സിര്‍സ: ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ദേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് പരോള്‍ ലഭിച്ച് വീണ്ടും ജയിലിന് പുറത്തിങ്ങി. 40 ദിവസത്തെ പരോളാണ് ഇത്തവണ. 2017-ല്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം 14-ാം തവണയാണ് ഗുര്‍മീതിന് പരോള്‍ ലഭിക്കുന്നത്. മൂന്ന് മാസം മുമ്പാണ് ഇതിന് മുമ്പ് പരോള്‍ ലഭിച്ചത്. 21 ദിവസം പരോളിലിറങ്ങി മടങ്ങിയെത്തിയ ശേഷമാണ് വീണ്ടും 40 ദിവസത്തെ പരോള്‍ അനുവദിച്ചിരിക്കുന്നത്. 

To advertise here,

രണ്ട് പേരെ ബലാത്സംഗം ചെയ്തതിന് 2017ലാണ് കോടതി 20 വര്‍ഷത്തെ തടവ് ശിക്ഷ ഗുര്‍മീതിന് നല്‍കിയത്. 2019-ല്‍, പത്രപ്രവര്‍ത്തകനായ രാം ചന്ദര്‍ ഛത്രപതിയുടെ കൊലപാതകത്തിനും ഗുര്‍മീതിനേയും മറ്റ് മൂന്ന് പേരേയും ശിക്ഷിച്ചിരുന്നു. 2002-ല്‍ തന്റെ മാനേജര്‍ രഞ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയ കേസില്‍ ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചെങ്കിലും 2024-ല്‍ അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി കുറ്റവിമുക്തനാക്കി.

ഈ വര്‍ഷം മാത്രം ഗുര്‍മീത് റാം റഹീമിന് മൂന്ന് തവണ പരോള്‍ ലഭിച്ചിട്ടുണ്ട്. ജനുവരില്‍ 20 ദിവസത്തേയും ഏപ്രലില്‍ 21 ദിവസത്തേയും പരോളിന് ശേഷമാണ് ഇപ്പോള്‍ 40 ദിവസത്തെ പരോളിന് പുറത്തിറങ്ങിയിരിക്കുന്നത്.

പഞ്ചാബ്-ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടങ്ങളിലും ഗുര്‍മീത് റാം റഹീമിന് പരോളുകള്‍ അനുവദിച്ചിരുന്നു. 2022-ല്‍ ഇയാള്‍ മൂന്ന് തവണ ജയിലില്‍ നിന്ന് പുറത്തിറങ്ങി - ആദ്യം ഫെബ്രുവരിയില്‍ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് 21 ദിവസത്തേക്ക്, പിന്നീട് ജൂണില്‍ ഹരിയാണയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഒരു മാസത്തേക്ക്, തുടര്‍ന്ന് ഒക്ടോബറില്‍ ഹരിയാണ ഉപതിരഞ്ഞെടുപ്പ് സമയത്ത് 40 ദിവസത്തേക്കും. അതിനുമുമ്പ്, 2020 ഒക്ടോബറില്‍ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍, ഇയാള്‍ 40 ദിവസത്തെ പരോളില്‍ പുറത്തിറങ്ങിയിരുന്നു.