കാര്‍വാര്‍: കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്ത് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തി. സീഗള്‍ ഇനത്തില്‍പ്പെട്ട കടല്‍ക്കാക്കയെയാണ് കണ്ടെത്തിയത്. പക്ഷിയുടെ ശരീരത്തില്‍ ജിപിഎസ് ട്രാക്കിങ് ഉപകരണം കണ്ടെത്തിയത് പ്രദേശത്തെ താമസക്കാരിലും സുരക്ഷാ ഏജന്‍സികളിലും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച കാര്‍വാറിലെ രബീന്ദ്രനാഥ ടാഗോര്‍ ബീച്ചില്‍ കോസ്റ്റല്‍ മറൈന്‍ പോലീസ് സെല്ലാണ് കടല്‍ക്കാക്കയെ കണ്ടെത്തിയത്. ഇവര്‍ ഇതിനെ വനംവകുപ്പിന് കൈമാറി. ഇന്ത്യയിലെ ഏറ്റവും നിര്‍ണായകമായ നാവിക താവളങ്ങളിലൊന്നാണ് കാര്‍വാര്‍. പരിക്കേറ്റ പക്ഷിയെ പരിശോധിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ ശരീരത്തില്‍ ഒരു ജിപിഎസ് ട്രാക്കിങ് ഉപകരണം കണ്ടെത്തിയത്. ഉപകരണത്തില്‍ ഒരു ചെറിയ സോളാര്‍ പാനലുള്ള ഒരു ഇലക്ട്രോണിക് യൂണിറ്റ് ഉണ്ടായിരുന്നു. ട്രാക്കറില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ഇമെയില്‍ വിലാസവും പക്ഷിയെ കണ്ടെത്തുന്ന ആരെങ്കിലും നല്കിയ ഐഡിയുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിക്കുന്ന ഒരു സന്ദേശവും ഈ ഉപകരണത്തില്‍ ഉണ്ടായിരുന്നു.
കൂടുതല്‍ പരിശോധനയില്‍ ഇമെയില്‍ വിലാസം ചൈനീസ് അക്കാദമി ഓഫ് സയന്‍സസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പോലീസ് പറഞ്ഞു. റിസര്‍ച്ച് സെന്റര്‍ ഫോര്‍ ഇക്കോ-എന്‍വയോണ്‍മെന്റല്‍ സയന്‍സസ് എന്നാണ് ഉപകരണത്തിനു മുകളില്‍ കൊടുത്തിരിക്കുന്നത്. കൂടുതല്‍ വ്യക്തതയ്ക്കായി അധികൃതര്‍ ഈ ഇമെയില്‍ ഐഡിയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്.
പക്ഷികളുടെ ദേശാടന രീതികള്‍ പഠിക്കുന്നതിനുള്ള ഒരു ശാസ്ത്രീയ ഗവേഷണ പദ്ധതിയുടെ ഭാഗമാണോ പരിക്കേറ്റ പക്ഷിയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉത്തര കാനറ പോലീസ് സൂപ്രണ്ട് ദീപന് എംഎന്‍ പറഞ്ഞു.
Content Highlights: A migratory bird fitted with a GPS tracker from a Chinese institute was found injured near Karwar Naval Base in Karnataka, raising concerns.
Published: 18 Dec 2025, 10:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented