ചണ്ഡിഗഢ്: ഹരിയാണയില്‍ നിയസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ, ബലാത്സംഗക്കേസ് കുറ്റവാളിയും ദേരാ സച്ചാ സൗദ തലവനുമായ ഗുര്‍മീത് റാം റഹിം സിങ്ങിന് പരോള്‍. 20 വര്‍ഷ ജയില്‍ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീതിന് 20 ദിവസത്തെ പരോളാണ് അനുവദിച്ചത്. ബുധനാഴ്ച രാവിലെ ജയിലില്‍നിന്ന് പുറത്തിറങ്ങിയേക്കും. 

To advertise here,

തിരഞ്ഞെടുപ്പ് കമ്മിഷനില്‍നിന്ന് അംഗീകാരം ലഭിച്ചതോടെ ഗുര്‍മീതിന് ഒരിക്കല്‍ക്കൂടി പരോള്‍ അനുവദിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷക്കാലയളവിനിടെ പത്താമത്തെ തവണയാണ് ഗുര്‍മീതിന് പരോള്‍ അനുവദിക്കുന്നത്. 20 ദിവസത്തെ പരോളാണ് ഗുര്‍മീത് ആവശ്യപ്പെട്ടിരുന്നതെന്നാണ് സൂചന. 


തിരഞ്ഞെടുപ്പുകാലത്ത് ഗുര്‍മീതിനെ ജയില്‍മോചിതനാക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കാരണമാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കയച്ച കത്തില്‍ ഹരിയാണ പ്രദേശ് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. ഗുര്‍മീത് സിങ് കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകന്റെ മകനും പരോളിനെതിരേ പ്രതികരിച്ചു. ഗുര്‍മീതിനെ ഈ സന്ദര്‍ഭത്തില്‍ പുറത്തുവിടുന്നത് ജനാധിപത്യമൂല്യങ്ങളേയും തിരഞ്ഞെടുപ്പ് നടത്തിപ്പിനേയും വിപരീതമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചാബിലും ഉത്തര്‍പ്രദേശിലും ഹരിയാണയിലും നിരവധി ആരാധകരുള്ള നേതാവാണ് ഗുര്‍മീത്. തപിതാവ് മഘാര്‍സിങ്ങിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ഗുര്‍മീത് പരോള്‍ ആവശ്യപ്പെട്ടത്. ഒക്ടോബര്‍ അഞ്ചിനാണ് മഘാര്‍ സിങ്ങിന്റെ ചരമദിനം. അന്ന് തന്നെയാണ് ഹരിയാണയില്‍ തിരഞ്ഞെടുപ്പും. പരോള്‍ ലഭിക്കുന്നപക്ഷം താന്‍ ഉത്തര്‍പ്രദേശിലെ ഭാഗ്പട്ടില്‍ തന്നെ തുടരുമെന്നാണ് ഗുര്‍മീത് അവകാശപ്പെടുന്നത്.