ന്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളെ പ്രതിരോധിച്ച് ബിജെപി. ഒരു പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കോൺഗ്രസും രാഹുൽ ഗാന്ധിയും തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് നിർഭാഗ്യകരമാണെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

To advertise here,

എസ്‌.ഐ.ആറുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ മൂന്ന് കമ്മീഷണർമാരുടെയും സാന്നിധ്യത്തിൽ ഐക്യകണ്ഠേനയാണ് കൈക്കൊണ്ടതെന്ന് കമ്മീഷൻ വ്യക്തമാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്‌.ഐ.ആർ. പ്രക്രിയ അനുയോജ്യമാണെന്ന് 2026 മേയ് 27-ന് സുപ്രീം കോടതി വിധിച്ചതാണ്. കോൺഗ്രസ്, സി.പി.എം, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികളാണ് ഈ പ്രക്രിയയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. 2025 ജൂൺ 24-നാണ് എസ്‌.ഐ.ആർ. എല്ലാ സംസ്ഥാനങ്ങളിലും ആരംഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ മറുപടി ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത പുനഃസ്ഥാപിക്കുന്നതാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു പ്രതികരിച്ചു. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരടങ്ങിയ കമ്മീഷനാണ് എസ്‌.ഐ.ആർ. തീരുമാനങ്ങൾ കൈക്കൊണ്ടതെന്ന് വ്യക്തമായതായി അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയിലുള്ള വിശ്വാസ്യത തകർക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങൾ നിർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.