ ഒരാൾ വിമാനം തകർക്കാൻ ശ്രമം നടത്തിയതായും സഹ പൈലറ്റ് യാത്രക്കാരുടെ സഹായത്തോടെ ഇത് തടഞ്ഞതായും ഉന്നത ഇസ്രയേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ചാനൽ 12 റിപ്പോർട്ട് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരായ പൈലറ്റുമാരുടെ സംഘമാണ് വിമാനം രക്ഷപ്പെടുത്തിയതെന്നും ചില ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഒരു വലിയ ദുരന്തമാണ് ഒഴിവായതെന്നാണ് മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ ചാനൽ 12-നോട് പറഞ്ഞത്. വിമാനം തകർക്കാൻ ശ്രമിച്ചെന്ന് പറയപ്പെടുന്ന പൈലറ്റിനെ ചോദ്യം ചെയ്ത് വരികയാണെന്നും പേര് വെളിപ്പെടുത്താത്ത ഇസ്രയേലി ഉദ്യോഗസ്ഥൻ അറിയിച്ചു.

180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഫ്‌ളൈദുബായ് വക്താവ് പിന്നീട് അറിയിച്ചു.

വിമാനം ഹൈജാക്ക് ചെയ്‌തെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ഇതേത്തുടർന്ന് ഇസ്രയേൽ യുദ്ധവിമാനങ്ങളെ വിന്യസിച്ചിരുന്നു. പിന്നീട് വിമാനത്തിലെ രണ്ട് പൈലറ്റുമാർ തമ്മിൽ അക്രമാസക്തമായ സംഘർഷമുണ്ടായതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയതെന്ന റിപ്പോർട്ടുകൾ വന്നു. പിന്നാലെയാണ് പൈലറ്റുമാരിൽ ഒരാൾ വിമാനം തകർക്കാൻ ശ്രമിച്ചതായ വിവരങ്ങൾ ഇസ്രയേലി ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്. വിമാനത്തിലേറെയും ഇസ്രയേലി പൗരന്മാരായിരുന്നു ഉണ്ടായിരുന്നത്.

ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. 'സംഭവം നിയന്ത്രണവിധേയമാണ്, ഇസ്രായേലി യാത്രക്കാരെ സുരക്ഷിതമായി ഇസ്രായേലിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള എല്ലാ നടപടികളും നിലവിൽ സ്വീകരിച്ചിട്ടുണ്ട്' നെതന്യാഹുവിന്റെ ഓഫീസ് എക്‌സിലൂടെ അറിയിച്ചു.