ഗാന്ധിനഗര്‍: ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും തന്റെ ഭാഗ്യനമ്പറിന്റെ സാന്നിധ്യം ഉറപ്പാക്കുന്നവര്‍ ഏറെയുണ്ട്. പേരിലും വാഹനങ്ങളിലും തുടങ്ങി ജീവിതത്തിലെ, മറ്റുള്ളവര്‍ക്ക് നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങളില്‍ വരെ സംഖ്യകളുടെ ഇന്ദ്രജാലത്തില്‍ വിശ്വസിക്കുന്നവര്‍. അഹമ്മദാബാദ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ജീവിതത്തില്‍ 1206 എന്ന സംഖ്യക്ക് വളരെ പ്രാധാന്യമുണ്ടായിരുന്നു. 

To advertise here,

1206 ആണ് വിജയ് രൂപാണി തന്റെ ഭാഗ്യസംഖ്യയായി വിശ്വസിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. അദ്ദേഹത്തിന്റെ സ്‌കൂട്ടറുകളുടെയും കാറുകളുടെയും രജിസ്ട്രേഷന്‍ നമ്പര്‍ എല്ലാം 1206 ആണ്. ആ നമ്പറില്‍ വിജയ് രൂപാണിയ്ക്ക് അത്രയധികം വിശ്വാസമുണ്ടായിരുന്നു. അദ്ദേഹത്തിനത് ആത്മവിശ്വാസം പകര്‍ന്നിരുവെന്നുവേണം കരുതാന്‍. പക്ഷെ, അതേ അക്കങ്ങള്‍ ചാര്‍ത്തപ്പെട്ട ദിവസം വിജയ് രൂപാണിയുടെ ജീവിതത്തിലെ ഒടുവിലത്തെ ദിവസമായത് നിര്‍ഭാഗ്യകരം തന്നെ.  അവസാന യാത്രയിൽ അദ്ദേഹം ഇരുന്ന സീറ്റ് നമ്പർ പന്ത്രണ്ടായിരുന്നു എന്നത് യാദൃച്ഛികം.

അഹമ്മദാബാദില്‍ നിന്ന് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളിലാണ് ലണ്ടനിലേക്കുള്ള വിമാനം തകര്‍ന്നുവീണ് കത്തിയത്. ഭാര്യയേയും മകളേയും കാണാനുള്ള യാത്രയിലായിരുന്നു വിജയ് രൂപാണി. ലുധിയാന വെസ്റ്റിലെ ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് ജൂണ്‍ അഞ്ചില്‍നിന്ന് തന്റെ യാത്ര അദ്ദേഹം ജൂണ്‍ 12 ലേക്ക് മാറ്റിയതാണെന്ന് പഞ്ചാബ് ബിജെപി അധ്യക്ഷന്‍ സുനില്‍ ജാക്കര്‍ പറഞ്ഞു. ജൂണ്‍ അഞ്ചിന് ഭാര്യയ്ക്കൊപ്പം ലണ്ടനിലേക്ക് പോകേണ്ടിയിരുന്ന വിജയ് രൂപാണി താന്‍ 12നെത്തുമെന്ന് പറഞ്ഞാണ് ഭാര്യയെ യാത്രയാക്കിയത്. തന്റെ ഭര്‍ത്താവിനെ ഇനി ജീവനോടെ കാണാനാകില്ലെന്ന് ഭാര്യ അഞ്ജലിയും കരുതിയിട്ടുണ്ടാകില്ല. 

വലിയ നേതാവാണെങ്കിലും സാധാരണക്കാര്‍ക്കൊപ്പം അവരിലൊരാളായി പെരുമാറുന്ന വ്യക്തിയായിരുന്നു രൂപാണിയെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. ഏതു സമയത്തും എന്താവശ്യത്തിനായും അദ്ദേഹത്തെ സമീപിക്കാമായിരുന്നുവെന്ന് അയല്‍വാസികള്‍ ഓര്‍മ്മിക്കുന്നു. 1956 ഓഗസ്റ്റ് രണ്ടിന് മ്യാന്‍മറിലായിരുന്നു രൂപാണിയുടെ ജനനം. 1960ല്‍ മ്യാന്‍മറിലെ രാഷ്ട്രീയപ്രതിസന്ധികളെ തുടര്‍ന്ന് രാജ്കോട്ടിലേക്ക് അദ്ദേഹത്തിന്റെ കുടുംബം കുടിയേറുകയായിരുന്നു.