കാസർകോട്: മംഗളൂരു എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും അർഹമായ നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ എയർ ഇന്ത്യ മുഖംതിരിക്കുന്നതായി പരാതി. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസ് കോടതി ഓഗസ്റ്റ് 21 മുതൽ 23 വരെ നടക്കുന്ന പ്രത്യേക ലോക് അദാലത്തിലേക്ക് പരിഗണിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി കാസർകോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി തലത്തിൽ ജൂൺ 10-ന് പ്രീ ലോക് അദാലത്ത് അനുരഞ്ജന സിറ്റിങ് വെച്ചിരുന്നു. മംഗളൂരു എയർക്രാഷ് വിക്ടിംസ് ഫാമിലി അസോസിയേഷൻ പ്രതിനിധികൾ സിറ്റിങ്ങിനെത്തിയെങ്കിലും എയർ ഇന്ത്യ പ്രതിനിധികൾ എത്തിയില്ല. ഈ സാഹചര്യത്തിൽ സമ്മർദം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് അസോസിയേഷൻ.
ഇതിന്റെ ഭാഗമായി തുടർനടപടികൾ ചർച്ചചെയ്യാൻ ജൂൺ 27-ന് രാവിലെ 10-ന് പൊയിനാച്ചി രാജധാനി ഓഡിറ്റോറിയത്തിൽ വിമാനാപകട ദുരന്തബാധിതരുടെ കുടുംബങ്ങളുടെ അടിയന്തരയോഗം ചേരുമെന്ന് അസോസിയേഷൻ പ്രസിഡന്റ് നാരായണൻ കളിങ്ങോം അറിയിച്ചു. കേസ് കൈകാര്യം ചെയ്യുന്ന ആരിഫ് അസോസിയേറ്റ്‌സ് സീനിയർ അഭിഭാഷകരും യോഗത്തിനെത്തും. ദുരന്തത്തിൽ മരിച്ചവരുടെ ലഭ്യമായ എല്ലാ രേഖകളും മുമ്പ് ലഭിച്ച നഷ്ടപരിഹാരത്തിന്റെ തെളിവുകൾ, അന്നത്തെ ശമ്പളസർട്ടിഫിക്കറ്റ് എന്നിവയും കൊണ്ടുവരാൻ ശ്രദ്ധിക്കണം.
സുപ്രീം കോടതി നിർദേശിച്ച സമവായ ചർച്ചകളിൽനിന്ന് എയർ ഇന്ത്യ അധികൃതർ പൂർണമായി വിട്ടുനിൽക്കുകയാണെന്നും ചർച്ചയ്ക്ക് പ്രതിനിധികളെപ്പോലും അയക്കാതെ നീതിപീഠത്തെയും ഇരകളുടെ ആശ്രിതരെയും ഒരുപോലെ അപമാനിക്കുകയാണെന്നും നാരായണൻ കളിങ്ങോം കുറ്റപ്പെടുത്തി. എയർ ഇന്ത്യ മാനേജ്‌മെന്റിന്റെ ഈ അവഗണനയ്ക്കും നീതിനിഷേധത്തിനുമെതിരേ അസോസിയേഷൻ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2010 മേയ് 22-ന് പുലർച്ചെ ദുബായിൽനിന്ന് 166 യാത്രക്കാരുമായി വന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം മംഗളൂരു ബാജ്പെ വിമാനത്താവളത്തിലെ ടേബിൾ ടോപ്പ് റൺവേയിൽ ലാൻഡിങ്ങിനിടെ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പുലർച്ചെ 6.15-ന് നടന്ന അപകടത്തിൽ 152 യാത്രക്കാരും ആറ് ജീവനക്കാരുമുൾപ്പെടെ 158 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. എട്ടുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. മരിച്ച മലയാളികളിൽ കൂടുതലും കാസർകോട്ടുകാരാണ്. ആദ്യം ഹൈക്കോടതിയിൽ ഫയൽചെയ്ത കേസിൽ 2011 ജൂലായ് 20-ന് അനുകൂല വിധി ലഭിച്ചതാണ്. സിവിൽ വ്യോമയാനമന്ത്രിയും ഇത് അംഗീകരിച്ചതാണ്. എന്നാൽ വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതതിനാൽ അർഹമായ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല. ഇതേത്തുടർന്നാണ് സുപ്രീം കോടതിയെ സമീപിക്കേണ്ടിവന്നത്.
Content Highlights: Air India officials failed to attend the pre-Lok Adalat reconciliation sitting., Supreme Court has scheduled the compensation case for the August 21-23 Lok Adalat., Victims' families will hold an emergency meeting on June 27 at Poinachi Rajadhani Auditorium.
Published: 23 Jun 2026, 07:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented